കെനിയ - ടാൻസാനിയ ഡയറി
ഭാഗം 1 : ആഫ്രിക്കയിലെ ആദ്യ
രാത്രി
നാട്ടിലേക്കൊന്ന് പോയി വന്നാലോ എന്ന് ചിന്തിച്ച് ഓഫർ ടിക്കറ്റും നോക്കി ഗൂഗിളിൽ ഫ്ലൈറ്റ് സെർച്ച് ചെയ്യുന്നതിനിടയിലാണ്, എയർ അറേബ്യയുടെ നെയ്റോബിയയിലേക്കുള്ള ഓഫർ ശ്രദ്ധയിൽപ്പെട്ടത്.
എന്റെ ജോലിസ്ഥലമായ ബഹ്റൈനിൽ നിന്നും നെയ്റോബിയയിലേക്ക് ഷാർജ വഴി റിട്ടേൺ ടിക്കറ്റ് വെറും 83 ദിനാറിന് (ഏകദേശം 15000 രൂപയ്ക്ക്). കൂടാതെ ഇതിന് മുൻപ് ഒരുപാട് തവണ എയർ അറേബ്യയിൽ യാത്ര ചെയ്തതിന് 25 ദിനാറോളം എയർ റിവാർഡ് പോയൻറ് വഴി ഓഫറും.
സന്തോഷപൂർവ്വം ടിക്കറ്റും എടുത്ത്, ഓൺലൈനിൽ 51 യുഎസ് ഡോളർ പേ ചെയ്ത് ഇ-വിസയ്ക്കും അപേക്ഷിച്ചു. ഇന്ത്യക്കാർക്ക് 50 യുഎസ് ഡോളർന് ഓൺ അറൈവൽ വിസ ലഭിക്കുമെങ്കിലും ഇ-വിസയെടുക്കന്നതാതായിരിക്കും തടസ്സ രഹിത യാത്രയ്ക്ക് കൂടുതൽ നല്ലത്.
യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളൊക്കെ പൂർത്തിയായി വന്നപ്പോഴാണ്, കെനിയയിലേക്ക് Yellow Fever Vaccination Certificate നിർബന്ധമാണ് എന്നറിയുന്നത്. ഇത്തിരി ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും ഒടുവിൽ ബഹ്റൈനിൽ നിന്ന് തന്നെ വാക്സിനേഷനും സർട്ടിഫിക്കറ്റും തരപ്പെടുത്തി.
പതിനഞ്ച് ദിവസത്തെ
കെനിയൻ യാത്രയ്ക്ക് വേണ്ടിയുള്ള ബാക്പായ്ക്കും കൊണ്ട് പറന്നുയർന്നു. ഇതിനിടയിൽ കെനിയക്ക്
തൊട്ടടുത്തായുള്ള ടാൻസാനിയയിലേയ്ക്ക് കെനിയയിൽ നിന്നും എളുപ്പത്തിൽ റോഡ് മാർഗം പോയി
വരാം എന്നറിഞ്ഞതിനാൽ, 50 യുഎസ് ഡോളർ കൊടുത്ത്
ടാൻസാനിയൻ ഇ-വിസ കൂടി കൈയ്യിൽ കരുതിയിരുന്നു.
ഷെഡ്യൂൾ പ്രകാരം കൃത്യം വൈകീട്ട് 06:40ന് ബഹ്റൈനിൽ നിന്നും പറന്നുയർന്ന എയർ അറേബ്യ ഒരുമണിക്കൂർ ശേഷം ഷാർജയിൽ ലാൻഡ് ചെയ്തതു മുതലാണ്, ഈ യാത്രയിലെ ഏറ്റവും പ്രയാസം നേരിടേണ്ടി വരുമെന്ന് മുൻകൂട്ടി കണ്ട, 11 മണിക്കൂർ ട്രാൻസിറ്റ് തുടങ്ങുന്നത്. എയർപോർട്ട് ഫുഡ്കോർട്ടിൽ നിന്നും ഡിന്നറും കഴിച്ച് മൊബൈലിൽ കളിച്ച് നേരം വെളുപ്പിക്കാമെന്ന വ്യാമോഹത്തെ ഉറക്കം ഒരു തരത്തിലും അനുവദിക്കില്ല എന്ന് കണ്ടപ്പോൾ, നേരെ എയർപ്പോർട്ടിനുള്ളിലെ ട്രാൻസിറ്റ് ഹോട്ടലിൽ ചെന്ന് ആറ് മണിക്കൂറിനേക്ക് ഡോർമിറ്ററിയെടുത്ത് സുഖമായി കിടന്നുറങ്ങി.
പലതവണ ഷാർജ എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിരങ്ങിയിട്ടുണ്ടെങ്കിലും അവിടെ ഒരു ട്രാൻസിറ്റ് ഹോട്ടലുള്ളതായി അറിയില്ലായിരുന്നു. പിറ്റേന്ന് രാവിലെ ഹോട്ടലിൽ നിന്ന് തന്നെ കുളിച്ച് ഫ്രഷായി ഫുഡ് കോർട്ടിൽ ചെന്ന് ബ്രെയ്ക്ക്ഫാസ്റ്റും കഴിച്ച്, ഒൻപത് മണിയോട് കൂടി നെയ്റൊബി ലക്ഷ്യമാക്കി പറന്നുയർന്നു.
ആഫ്രിക്കയെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ച അനുഭവമായിരുന്നു ഫ്ലൈറ്റിൽ നിന്നും പുറത്തിറങ്ങിയപ്പോൾ. നല്ല ചൂട് കാലാവസ്ഥ പ്രതീക്ഷിച്ചു ബാക്പാക്ക് മുഴുവനും ടീ ഷർട്ടുകളും മറ്റും കുത്തിനിറച്ച എന്നെ വരവേറ്റത്, നല്ല കിടു തണുപ്പും കാറ്റും. ഉച്ചയ്ക്ക് ഒരു മണിക്ക് ഇതാണ് അവസ്ഥയെങ്കിൽ രാത്രി പറയാനുണ്ടോ? ശേഷം സ്ക്രീനിൽ എന്ന ഭാവത്തിൽ, ലളിതമായ ഇമിഗ്രേഷൻ നടപടികളും കഴിഞ്ഞു എയർപോർട്ടിനകത്ത് നിന്ന് തന്നെ ഒരു സിം കാർഡും തരപ്പെടുത്തി.
വലിയ പ്ലാനിംഗില്ലാതെ വന്നത് ചെറിയ ആശങ്ക ഉളവാക്കിയെങ്കിലും, മുഖത്ത് അതൊന്നും കാണിക്കാതെ booking.com വഴി ബുക്ക് ചെയ്ത JKIA B&B എന്ന ഹോംസ്റ്റേ ലക്ഷ്യമാക്കി യൂബറിൽ യാത്ര തുടർന്നു. കെനിയയുടെ ബീച്ച് ടൂറിസ്റ്റ് ഹബ്ബും രണ്ടാമത്തെ വലിയ സിറ്റിയുമായ മൊംബാസയിലേക്ക് രണ്ട് ദിവസം കഴിഞ്ഞ് ട്രെയിനിൽ യാത്ര ചെയ്യണമെന്ന പ്ലാനുള്ളതിനാലാണ് സിറ്റിയുടെ ഹൃദയഭാഗത്ത് റൂം ബുക്ക് ചെയ്യാതെ നെയ്റോബി SGR റയിൽവേ സ്റ്റേഷന് തൊട്ടടുത്തായുള്ള ഗേറ്റ് വേ മാളിന് പിറകിലായി റൂം ബുക്ക് ചെയ്തത്.
ഏകദേശം പത്ത് മിനിറ്റ് കൊണ്ട് എയർപോർട്ടിൽ നിന്നും ഗേറ്റ് വേ മാൾ (5 കിലോമീറ്റർ) ഓടിയെത്തിയെങ്കിലും ഗേറ്റ് വേ മാളിന് പിറകിലായി സ്ഥിതി ചെയ്യുന്ന ഹോംസ്റ്റേയിലേക്കുള്ള ഒന്നര കിലോമീറ്റർ യാത്ര വളരെ ദുഷ്കരമായിരുന്നു. ചളിയും കുണ്ടുംകുഴിയും നിറഞ്ഞ റോഡിന് ഇരുവശങ്ങളിലുമായി പഴവർഗ്ഗങ്ങളും മറ്റും വിൽക്കുന്ന സ്ത്രീകളുടെ നീണ്ട നിര ഒഴിച്ചാൽ, തികച്ചും വിജനമായ റോഡ്. നാട്ടിലെ മിലിട്ടറി ക്യാമ്പുകളെ ഓർമ്മിക്കും വിധം വൻ സുരക്ഷാ സംവിധാനങ്ങളോട് കൂടിയ രണ്ട് മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങൾക്കരികിലൂടെ അങ്ങനെ ഹോം സ്റ്റേ ലക്ഷ്യമാക്കി യാത്ര തുടർന്നു കൊണ്ടിരുന്നു. ബോഡോ ബോഡോ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ബൈക്ക് ടാക്സികൾ മാത്രമാണ് ഈ റൂട്ടിൽ ഓട്ടം വിളിച്ചാൽ വരാറുള്ളൂ എന്ന് പിന്നീടാണ് മനസ്സിലായത്.
നാട്ടിലെ ജയിലുകളെ ഓർമ്മിപ്പിക്കും വിധമുള്ള വലിയൊരു ഗേറ്റ് കടന്ന് വേണം ഹോസ്റ്റേയിലേക്ക് പ്രവേശിക്കാൻ. കവർച്ചകളെ പ്രതിരോധിക്കാനിയിരിക്കണം, മിക്ക വീടുകളുടെയും എല്ലാ വാതിലുകൾക്കും ജനലുകൾക്കും പുറത്തായി ഗ്രിൽസുകളും കാണാം. സാമുവൽ, എറിക്ക് എന്ന രണ്ട് യുവാക്കൾ മൂന്ന് മാസം മുൻപ് തുടങ്ങിയതാണ് ഈ ഹോംസ്റ്റേ. ബുക്കിംഗ്.കോമിൽ 8.5 റിവ്യൂ ലഭിക്കാൻ പ്രധാന കാരണം തന്നെ, കസ്റ്റമേഴ്സിനോടുള്ള ഇവരുടെ പെരുമാറ്റം ഒന്ന് കൊണ്ട് മാത്രമാണ്. റൂമിൽ ചെക്ക് ഇൻ ചെയ്ത് കുറച്ച് വിശ്രമിച്ചതിനു ശേഷം, ഡിന്നറിന് ഉഗാലിയെന്ന തനി കെനിയൻ വിഭവത്തിന് ഓർഡറും ചെയ്ത്, ഹോംസ്റ്റേയും പരിസരവും ചുറ്റിക്കാണാൻ ഇറങ്ങി.
ഇരുട്ട് വീണ് തുടങ്ങിയാൽ കുറ്റകൃത്യങ്ങളുടെ പറുദ്ദീസയായി മാറും നെയ്റോബിയെന്ന ഈ വലിയ ആഫ്രിക്കൻ നഗരം എന്ന് പലരും പറഞ്ഞ് കേട്ടത് കൊണ്ടായിരിക്കണം, അധികം തനിച്ച് കറങ്ങി നടക്കാൻ മനസ്സ് അനുവദിക്കാതിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവരെയും, നിശാക്ലബ്ബുകളിലേക്കും മറ്റും പോകുന്നവരെ വഹിച്ചുകൊണ്ടുള്ള ബോഡോ ബോഡോകളെയും കൊണ്ട് നൈറ്റ് ലൈഫ് സജീവമായി കൊണ്ടിരിക്കുന്നതേയുള്ളു. നേരത്തെ കണ്ട തെരുവോര കച്ചവടക്കാരെല്ലാം ഇരുട്ടിയതോട് കൂടി കടകളടച്ച് സ്ഥലം വിട്ടിരിക്കുന്നു. ഇടയ്ക്കിടെ ചളിയും തെറിപ്പിച്ചു പോകുന്ന വാഹനങ്ങൾ ഒഴിച്ചാൽ എങ്ങും ശൂന്യത മാത്രം.
പ്ലാൻ ചെയ്ത പ്രകാരം രാവിലെ എഴുന്നേറ്റ് നൈറോബി സിറ്റി ചുറ്റിക്കറങ്ങേണ്ടതിനാൽ നേരെ റൂമിൽ ചെന്ന് ഉഗാലിയും കഴിച്ച് നേരെ കിടന്നുറങ്ങി...... ആഫ്രിക്കയിലെ ആദ്യ രാത്രി
{തുടരും}





Comments
Post a Comment