പ്രേതങ്ങൾ വിഹരിക്കുന്ന ഒരു കോട്ട

 


AD1732 പടുത്തുയർത്തപ്പെട്ട ഷാനിവാർ വാഡ   മറാത്താ സാമ്രാജ്യത്തിലെ പേഷ്വാമാരുടെ ആസ്ഥാനവും, അതുകൊണ്ടു തന്നെ പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുക്കളിൽ ഒന്നുമായിരുന്നു.

അഞ്ചാമത്തെ പേഷ്വയായിരുന്ന നാരായൺ റാവു, അദ്ദേഹത്തിന്റെ മാതുലൻ രഘുനാഥറാവുവും മാതുല പത്നി ആനന്ദബായിയും കൂടി നടത്തിയ ഉപജാപങ്ങളുടെ ഫലമായി സ്വന്തം സുരക്ഷാ ഭടൻമാരാൽ ദാരുണമായി വധിക്കപ്പെട്ടു ..

കാലത്തിന്റെ അനന്തതയിലെങ്ങോ നാളുകളും തലമുറകളും സംസ്കാരങ്ങളും അലിഞ്ഞു ചേർന്നു.

രാജധാനികൾ പ്രേതനഗരങ്ങളായി..

പൂർണ്ണചന്ദ്രൻ പ്രഭ ചൊരിയുന്ന ഇന്നിന്റെ രാത്രികളിലും നാരായണറാവുവിന്റെ ആത്മാവ് സഹായത്തിനായി നിലവിളിക്കുന്നത്  കോട്ടയിൽ മുഴങ്ങിക്കേൾക്കാറുണ്ടെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

"അമ്മാവാ ഓടിവരൂ എന്നെ രക്ഷിക്കൂ"  എന്നാണത്രെ ആത്മാവിന്റെ നിലവിളി.

ഷാനിവാർ വാഡ One Of The Most Haunted Forts In India എന്ന നിലയിലാണ് Tourist സ്പേസുകളിൽ  പ്രധാനമായും അറിയപ്പെടുന്നത്.

ബ്രിട്ടീഷ് സേന മൂലമാണ് കോട്ടയ്ക്ക് ആദ്യം കേടുപാടുകൾ സംഭവിക്കുന്നത്. പീരങ്കിപ്പടയുടെ ആക്രമണത്തിൽ ചുടുകട്ടകളാൽ നിർമ്മിച്ച മുകൾ ഭാഗങ്ങൾ നിലംപൊത്തുകയും ശിലാനിർമ്മിതമായ അടിത്തട്ടുകൾ മാത്രം ബാക്കിയാകുകയും ചെയ്തു.

ഏറെക്കാലങ്ങൾക്കു ശേഷം കൊട്ടാരസമുച്ചയത്തിലുണ്ടായ  ദുരൂഹമായ വമ്പൻ അഗ്നിബാധയിൽ ഭീമൻ കരിങ്കൽ കൊത്തളങ്ങൾ,  തേക്കിൻ തടിയിൽ പണിത കോട്ട കവാടങ്ങൾ, ആഴമേറിയ അടിത്തറകൾ, കോട്ടയ്ക്കുള്ളിലെ ഗുഹാവഴികൾ എന്നിവയൊഴികെയെല്ലാം അന്തേവാസികളോടൊപ്പം എരിഞ്ഞമർന്നു.

പൂനെയിലെത്തിയപ്പോൾ ആദ്യം ഓർത്തതും ഈയൊരു സ്ഥലത്തെക്കുറിച്ചാണ്.

ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു ഇവിടെ എത്തിപ്പെടുക എന്നത്.

അതും പൂർണ്ണചന്ദ്രനുള്ള രാത്രിയിൽ കോട്ടയിലൂടെ അങ്ങനെ അലഞ്ഞു നടക്കണം.

അഥവാ ചരിത്രത്തിന്റെ താളുകളിൽ നിന്നു വിരുന്നെത്തി മാനസമിത്രമായി മാറിയ നാരായണ റാവുവിനെ നേരിട്ടു കാണാനായാലോ!  ഒപ്പം ഗതികിട്ടാതെ അലയുന്ന, അന്ന് അഗ്നിയിലെരിഞ്ഞുപോയ ഒരു പിടി ആത്മാക്കളേയും കണ്ടേക്കാം.

കിഴക്കു ഭാഗത്തെ ഖിഡ് കി ദർവാസ താനേ തുറന്നു നിശയുടെ പ്രേതയാമങ്ങളിലെപ്പോഴെങ്കിലും റാവു എത്തിയേക്കാം. അരുംകൊല ചെയ്യപ്പെട്ടപ്പോൾ ശരീരം പുറത്തു കൊണ്ടുപോയതും അതേ ഗേറ്റിലൂടെയാണല്ലോ.

ഓടുന്നതു പോയിട്ട് ഒരിക്കലും നടന്നുപോലും വരാനിടയില്ലാത്ത അമ്മാവനെ വിളിച്ചലറി തൊണ്ട പൊട്ടിച്ചിട്ടു കാര്യമൊന്നുമില്ലെന്നും മൊതലു തന്നെയാണ് താങ്കളെ കൊല്ലാൻ ആളെ വിട്ടതെന്നുമുള്ള വാർത്ത നാരായൺ റാവുവിനെ അറിയിക്കാം.

അതോടെ പാവത്തിന്റെ കണ്ഠനാളത്തിനും നാട്ടുകാരുടെ

ശ്രവണപുടങ്ങൾക്കും അൽപ്പം വിശ്രമവും കിട്ടുമല്ലോ.

ഉദ്ദേശം നല്ലതാണെങ്കിലും അത് തങ്ങളുടെ  കഞ്ഞികുടി മുട്ടിക്കും എന്ന് ഉറപ്പുള്ളതു കൊണ്ടാകാം വൈകുന്നേരം ആറര കഴിഞ്ഞാൽ കോട്ടയിൽ ചുറ്റിപ്പറ്റി നിൽക്കുന്ന സമാനചിന്താഗതിക്കാരായ എല്ലാ നന്മമനസ്സുകളെയും   ആർക്കിയോളജിക്കലുകാർ നിർദാക്ഷിണ്യം തൂക്കിയെടുത്തു വെളിയിൽ കൊണ്ടിടുന്നത്.

 നാരാണേട്ടന്റെ നിലവിളിയില്ലാതെന്ത് ഷാനിവാർ വാഡ!

പകൽ വെളിച്ചത്തിൽ സുന്ദരമായ ഒരു  സഞ്ചാര കേന്ദ്രം മാത്രമാണ് ഷാനിവാർ വാഡ. പൂനെ നഗരത്തിന്റെ മധ്യത്തിൽ ശാന്തമായൊരു വിശ്രമ കേന്ദ്രം. നാടിന്റെ വ്യത്യസ്ത  കോണുകളിൽ നിന്ന് നൂറു കണക്കിനു ചരിത്രാന്വേഷികളും  ആയിരക്കണക്കിനു  വിനോദ സഞ്ചാരികളും ഒഴുകിയെത്തുന്നിടം. നൂറ്റാണ്ടുകളുടെ കഥ പറയുന്ന ബന്യാൻ മരങ്ങളും പൂന്തോട്ടങ്ങളും കല്ലു പാകിയ നടവഴികളും പച്ചപ്പു തണലൊരുക്കിയ ഇരിപ്പിടങ്ങളും തണുത്ത കാറ്റും ഒക്കെയായി ഒരൊന്നൊന്നര ഷാലിമാർ ആംബിയൻസ്.

അതേ സമയം ഷാനിവാറിന്റെ  നിശാവേളകൾ ദുരാത്മാക്കൾക്കായി, അവരുടെ സ്വൈരവിഹാരങ്ങൾക്കായി മാത്രം പകുത്തു വച്ചിരിക്കുന്നു. അപ്പോൾ ബന്യാൻ മരങ്ങൾ നീലവെളിച്ചമണിയും. കാറ്റാ മരച്ചില്ലകളിൽ വിറങ്ങലിച്ചു നിൽക്കും.

നസീർ റോസ് വാലി


Comments

Popular posts from this blog

ചിദംബര കാഴ്ച്ചകൾ

കെനിയ - ടാൻസാനിയ ഡയറി

ദി ഇൻഫേമസ് മലാന