കെനിയ - ടാൻസാനിയഡയറി


 ഭാഗം 2 : നെയ്റോബിസിറ്റിടൂർ 


ആഫ്രിക്കയിലെ ഏറ്റവും വലിയ സിറ്റികളിൽ ഒന്ന്,  ലോകത്തിലെ ഏറ്റവും വലിയ ചേരി പ്രദേശങ്ങളിൽ ഒന്നായ കിബേറ സ്ഥിതി ചെയ്യുന്ന സ്ഥലം, Safari Capital of Africa, അങ്ങനെ ഒരുപാട് ഒരുപാട്  വിശേഷണങ്ങൾ ഉള്ള സിറ്റിയിലേക്കാണ് ഇന്നത്തെ യാത്ര. വെറും ഗൂഗിൾ മാത്രം തന്ന അറിവ് കൊണ്ട് വേണം ഈ സിറ്റിയെ അടുത്തറിയാൻ. അത്യാവശ്യം സിറ്റിയെ കുറിച്ചുള്ള വിവരശേഖരണം പൂർത്തിയാക്കി രാവിലെ എട്ട് മണിയോട് കൂടി കുളിച്ച് ഫ്രഷ് ആയി ബാഗുമെടുത്ത് പുറത്തിറങ്ങിയപ്പോഴേക്കും ബ്രേയ്ക്ക്ഫാസ്റ്റ് റെഡി. 

ടോസ്റ്റഡ് ബ്രഡും മുട്ടയും ഫ്രൂട്ട്സും അടങ്ങിയ ഉഗ്രൻ ബ്രേയ്ക്ക്ഫാസ്റ്റ് കഴിച്ച് അധികം സമയം കളയാതെ, ഹോംസ്റ്റേയിൽ നിന്നും പുറത്തിറങ്ങി, നേരെ ഗേറ്റ് വേ മാൾ വരെ 50 ഷില്ലിംഗിന്  ബോഡോ പിടിച്ചു. രാത്രി നല്ല മഴ പെയ്തിട്ടുണ്ടെന്ന് തോന്നുന്നു. ഗേറ്റ് വേ മാൾ വരെയുള്ള റോഡ് മുഴുവനും ഇന്നലെ കണ്ടതിനേക്കാളും ചെളി നിറഞ്ഞിരിക്കുന്നു. തെരുവോര കച്ചവടക്കാരെല്ലാം കടകൾ തുറക്കുന്നതേയുള്ളു. 

ഗേറ്റ് വേ മാളിന് മുന്നിലുള്ള ഹൈവേ സാഹസികമായി മുറിച്ച് കടന്ന് വേണം സിറ്റിയിലേക്കുള്ള മറ്റാറ്റു (Matatu) പിടിക്കാൻ. കെനിയയിലെ ഏറ്റവും ചെലവ് ചുരുങ്ങിയ ഗതാഗതമാർഗ്ഗമാണ് മറ്റാറ്റു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കുഞ്ഞൻ ബസ്സുകളും വാനുകളും. സഞ്ചരിക്കുന്ന നൈറ്റ് ക്ലബ്ബുകൾ എന്ന് വേണമെങ്കിൽ പറയാം. നാട്ടിലെ ഗാനമേളകളെക്കാളും ഉച്ചത്തിൽ പാട്ടും അതിനനുസരിച്ച് ലൈറ്റിംഗുമൊക്കെയായി കെനിയയുടെ റോഡുകൾ കീഴടക്കിയ രാജാക്കന്മാരാണ് ഈ കുഞ്ഞൻ വാനുകൾ. 

റോഡ് മുറിച്ചുള്ള സാഹസത്തിന് മുൻപായി നേരെ ഗേറ്റ് വേ മാളിന് അകത്തു കയറി ഒന്നു കറങ്ങി. നിരവധി ബാങ്കുകളും റീട്ടെയിൽ ഓട്ട്ലറ്റുകളും നൈവാഷ എന്ന സൂപ്പർമാർക്കറ്റുമൊക്കെ അടങ്ങിയ ഒരു പഴയ മാൾ. ഏറ്റവും മുകളിലത്തെ നിലയിലായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ബാറും. 

അരമണിക്കൂറോളം മാൾ ചുറ്റിക്കറങ്ങി നേരെ റോഡ് മുറിച്ചു കടന്ന്  സിറ്റിയിലേക്കുള്ള മറ്റാറ്റുവിൽ കയറി. വിദേശികൾ പൊതുവേ മറ്റാറ്റുവിനെ ആശ്രയിക്കാറില്ല എന്ന് തോന്നുന്നു. ഞാൻ ഒഴികെ മറ്റു യാത്രക്കാരെല്ലാവരും സ്വദേശികൾ ആണ്. സിറ്റിയിലേക്ക് പ്രവേശിച്ചതോടു കൂടി മറ്റാറ്റു ഇഴയാൻ തുടങ്ങിയപ്പോഴേക്കും കണ്ടക്ടറിൽ നിന്നും വിൻഡോസ് ക്ലോസ് ചെയ്യാനുള്ള അറിയിപ്പും വന്നു. 

ആദ്യം എനിക്ക് സംഭവം മനസ്സിലായില്ലെങ്കിലും അടുത്ത സീറ്റിൽ ഇരുന്ന

കെനിയക്കാരനിൽ നിന്നാണ് സിറ്റിക്കുള്ളിലെ 'തട്ടിപ്പറി' ഗ്യാങ്ങിനെ കുറിച്ച് കൂടുതൽ അറിയുന്നത്. ഗതാഗതകുരുക്കിലും ട്രഫിക് സിഗ്നലിലും നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും മൊബൈലുകളും ബാഗുകളും തട്ടിപ്പറിച്ച് ഓടുന്നത് നിത്യ സംഭവമാണ് നെയ്റോബിയിൽ. പോക്കറ്റടിയാണെങ്കിൽ  അതിനപ്പുറവും. ഏതായാലും വരുന്നത് വരട്ടെ എന്ന ഭാവത്തിൽ സിറ്റിയുടെ ഹൃദയഭാഗമായ പഴയ നെയ്റോബി റെയിൽവേ സ്റ്റേഷനു അടുത്തുള്ള ബസ്സ് സ്റ്റാൻഡിൽ ഇറങ്ങി. 

3.5 മില്ല്യണിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ ആഫ്രിക്കൻ സിറ്റിയുടെ ഹൃദയഭാഗത്തെ തിരക്ക് ഊഹിക്കാവുന്നതേയുള്ളൂ. ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായി അത്ര പിന്നോക്കമല്ലാത്ത രാജ്യമാണെങ്കിലും തലസ്ഥാനത്തെ കാഴ്ചകൾ വളരെ ദയനീയമാണ്. യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ലാത്ത ബസ് സ്റ്റാൻഡിൽ നിന്നും അങ്ങനെ സിറ്റി ടൂർ ആരംഭിച്ചു. 

നാട്ടിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളെ ഓർമ്മിപ്പിക്കും വിധമുള്ള ഷൂ പോളിഷിംഗ് ഷെൽട്ടറുകൾ വഴി നീളെ എല്ലായിടത്തും കാണാം. പല ആവശ്യങ്ങൾക്കായി സിറ്റിയിലേക്ക് വന്നവരെയും വഴിയോര കച്ചവടക്കാരെയും യാചകരെയും ബോഡോ ബോഡോകളുയുമൊക്കെക്കൊണ്ട് തെരുവുകളെല്ലാം രാവിലെ തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു. സിനിമകളിൽ മാത്രം കണ്ടിരുന്ന ഒരു ടിപ്പിക്കൽ ആഫ്രിക്കൻ സിറ്റി ഇതാ എന്റെ കൺമുന്നിൽ. വല്ലാത്തൊരു ഫീൽ തന്നെ. മതിവരുവോളം സിറ്റിയുടെ കാഴ്ചകൾ ആസ്വദിച്ച ശേഷം നേരെ കെനിയാറ്റ സെന്റർ എന്ന ടവർ ലക്ഷ്യമാക്കി നടത്തം തുടർന്നു.

നെയ്റോബി സിറ്റിയുടെ 360° വ്യൂ, അതാണ് കെനിയാറ്റ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിനെ (Kenyatta International Convention centre) സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മറ്റുന്നത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള ഏരിയയാണെന്ന് തോന്നുന്നു ടവറിന്റെ ചുറ്റുപാടും പട്ടാളക്കാരുടെ സാന്നിധ്യം കാണാം. കൂടാതെ ടവറിന്റെ കാർ  പാർക്കിംഗിന് തൊട്ടരികിലായി തന്നെ പ്രതിവാര മസായി മാർക്കറ്റും. 

ഒരുവിധത്തിൽ മസായി കച്ചവടക്കാരുടെ കെണിയിൽ വീഴാതെ നേരെ ടവറിലേക്ക് വെച്ച്പിടിച്ചു. എയർപോർട്ടിന് സമാനമായ സുരക്ഷാ പരിശോധനയും കഴിഞ്ഞ് പാസ്പോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയ്യിൽ ഏൽപ്പിച്ച് വേണം ടവറിന് മുകളിലേക്കുള്ള ലിഫ്റ്റിലേക്ക് കയറാൻ. 500 ഷില്ലിംഗ്സ് ഫീയായി കൊടുത്തത് ഒട്ടും നഷ്ട്ടമായില്ല എന്ന് പറയാം. ഒരുമണിക്കൂറോളം റൂഫ് ടോപ്പിൽ ഫോട്ടോയെടുപ്പുമൊക്കെയായി ചിലവഴിച്ചതിന് ശേഷം ടവറിൽ നിന്നും ജിറാഫെ സെന്ററിലേക്കുള്ള മറ്റാറ്റുവിന് വേണ്ടി  രാവിലെ ബസ്സിറങ്ങിയ ഓൾഡ് റെയിൽവേ ബസ്സ്  സ്റ്റേഷനിലേക്കു തിരിച്ച് നടന്നു. 

രാവിലെ തൊട്ട് നടക്കാൻ തുടങ്ങിയതല്ലെ, ഇനി വല്ലതും കഴിച്ചിട്ടാവാം യാത്ര എന്ന് തീരുമാനിച്ച് ജിറാഫെ സെന്ററിലേക്കുള്ള മറ്റാറ്റുവിൽ കയറും മുൻപ് ഉച്ചഭക്ഷണത്തിന് വേണ്ടി ബസ്സ് സ്റ്റാൻഡിന് അടുത്ത് തന്നെയുള്ള ഒരു റെസ്റ്റോറന്റിൽ കയറി. പൊതുവെ തിരക്കുള്ള റെസ്റ്റോറന്റുകൾ നല്ലതായിരിക്കും എന്ന പൊതുവിശ്വാസത്തിലാണ് ഇവിടേക്ക് കയറിയത്. വിശ്വാസം തെറ്റിയില്ല. നല്ല ചൂട് ചപ്പാത്തി റോളും ഇറച്ചി വേവിച്ചതും കൂടെ ഇത്തിരി സലാഡും മാംഗോ ജ്യൂസും, അടിപൊളി. ലഞ്ചിന് ശേഷമുള്ള പതിവ് ഉച്ചമയക്കത്തിന് ശരീരത്തെ വിട്ടുകൊടുക്കാതെ റെസ്റ്റോറന്റിന് അരികിൽ  നിന്നും നേരെ ജിറാഫെ സെന്റ വഴി പോകുന്ന മറ്റാറ്റുവിൽ കയറി. വയറ് നിറച്ച് ഭക്ഷണവും കഴിച്ച് വിന്ഡോ സീറ്റിൽ ഇരുന്ന് പുറംകാഴ്ചകൾ കണ്ട് പാട്ടും കേട്ട് തണുത്ത കാറ്റും കൊണ്ടുള്ള യാത്ര. വല്ലാത്തൊരു ഫീലാണ് അത്. 

70 ഷില്ലിംഗാണ് ജിറാഫെ സെന്ററിലേക്കുള്ള ചാർജ്ജ്. അരമണിക്കൂർ കഴിഞ്ഞ് കാണും, "be ready bro, it's your stop"എന്ന് പറഞ്ഞ് കിളിയുടെ വിളി കേട്ടതും അടുത്ത സ്റ്റോപ്പിൽ മറ്റാറ്റുവിൽ നിന്ന് ചാടി ഇറങ്ങി ജിറാഫെ സെന്ററ്ന് വേണ്ടിയുള്ള തിരച്ചിലിലായി ഞാൻ. എവിടെ? ജിറാഫുമില്ല സെന്ററുമില്ല. തലങ്ങും വിലങ്ങും ചീറി പായുന്ന വണ്ടികളൊഴിച്ചാൽ ഒന്ന് വഴി ചോദിക്കാൻ പോലും ഒരാളെ കിട്ടാനില്ലാത്ത വിജനമായ സ്ഥലം. 

നടുറോഡിൽ നിന്ന് വല്ല പിടിച്ച് പറിക്കാരുടേം മറ്റും ഇരയാകണ്ടല്ലോ എന്ന് കരുതി ഇത്തിരി മാറി ഒരു സൈഡ് റോഡിലേക്ക് ഇറങ്ങി നിന്നപ്പോഴേക്കും ദൈവദൂതനെ പോലെയതാ ഒരു ബോഡോ ബോഡോ വരുന്നു. ഇരുനൂറ് ഷില്ലിംഗിന് അഞ്ച് കിലോമീറ്റർ അകലെയുള്ള ജിറാഫെ സെന്ററിൽ കൊണ്ട് വിടാമെന്ന് ബോഡോക്കാരൻ. വേണമെങ്കിൽ 400 തരാമെന്ന ഭാവത്തിലായിരുന്നു ഞാൻ അപ്പോൾ. അങ്ങനെ ബോഡോയിൽ കയറി ജിറാഫെ സെന്ററിലേക്ക് കുതിച്ചു. യാത്രയിലുടനീളം ജിറാഫെ സെന്ററാണെന്ന് പറഞ്ഞ് വഴിയിൽ ഇറക്കി വിട്ട് "പണി" തന്ന മറ്റാറ്റുക്കാരനെ സ്തുതിക്കുകയായിരുന്നു ഞാൻ.

നെയ്റോബിയിൽ  തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ജിറാഫെ സെന്റർ. ജിറാഫുകളുടെ  പരിപാലന രീതി സഞ്ചാരികൾക്ക് നേരിൽ കാണുവാനും വേണമെങ്കിൽ അവയ്ക്ക് തീറ്റ കൊടുക്കുവാനും ഇവിടെ സൗകര്യമുണ്ട്. 1000 ഷില്ലിംഗാണ് ഫീ. അതും ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്ന നിബന്ധന കൂടിയുണ്ട്. ഭാഗ്യത്തിന് കയ്യിൽ ക്രെഡിറ്റ് കാർഡ് കരുതിയിരുന്നു. വേഗം അകത്തു കയറി മറ്റു സഞ്ചാരികൾക്കൊപ്പം ആദ്യം  ഇത്തിരി വിശ്രമിച്ചതിന് ശേഷം  ജിറാഫുകൾക്ക് തീറ്റയൊക്കെ കൊടുത്ത് ഫോട്ടോ പരിപാടകളൊക്കെ കഴിഞ്ഞപ്പോഴേക്കും സമയം നാല് മണി കഴിഞ്ഞിരുന്നു. 

പെട്ടെന്നാണ് ഇരുട്ടും മുൻപ്  തിരിച്ച് റൂമിലെത്തേണ്ട ആവശ്യകതയെക്കുറിച്ച് ഓർമ്മ വന്നത്. മറ്റൊന്നുമല്ല, ഇരുട്ട് വീണ് തുടങ്ങുന്നതോട് കൂടി സിറ്റിയുടെ മുഖമൊന്ന് മാറും. രാവിലെ ഹോം സ്റ്റേയിൽ നിന്നും ഇറങ്ങുമ്പോൾ നടത്തിപ്പുകാരൻ എറിക് ഓർമ്മിപ്പിച്ചതും ഇതുതന്നെ. അധികം ആലോചിച്ചു നിന്ന്  സമയം കളയാതെ ജിറാഫെ സെന്ററിനോട് വിട പറഞ്ഞ് നേരെ വന്ന വഴി വെച്ച് നടന്നു. ഭാഗ്യത്തിന് ഇത്തവണ ജിറാഫെ സെന്ററിൽ നിന്നും ഇത്തിരി നടന്നപ്പോഴേയ്ക്കും സിറ്റിയിലേക്ക് നേരിട്ടുള്ള മറ്റാറ്റു ലഭിച്ചത് വലിയ ആശ്വാസമായി.

ഒരുമണിക്കൂറിലധികം എടുത്തു സിറ്റിയിലേക്കുള്ള മടക്ക യാത്രയ്ക്ക്. തെരുവുകളെല്ലാം  ഭക്ഷണശാലകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. പുഴുങ്ങിയ മുട്ടയ്ക്ക് ഇടയിൽ ചുവന്ന സോസ് ചേർത്തുള്ള കെനിയൻ വിഭവത്തിനാണ്  ആവശ്യക്കാരേറേയും. കണ്ടിട്ട് കെനിയക്കാരുടെ ദേശീയ ലഘുഭക്ഷണമാണെന്ന് തോന്നുന്നു. 

ഒരുവശത്ത് ജോലി കഴിഞ്ഞ് ഇരുട്ടും മുമ്പേ കൂടയണാൻ വേണ്ടി മറ്റാറ്റുവിൽ കയറാനുള്ളവരുടെ നീണ്ട നിര. മറുവശത്ത്  പ്രസിദ്ധമായ നെയ്റോബിയുടെ സംഗീതവും മദ്യവും കാമവും നിറഞ്ഞ നൈറ്റ്ലൈഫ് പുലരുംവരെ ആസ്വദിക്കാൻ സിറ്റിയിലേക്ക്  ഒഴുകിയെത്തുന്ന യുവതീയുവാക്കൾ.  ഈ ആഫ്രിക്കൻ  സിറ്റിയുടെ പൾസ് ഇതിലും നന്നായി മനസ്സിലാക്കാൻ പറ്റിയ ഒരിടം വേറെയുണ്ടോ എന്നത് സംശയമാണ്. ഇവിടെ നിന്നാൽ കെനിയയിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒറ്റ ഫ്രെയിമിനുള്ളിൽ കാണാൻ കഴിയും. 

മോശം ട്രാഫിക്ക് കാരണം ഒന്നര മണിക്കൂർ വേണ്ടി വന്നു സിറ്റിയിൽ നിന്നും തിരിച്ച് ഗേറ്റ് വേ മാൾ വരെയുള്ള മറ്റാറ്റു യാത്രയ്ക്ക്. മറ്റാറ്റു ഇറങ്ങി നേരെ മാളിനുള്ളിലെ ഫുഡ്കോർട്ടിൽ ചെന്ന് ഡിന്നറും കഴിച്ച് നേരെ ഹോം സ്റ്റേയിലേക്ക് ബോഡോ ബോഡോ പിടിച്ചു. നല്ല ക്ഷീണം. ഒരുപാട് നടന്നതല്ലെ. നേരെ റൂമിൽ ചെന്ന് കുളിച്ച് ഫ്രഷായി.

പിറ്റേന്ന് രാവിലെ എട്ടരയ്ക്കുള്ള നെയ്റോബി - മൊംബാസ SGR ട്രെയിൻ ബുക്ക് ചെയ്യാനുള്ള ശ്രമമായി. നാട്ടിലെ Paytm App പോലെയുള്ള  MPESA എന്ന മൊബൈൽ പേയ്മന്റ് സിസ്റ്റം വഴി മാത്രമേ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ. കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ, ടിക്കറ്റ് മുഴുവനും നേരത്തേ sold out ആയിരിക്കുന്നു. ഇനിയുള്ള പ്രതീക്ഷ കൗണ്ടറിൽ നിന്നും ലഭിക്കുന്ന  പരിമിതമായ ടിക്കറ്റുകളിലാണ്. രാവിലെ ഏഴുമണിക്ക് എങ്കിലും സ്റ്റേഷനിൽ എത്തിയാലേ ഈ ടിക്കറ്റ് ലഭിക്കൂ എന്ന് കൂടി കേട്ടപ്പോൾ തൃപ്തിയായി. ഏതായാലും വരുന്നത് വരട്ടെ എന്ന ഭാവത്തിൽ രാവിലെ ഏഴ് മണിക്ക് ബോഡോ ലഭിക്കും എന്ന എറിക്കിന്റെ വാക്കും വിശ്വസിച്ചു സുഖമായി കിടന്നുറങ്ങി.


സമീർ ചപ്പൻ 

തുടരും....

Comments

Popular posts from this blog

ചിദംബര കാഴ്ച്ചകൾ

കെനിയ - ടാൻസാനിയ ഡയറി

ദി ഇൻഫേമസ് മലാന