ചിദംബര കാഴ്ച്ചകൾ


ചിദംബരം - പേരിൽതന്നെ കലയും കാൽപനികതയും തുളുമ്പുന്ന പുണ്യദേശം. നൃത്തവും സംഗീതവും സാഹിത്യവും പരിപോഷിപ്പിക്കപ്പെട്ട, അതൊക്കെ ഉദാത്തമായി ഉപാസിച്ച ചോള-പാണ്ഡ്യ സംസ്കൃതിയുടെ സുവർണ്ണ സ്മരണകൾ സഞ്ചാരിയിൽ ഉണർത്തുന്ന ചരിത്രഭൂമി.

നിറഞ്ഞ കാഴ്ചകളുടെ സൗന്ദര്യവും സൗഭാഗ്യവും അനുഭവിക്കണമെങ്കിൽ ട്രെയിനിൽതന്നെ പോവുക.

ട്രിച്ചിയിൽനിന്നും (തിരുച്ചിറപ്പള്ളി/തൃശ്ശിനാപ്പള്ളി) യാത്ര തുടങ്ങാം. ട്രിച്ചി-ചിദംബരം 158 കി.മി ദൂരം 3 മണിക്കൂറിനകം എത്തിച്ചേരാം. തമിഴ്നാട്ടിലെ അതിമനോഹരമായ ട്രെയിൻ റൂട്ടുകളിലൊന്നാണ് ട്രിച്ചി-ചിദംബരം-ചെന്നൈ എഗ്മോർ റെയിൽപാത. കടന്നുപോവുന്ന വഴിയിൽ നാം കാണുന്ന ദേശങ്ങളും അവയുടെ മഹത്വവും പാതയിലെ ആകർഷകഘടകങ്ങളാണ്. തഞ്ചാവൂർ-പാപനാശം-കുംഭകോണം-ആടുതുറൈ-മയിലാടുതുറൈ-വൈദീശ്വരൻകോവിൽ-ശീർകാഴി...എല്ലാം കാണേണ്ട ഇടങ്ങൾ. അറിയേണ്ട ദേശങ്ങൾ. അതിശയിപ്പിക്കുന്ന പ്രകൃതിഭംഗിയ്ക്കു പുറമേയുള്ള സൗഭാഗ്യങ്ങളാണിതെല്ലാം. വിൻഡോ സീറ്റ് തരപ്പെട്ടാൽ എല്ലാം കൺകുളിർകെ ആസ്വദിക്കാം, ക്യാമറയിൽ ഒപ്പിയെടുക്കാം. സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷൻ പോണ്ടിച്ചേരി രണ്ടുമണിക്കൂറിനകം പിടിക്കാം. ദൂരം 65 km. റോഡ് മാർഗ്ഗം പോവുന്നതാണ് എളുപ്പം.

ബംഗാൾ ഉൾക്കടലിനു സമീപം കടലൂർ (കടലിനു സമീപമുള്ള ഊര് എന്നാണ് അർഥം) (Cuddalore) ജില്ലയിലാണ് ചിദംബരം. ഇവിടെ സ്ഥിതി ചെയ്യുന്ന തില്ലൈ നടരാജ ക്ഷേത്രം കാണുവാനാണ് സഞ്ചാരികൾ മുഖ്യമായും വരാറുള്ളത്. പക്ഷെ അറിയുക, അതുക്കുംമേലെയുള്ള കാഴ്ചകളാണ് ചിദംബരം ഒരുക്കുന്നത്. മനോഹരമായ കടൽ തീരങ്ങൾ, നദികൾ, കായലുകൾ, കനാലുകൾ, പച്ചവിരിച്ചു കിടക്കുന്ന കണ്ടൽക്കാടുകൾ (പിച്ചാവാരം Pitchavaram)....എല്ലാം ഒന്നിനൊന്ന് വേറിട്ട അനുഭവങ്ങളാണ്.

 അണ്ണാമലൈസർവകലാശാലയുടെ ആസ്ഥാനമായതിനാൽ പഠിപ്പിസ്റ്റുകളുടെയും ഇഷ്ടദേശമാവുന്നു ചിദംബരം. "കേരളാവിലിറുക്കും എവളോ പസങ്കൾ ഇങ്കെയ് വന്ത്എത്തനെയോ ഡിഗ്രിയും പീജിയും സാമ്പാദിച്ചിരുക്കാങ്കെ...". ഇതു വായിക്കുന്ന നിങ്ങളും ഒരുപക്ഷെ...😆

ചിദംബര കാഴ്ചകളിലൂടെ പ്രദക്ഷിണം നടത്തുമ്പോൾ നാം കാണുന്നു...

ഇടുങ്ങിയ തെരുവുകൾ...നാദസ്വര കച്ചേരികളാൽ ശബ്ദമുഖരിതമാവുന്ന തെരുവോരങ്ങൾ...മുല്ല പൂക്കളും ജമന്തി മാലയും വിൽക്കുന്ന അക്കമാർ...വർണ്ണവിസ്മയങ്ങളുടെ സിന്ദൂരചെപ്പുകൾ നിറച്ചുവെച്ചിരിക്കുന്ന ചെമ്പു/വെള്ളി താലങ്ങൾ...ആവി പറക്കുന്ന ഇഡ്ഡലിയും വടയും ദോശയുമായി വഴിയോര ടീ കടൈ...കുറഞ്ഞ വിലയിൽ അവർ വിളമ്പുന്നത് രുചികരമായ തമിഴ്നാട് 'യൂണിക്ക് ടിഫിനു'കളാണ്. ഒരു രക്ഷയുമില്ല!

ചിദംബരം ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ നടരാജ ഭഗവാന്റെതാണ്. ഇവിടെകാണാനാവുന്നത്    ശിവലിംഗമല്ല, ആനന്ദ താണ്ഡവമാടുന്ന (Dance of Joy)

നടരാജന്റെതാണ്. ഭാരതനാട്യത്തിന്റെ ഒരു ക്ലാസിക്കൽ ഭാവം. ശിവന്റെ മറ്റൊരു രൂപം. ഭഗവാൻ വിഷ്ണുവിന്റെയും പ്രതിഷ്ഠ ഇവിടെയുണ്ട്.

ദക്ഷിണ ഭാരതത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് ചിദംബരംനടരാജക്ഷേത്രം. പോയ കാലത്തിന്റെ വാസ്തുവിദ്യാ വൈഭവത്തിനു മുന്നിൽ തല കുനിച്ചു പോവുന്ന അതിശയനിർമ്മിതികളാണ് അമ്പലനഗരിയിൽ നാം കാണുന്ന ഓരോ ക്ഷേത്രങ്ങളും ശിൽപ്പങ്ങളും. സഞ്ചാരിയെ മയക്കുന്ന മാസ്മരികത ചിദംബര ദർശനത്തിൽ അനുഭവവേദ്യം. പഴമയും പൈതൃകവും പുണർന്നു കിടക്കുന്ന ചിദംബരം നിങ്ങളുടെ സഞ്ചാര സ്മൃതികളിലെ തിളങ്ങുന്ന ഒരു അദ്ധ്യായമായിരിക്കും. സത്യം...ശിവം...സുന്ദരം.

സുനിൽ കുന്നോത്ത്

Comments

Popular posts from this blog

കെനിയ - ടാൻസാനിയ ഡയറി

ദി ഇൻഫേമസ് മലാന