ലേപാക്ഷി ക്ഷേത്രം
ശിവലിംഗത്തെ ചുറ്റിപിണഞ്ഞു കിടക്കുന്ന എഴുതലയുള്ള ദിവ്യ സർപ്പവും, ഭീമാകാരമായ നന്ദികേശ പ്രതിമയും, ചിറകുവിരിച്ച് നിൽക്കുന്ന ജടായുവും, നിലം തൊടാതെ നിൽക്കുന്ന തൂണും ഏതൊരു ചരിത്രാന്വേഷിയേയും യാത്രാപ്രേമിയെയും ഒരുപോലെ ലേപാക്ഷിയിലേക്ക് ആകർഷിക്കുന്ന കാഴ്ച്ചകളാണ്. ആന്ധ്രാപ്രദേശിലെ ഹിന്ദുപൂർ സിറ്റിയിൽ നിന്ന് 15 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്ന് ഏകദേശം 130 കിലോമീറ്ററും അകലെയാണ് ലേപാക്ഷി എന്ന ചെറിയ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വീരഭദ്ര ക്ഷേത്രമാണ് ലേപാക്ഷിയിലെ പ്രധാന ആകർഷണം. രാമായണത്തിൽ ഈ നഗരത്തിന് വളരെയധികം പ്രധാന്യം നൽകുന്നു എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. രാവണന് സീതയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് തടയാന് ചെന്ന ജടായുവിനെ രാവണൻ വെട്ടിവീഴ്ത്തുന്നു. ഇപ്പോള് ക്ഷേത്രമിരിക്കുന്ന സ്ഥലത്താണ് ജടായു വീണതെന്നാണ് ഇവരുടെ വിശ്വാസം. സീതയെ അന്വേഷിച്ചെത്തിയ രാമനെ കാര്യങ്ങൾ ധരിപ്പിക്കുമ്പോൾ ജടായുവിനെ നോക്കി രാമൻ സ്നേഹത്തോടെ ലേ- പക്ഷി എന്നു വിളിച്ചുവെന്നാണ് പറയപ്പെടുന്നത്. തെലുങ്കിൽ 'എഴുന്നേല്ക്കൂ പക്ഷി ' എന്നാണ് ഇതിനർത്ഥം. അങ്ങനെയാണ് ലേപാക്ഷിക്ക് ഈ പേര് ലഭിച്ചതെന്ന് ഒരു വിശ്വാസം. ...