ലേപാക്ഷി ക്ഷേത്രം
ശിവലിംഗത്തെ ചുറ്റിപിണഞ്ഞു
കിടക്കുന്ന എഴുതലയുള്ള ദിവ്യ സർപ്പവും, ഭീമാകാരമായ നന്ദികേശ പ്രതിമയും, ചിറകുവിരിച്ച്
നിൽക്കുന്ന ജടായുവും, നിലം തൊടാതെ നിൽക്കുന്ന തൂണും ഏതൊരു ചരിത്രാന്വേഷിയേയും യാത്രാപ്രേമിയെയും ഒരുപോലെ ലേപാക്ഷിയിലേക്ക് ആകർഷിക്കുന്ന
കാഴ്ച്ചകളാണ്.
ആന്ധ്രാപ്രദേശിലെ ഹിന്ദുപൂർ സിറ്റിയിൽ നിന്ന് 15 കിലോമീറ്ററും ബാംഗ്ലൂരിൽ നിന്ന് ഏകദേശം 130 കിലോമീറ്ററും അകലെയാണ് ലേപാക്ഷി എന്ന ചെറിയ ഗ്രാമം സ്ഥിതി ചെയ്യുന്നത്. വീരഭദ്ര ക്ഷേത്രമാണ് ലേപാക്ഷിയിലെ പ്രധാന ആകർഷണം.
രാമായണത്തിൽ ഈ നഗരത്തിന് വളരെയധികം പ്രധാന്യം നൽകുന്നു എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. രാവണന് സീതയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് തടയാന് ചെന്ന ജടായുവിനെ രാവണൻ വെട്ടിവീഴ്ത്തുന്നു. ഇപ്പോള് ക്ഷേത്രമിരിക്കുന്ന സ്ഥലത്താണ് ജടായു വീണതെന്നാണ് ഇവരുടെ വിശ്വാസം. സീതയെ അന്വേഷിച്ചെത്തിയ രാമനെ കാര്യങ്ങൾ ധരിപ്പിക്കുമ്പോൾ ജടായുവിനെ നോക്കി രാമൻ സ്നേഹത്തോടെ ലേ- പക്ഷി എന്നു വിളിച്ചുവെന്നാണ് പറയപ്പെടുന്നത്. തെലുങ്കിൽ 'എഴുന്നേല്ക്കൂ പക്ഷി '
എന്നാണ് ഇതിനർത്ഥം.
അങ്ങനെയാണ് ലേപാക്ഷിക്ക് ഈ പേര് ലഭിച്ചതെന്ന് ഒരു വിശ്വാസം.
പതിനാറാം നൂറ്റാണ്ടിൽ (1530 B.C) പണികഴിപ്പിച്ച ക്ഷേത്രം വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. ശിവന്റെ അവതാരമായ വീരഭദ്രനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.
മഹാഭാരതത്തിലെയും
രാമായണത്തിലെയും പുരാണ കഥകൾ ചിത്രീകരിക്കുന്ന കൊത്തുപണികൾ വിജയനഗര കാലഘട്ടത്തിലെ അതിശയകരമായ
കലാസൃഷ്ടിയുടെ തെളിവാണ്. ക്ഷേത്രത്തിന്റെ ചുമരുകളിലും തൂണുകളിലും വിവിധ ദേവതകളുടെയും
ദേവന്മാരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
ഭീമാകാരമായ ഒരു നന്ദികേശ പ്രതിമ ഇവിടെയുണ്ട്. ഒറ്റകല്ലിൽ നിർമ്മിച്ച പ്രതിമയ്ക്ക് പത്ത് മീറ്റർ നീളവും ആറ് മീറ്റർ ഉയരവുമുണ്ട്. ഈ മോണോലിത്തിക്ക് ശിൽപ്പം ഇന്ത്യയിലെ ഏറ്റവും വലിയ നന്ദികേശ പ്രതിമകളിൽ ഒന്നാണ്. പ്രതിമയിലെ ആഭരണങ്ങളും മണികളും മിനുസമാർന്ന രൂപരേഖകളും വളരെ ഭംഗിയായി ആണ് കൊത്തി വെച്ചിട്ടുള്ളത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ദേശീയ പ്രാധാന്യമുള്ള ഒരു സ്മാരകമായി വീരഭദ്ര ക്ഷേത്രത്തെയും, ക്ഷേത്രത്തിന് ഇരുനൂറ് മീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന നന്ദികേശ പ്രതിമയെയും തിരഞ്ഞെടുത്തിട്ടുണ്ട്. ക്ഷേത്രത്തെ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്താനുള്ള സജീവ പ്രവർത്തനങ്ങളും സർക്കാർ നടത്തുന്നുണ്ട്.
വിജയനഗര സാമ്രാജ്യത്തിനു മുമ്പുതന്നെ കേന്ദ്ര ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. ക്ഷേത്രത്തെ നിലവിലെ രീതിയിൽ വിപുലീകരിച്ചത് വിരുപണ്ണ നായകയും വീരണ്ണയും എന്ന രണ്ട് സഹോദരങ്ങളാണ്. അച്യുതരായ രാജാവിന്റെ ഭരണകാലത്ത് ഗവർണർമാരായിരുന്നു ഈ രണ്ടു സഹോദരന്മാർ.
വിജയനഗര ശൈലിയിലുള്ള കൊത്തുപണികളും ചിത്രങ്ങളും ക്ഷേത്രത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തും നമുക്ക് കാണാൻ കഴിയും.
രാമായണം, മഹാഭാരതം, പുരാണങ്ങൾ എന്നിവയിലെ പല രംഗങ്ങളും ഇതിഹാസ കഥാപാത്രങ്ങളുടെ മനോഹരമായ കൊത്തുപണികളാലും ക്ഷേത്രത്തിന്റെ ഇടനാഴികൾ സമൃദ്ധമാണ്.
സീതാദേവിയുടെ കാലടികൾ എന്ന് വിശ്വസിക്കുന്ന വലിയൊരു കാൽപ്പാട് ഇവിടെ കാണാം. അതിൽ എപ്പോഴും കുറച്ച് വെള്ളം ഉണ്ടായിരിക്കും. ആ വെള്ളത്തിന്റ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് പറയപ്പെടുന്നു.
ഇവിടെ പണിതീരാത്ത ഒരു കല്യാണ മണ്ഡപമുണ്ട്. ശിവന്റെയും പാർവതി ദേവിയുടെയും വിവാഹത്തിന്റെ ആഘോഷത്തിനായി കല്യാണ മണ്ഡപം നിർമ്മിക്കപ്പെട്ടു എന്നാണ് വിശ്വാസം. അതിഥികളെ സ്വാഗതം ചെയ്യുന്നതിനായി പ്രവേശന കവാടത്തിൽ കാത്തു നിൽക്കുന്ന ഹൃഷിമാരുടെ രൂപങ്ങൾ നമുക്ക് കാണാം.
തൂണുകളിൽ നൃത്ത രാജ്ഞിയായ
രംഭയുടെ നൃത്തം വീക്ഷിക്കുന്ന മറ്റ് ദേവഗണങ്ങളുടെ മനോഹരമായ കൊത്തുപണികളും നമുക്ക് കാണാൻ
സാധിക്കും.
കല്യാണമണ്ഡപം പൂർത്തിയാക്കാൻ കഴിയാതിരുന്നത് ആവശ്യത്തിനുള്ള ഫണ്ട് ലഭിക്കാതിരുന്നത് കൊണ്ടാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിന് പിന്നിലും ചില കഥകൾ ഉണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. ഓരോ കാഴ്ച്ചകൾക്കും ഓരോരോ കഥകൾ പറയുവാനുണ്ട്. എല്ലാം ഓരോ വിശ്വാസങ്ങളാണ്.
പാറയിൽ കൊത്തിയെടുത്ത ആറടിയോളം ഉയരമുള്ള ഗണപതിയുടെ ഒരു വലിയ വിഗ്രഹം ഇവിടെയുണ്ട്. വീരഭദ്രനെ ആരാധിക്കുന്നതിന് മുമ്പ് ഗണപതിയുടെ അനുഗ്രഹം തേടാൻ ഭക്തർ ആദ്യം ഇവിടം സന്ദർശിക്കേണ്ടതുണ്ട്.
ഇനിയുള്ള കാഴ്ച്ചയാണ് എന്നെ ഈ ക്ഷേത്രത്തിലേക്ക് ഏറെ ആകർഷിച്ചത്. ആരെയും ഒറ്റനോട്ടത്തിൽ ഞെട്ടിക്കുന്ന കലാസൃഷ്ടി. ഭീമാകാരമായ വലിയ പാറയിൽ നിന്നും പിറവിയെടുത്ത
ശിൽപ്പകലാ വൈദഗ്ധ്യത്തെ
അത്ഭുതത്തോടെ അല്ലാതെ നമുക്ക് നോക്കി കാണാൻ കഴിയില്ല.
ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വലിയ ഒരു കരിങ്കല്ലിൽ തീർത്ത ഏഴ് തലകളുള്ള സർപ്പത്തിന്റെ രൂപമാണ് അത്. മൂന്ന് വലയങ്ങളായി ശിവലിംഗത്തെ ചുറ്റിപിണഞ്ഞ് സംരക്ഷിച്ചു നിൽക്കുന്ന രൂപത്തിലാണ് ശിൽപ്പത്തിന്റെ കൊത്തുപണികൾ ചെയ്തിരിക്കുന്നത്. ഒറ്റക്കല്ലിൽ പണികഴിച്ച ഇന്ത്യയിലെ ഏറ്റവും വലിയ നാഗലിംഗമാണ് ലേപാക്ഷിയിലേത്.
ക്ഷേത്രത്തിന്റെ മറ്റൊരു
സവിശേഷതകളിൽ ഒന്നാണ് ക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ 72 തൂണുകൾ ഉപയോഗിച്ചിരിക്കുന്നു
എന്നുള്ളത്. 72 തൂണുകളിൽ ഒരു തൂൺ നിലത്തു നിന്ന്
ചെറുതായി ഉയർന്നാണ് നിൽക്കുന്നത്. 'ഹാങ്ങിങ് പില്ലർ' എന്നറിയപ്പെടുന്ന ഈ അത്ഭുതം ലോകമെമ്പാടുമുള്ള
വിനോദ സഞ്ചാരികളെ ലേപാക്ഷിയിലേക്ക് ആകർഷിക്കുന്നു.
വാസ്തുവിദ്യയിൽ ആശ്ചര്യപ്പെട്ട ഹാമിൽട്ടൺ എന്ന ബ്രിട്ടീഷുകാരൻ ഹാങ്ങിങ് പില്ലറിന്റെ രഹസ്യം എന്തെന്ന് അന്വേഷിക്കാൻ തൂണിന്നെ ഉയർത്താൻ ശ്രമിക്കുകയും തൽഫലമായി മേൽക്കൂര ഇടിഞ്ഞു വീഴുന്ന പോലെ വലിയ ശബ്ദം കേൾക്കുകയും ഉണ്ടായി. ഇത് തൂണിന്റെ സ്ഥാനചലനത്തിന് കാരണമായി. ക്ഷേത്രം തകർന്നുവീഴുമെന്ന് ഭയന്ന് അന്വേഷണം അവർ അവിടെ ഉപേക്ഷിക്കുകയാണ് ഉണ്ടായത്.
വലിയ തിരക്കുകൾ ഒന്നുമില്ലാത്ത ഒരു ചെറിയ ഗ്രാമമാണ് ലേപാക്ഷി.
എനിക്ക് ആ ദിവസം തന്നെ ബാംഗ്ലൂർ പോകാനുള്ളത് കൊണ്ട് വളരെ കുറച്ച് സമയം മാത്രമേ ലേപാക്ഷിയിൽ ചിലവഴിക്കാൻ കഴിഞ്ഞുള്ളൂ.ഇവിടെ ക്ഷേത്രത്തിന് ചുറ്റുമായി കറങ്ങി നടക്കുന്ന കുറച്ച് വാനരപടകളെ കാണാം. നല്ല രസമാണ് അവരുടെ ചേഷ്ടകൾ കണ്ടിരിക്കാൻ. അച്ഛനും അമ്മയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ മനോഹരമായ ദൃശ്യം ഇവിടെ നിന്നും എന്റെ ക്യാമറകണ്ണുകളിലൂടെ പകർത്താനായി. ഈ യാത്രയിൽ എന്നെ ഏറെ സന്തോഷവാനാക്കിയത് 'അതിരുകളില്ലാത്ത സ്നേഹത്തിന്റെ' ആ ദൃശ്യങ്ങളാണ്.
വീരഭദ്ര ക്ഷേത്രത്തിന് അടുത്തായി ഒരു ജടായു പാർക്ക് കൂടിയുണ്ട്. ചിറകുവിരിച്ച് നിൽക്കുന്ന ജടായുവിന്റെ രൂപം അങ്ങുദൂരെ നിന്ന് തന്നെ നമുക്ക് കാണാം. എനിക്ക് അവിടേയ്ക്ക് പോകാനുള്ള സമയം കിട്ടിയില്ല. ദൂരെ നിന്നും കുറച്ചു ഫോട്ടോകൾ എടുത്ത് അവിടെ നിന്നും ഞാൻ മടങ്ങി.
കിഷോർ ലാൽ





Comments
Post a Comment