ഗോതൻബോർഗിലെ മധുരസ്മരണകൾ - 3
ഭാഗം 3
സ്വീഡനിലെ ലാൻഡ്വെട്ടർ
(Landvetter) വിമാനത്താവളത്തിലാണ് കാലുകുത്തിയിരിക്കുന്നത്.
സ്റ്റോക്ഹോമിൻറെ അനിയത്തികുട്ടി എന്ന് വിശേഷിപ്പിക്കാവുന്നതും സ്വീഡനിലെ രണ്ടാമത്തെ
വലിയ പട്ടണവുമായ ഗോതൻബോർഗ്ഗ് നഗരകേന്ദ്രത്തിൽ
നിന്നും 20 കി മി തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ലാൻഡ്വെട്ടർ (Landvetter ) ഏരിയയിൽ
ആയതിനാലാണ് വിമാനത്താവളത്തിനും ആ പേര് കിട്ടിയിരിക്കുന്നത്. സ്വെഡാവിയ എ ബി (Swedavia AB) എന്ന ദേശീയ വിമാനത്താവള കമ്പനിയുടെ
നേതൃത്വത്തിലാണ് ഇതിൻറെ ദൈനംദിന പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
ഔദ്യോഗിക നടപടിക്രമങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതെല്ലാം ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ പൂർത്തിയായിക്കഴിഞ്ഞിരുന്നു. ആഭ്യന്തര യാത്രക്കാർ എന്ന പരിഗണനയോടെ ഗ്രീൻ ചാനലിലൂടെ പുറത്തേക്ക് നടന്നു. ബാഗേജ് ക്ലെയിമിൽ അൽപ്പനേരം കാത്തുനിൽക്കേണ്ടി വന്നു. വളരെ ചെറിയ ഒരു ബാഗ് മാത്രമാണ് എനിക്കുണ്ടായിരുന്നത്. 'ലെസ്സ് ലഗ്ഗേജ് മേക്ക് യുവർ ട്രാവൽ എ പ്ലഷർ' എന്ന ഇന്ത്യൻ റെയിൽവേയുടെ യാത്രാസൂക്തം ഞാൻ പ്രാവർത്തികമാക്കുകയായിരുന്നു. ക്യാമറയും അനുബന്ധ സാമഗ്രികളും യാത്ര രേഖകളുമായി ഒരു കിറ്റ് ബാഗ് കയ്യിലും കരുതിയിട്ടുണ്ട്. ലഗേജുകളുടെ അമിത ഭാരമില്ലാത്ത
സുഖകരമായ ഒരു യാത്ര. എന്നാൽ എന്നോടൊപ്പമുള്ള കാരൻ ശൈവ എന്ന മുംബൈക്കാരി രണ്ടു വലിയ ബാഗ് നിറയെ എന്തൊക്കെയോ വാരിനിറച്ചാണ് വന്നിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസത്തേക്ക് എന്തിനാണ് ഇത്രയേറെ ലഗേജ് എന്ന എൻറെ സംശയത്തിനുള്ള ഉത്തരമായി അവരുടെ സ്വീഡനിലെ യാത്ര പദ്ധതി കേട്ട് ഞാൻ ഞെട്ടിപ്പോയി. ഞങ്ങളുടെ ഔദ്യോഗിക പ്രോഗ്രാമുകൾ അവസാനിക്കുന്ന പന്ത്രണ്ടാം തീയതി, അവരുടെ ഭർത്താവും മകനും സ്വീഡനിലെത്തും. നോർത്തേൺ ലൈറ്റ് ഉൾപ്പെടെയുള്ള അതിശയക്കാഴ്ചകളും യൂറോപ്പിലെ മഞ്ഞുകാല വിനോദപരിപാടികളും ഒക്കെ ആസ്വദിച്ചു കഴിഞ്ഞിട്ടേ അവർക്ക് മടക്കയാത്രയുള്ളു എന്നറിഞ്ഞപ്പോൾ അസൂയ തലപൊക്കി. എന്നാൽ അതിൻറെ ഭാവപ്രകടനകൾ ഒന്നും പുറത്തുകാട്ടാതെ അവർക്ക് ആശംസകൾ നേർന്നു. (മുബൈയിലെ പ്രശസ്തയായ ഒരു സാമൂഹ്യ പ്രവർത്തകയും, വ്യവസായ സംരഭകയും. സ്വീഡൻ അലുംനി മുംബൈ ചാപ്റ്ററിൻറെ ചെയർപേഴ്സണുമായ അവരെ പൂനയിൽ നടന്ന ആദ്യത്തെ സ്വീഡൻ അലുംമ്നി കോൺക്ലേവിൻറെ മുഖ്യ സംഘാടക എന്ന നിലയിൽ മുൻപരിചയമുണ്ട്)താമസസൗകര്യം ഒരുക്കിയിരിക്കുന്നത് നഗര കേന്ദ്രത്തിലെ ഗോത്തിയ ടവേഴ്സ് എന്ന ഹോട്ടലിലാണ്. വിമാനത്താവളത്തിൽ നിന്നു ഹോട്ടലിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ബസ് ടിക്കറ്റ് പോലും സംഘാടകർ ബുക്ക് ചെയ്ത് തന്നിട്ടുണ്ടായിരുന്നു. എയർപോർട്ട് ബസ്സ് എന്ന് അർത്ഥം വരുന്ന Flygbussarna എന്ന കമ്പനിയുടെ ബസ്സിലാണ് ടിക്കറ്റ് റിസർവേഷൻ ഉള്ളത്. ബസ്സിനായി കാത്തുനിൽക്കേണ്ട സ്ഥലം അന്വേഷിച്ചു കണ്ടെത്തി പുറത്തിറങ്ങുമ്പോൾ പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് മൂന്നേമുക്കാൽ. പക്ഷേ സൂര്യൻ അസ്തമിച്ചുകഴിഞ്ഞിരിക്കുന്നു. അസ്തമയത്തിനു ശേഷമുള്ള നേരിയ പകൽ വെളിച്ചം മാത്രം പ്രസരിക്കുന്നുണ്ട്. അതും ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു. വർണ്ണ മനോഹരമായ ദീപാലങ്കാരങ്ങൾ കൊണ്ട് വിമാനത്താവളവും പരിസരവും
വെട്ടിത്തിളങ്ങുകയാണ്. ചന്നം പിന്നം മഴപെയ്യുന്നുണ്ട്. തണുത്ത കാറ്റ് വീശിയടിക്കുന്നു. തണുപ്പിനെ പ്രതിരോധിക്കാൻ വേണ്ടത്ര മുൻകരുതൽ ഇല്ലാത്തതിനാൽ ശരീരം വിറയ്ക്കാൻ തുടങ്ങി. പുറത്തുള്ള ആ തണുപ്പിൽ അധികനേരം കാത്തുനിൽക്കേണ്ടി വന്നില്ല. എയർപോർട്ട് ബസ്സുകളിൽ ഒന്ന് മുന്നിൽ വന്നു നിന്നു. യാത്രക്കാരുടെ ഇടിച്ച് കയറ്റം ഒന്നുമില്ല. ഞങ്ങൾക്ക് മുന്നേ രണ്ടോ മൂന്നോ യാത്രക്കാർ മാത്രമാണ് ബസ്സിലേക്ക് കയറിയത്. അതുതന്നെയാണോ ഞങ്ങൾക്ക് യാത്ര ചെയ്യേണ്ട ബസ് എന്ന് ഉറപ്പു വരുത്താനായി പ്രിൻറ് ചെയ്ത് കൈയിൽ സൂക്ഷിച്ച ടിക്കറ്റ് ഡ്രൈവറെ കാണിച്ചു. സുസ്മേര വദനനായി സ്വാഗതം ചെയ്തുകൊണ്ട് അദ്ദേഹം ഞങ്ങളെ ബസ്സിനുള്ളിലേക്ക് ക്ഷണിച്ചു. ടിക്കറ്റ് കടലാസിൽ പ്രിൻ്റ് ചെയ്യേണ്ടിയിരുന്നില്ല എന്ന പ്രകൃതി സംരക്ഷണ പാഠങ്ങളിൽ ഒന്ന് ഓർമ്മപ്പെടുത്താനും അദ്ദേഹം മറന്നില്ല. നമ്മുടെ നാട്ടിലെ പോലെ ആ ബസ്സിൽ രണ്ടോ മൂന്നോ ജീവനക്കാർ ഒന്നുമില്ല. സർവ്വാധികാരിയായി ഒരു ഡ്രൈവർ മാത്രമാണ് ഉണ്ടാവുക. ടിക്കറ്റ് പരിശോധിക്കുന്നതും വാതിൽ തുറക്കുന്നതും അടയ്ക്കുന്നതും വണ്ടി ഓടിക്കുന്നതും എല്ലാം ഒരേ ഒരാൾ. സാധാരണയിലും നീളമുള്ള ഒരു മൾട്ടി ആക്സിൽ ബസ്സ്.ഞങ്ങൾക്ക് ഇറങ്ങേണ്ട
ഗോത്തിയ ടവേഴ്സിന് മുന്നിൽ സ്റ്റോപ്പ് ഉണ്ടോ എന്നും ഞങ്ങളെ അവിടെ ഇറക്കി വിടുമോ എന്നുമുള്ള
അന്വേഷണത്തിന്, അത് നാലാമത്തെ സ്റ്റോപ്പാണെന്നും മോണിറ്ററിൽ നോക്കിയിരുന്നാൽ സ്റ്റോപ്പ്
എത്തുന്നത് അറിയാമെന്നുമൊക്കെ സൗഹൃദത്തിൻറെ ഭാഷയിൽ സൗമനസ്യത്തോടെയും സന്തോഷത്തോടെയും ആതിഥ്യമര്യാദകൾ പാലിച്ചുകൊണ്ടും
സംസാരിക്കുന്ന ആ ജീവനക്കാരനോട് ആദരവ് തോന്നി. 'അതിഥി ദേവോ ഭവ' എന്ന മുദ്രാവാക്യം ജീവിതവ്രതമാക്കിയ
സൗഹൃദ ശീലമുള്ള നല്ല മനുഷ്യരുടെ നാട്. ലഗേജുകൾ വെക്കുന്നതിനായി മാത്രം ഡ്രൈവറുടെ സീറ്റിനു
പിന്നിൽ തട്ടുകളായി തിരിച്ച പ്രത്യേക സ്ഥലമുണ്ട്.
ബാഗുകൾ എല്ലാം അവിടെ ഒതുക്കിവെച്ച് ഉചിതമെന്ന് തോന്നിയ സീറ്റുകളിൽ ഇരിപ്പുറപ്പിച്ചു.
മുന്നിലെ മോണിറ്ററിൽ ബസ് നിൽക്കുന്ന സ്ഥലവും തുടർന്ന് വരാനിരിക്കുന്ന സ്റ്റോപ്പുകളുടെ
വിവരവും അവിടെ എത്താൻ വേണ്ട സമയവും തെളിഞ്ഞുകാണുന്നുണ്ട്. മെട്രോ ട്രെയിനുകളിൽ കാണുന്നപോലെയുള്ള
ക്രമീകരണം. സൗജന്യ വൈഫൈ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ എല്ലാം ആ ബസ്സിൽ ഒരുക്കിയിട്ടുണ്ട്.
എയർപോർട്ട് സ്റ്റോപ്പിൽ നിന്നും ബസ്സ് പുറപ്പെട്ടു. നേരിൽ കാണുന്ന യൂറോപ്യൻ വിന്റർ കാഴ്ചകൾ എൻറെ പ്രതീക്ഷകൾക്ക് വിരുദ്ധമായിരുന്നു. സദാ മഞ്ഞു പെയ്തുകൊണ്ടിരിക്കുന്ന കാലാവസ്ഥയും, മഞ്ഞുമൂടിയ വഴിയോരങ്ങളുമായിരുന്നു സങ്കൽപ്പിക്ഷിച്ചിരുന്നത്. എന്നാൽ ഇരുട്ടുമൂടിയ ഒരു സായന്തനത്തിൽ കുനുകുനാ മഴപെയ്യുന്ന നല്ല തണുപ്പുള്ള വയനാടൻ കാലാവസ്ഥയ്ക്ക് അപ്പുറം ഒന്നുമില്ല. രാത്രി വൈകുമ്പോൾ തണുപ്പ് കൂടുമെന്നും മഞ്ഞുപെയ്യുമെന്നും ഇനിയുള്ള ദിവസങ്ങളിൽ അതൊക്കെ കണികണ്ടുണരാമെന്നും ഒക്കെയുള്ള ചിന്തകളോടെ യാത്ര തുടരുകയാണ്.
പകൽ സമയത്തു തന്നെ ഗോതൻമ്പോർഗ്ഗിൽ എത്തിച്ചേരണമെന്ന് കണക്കാക്കിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. മിതശീതോഷ്ണ കാലാവസ്ഥയിൽ നിന്നും ശൈത്യകാല യൂറോപ്പിൻറെ കൊടും തണുപ്പിലേക്ക് പൊടുന്നനവെ എടുത്തെറിയപ്പെട്ടാൽ 'കരയിൽ പിടക്കണ മീൻ പോലെ' കഷ്ടത്തിലാകും എന്നായിരുന്നു എൻറെ കണക്കുകൂട്ടൽ. അതുകൊണ്ട് പകൽ സമയത്തിൻറെ ആനുകൂല്യം കൈപ്പറ്റി സുരക്ഷിത സങ്കേതത്തിൽ കയറിപ്പറ്റണമെന്നായിരുന്നു ആസൂത്രണം. എന്നാൽ രാത്രിയും പകലും തമ്മിൽ കാര്യമായ വ്യത്യാസമൊന്നും ഉണ്ടെന്നു തോന്നുന്നില്ല. ഇരുളിനെ തോൽപ്പിക്കുന്ന ദീപാലങ്കാരങ്ങൾ ആ ഭൂപ്രദേശമാകെ പ്രഭാപൂരിതമാക്കുന്നുണ്ട്. ഒരുപക്ഷേ ക്രിസ്തുമസ്സ് കാലമായതുകൊണ്ടുള്ള പ്രത്യേക അലങ്കാരങ്ങളും ആകാം.
എയർപോർട്ട് പരിസരത്ത്
നിന്നും ബസ് മുന്നോട്ടു നീങ്ങുമ്പോൾ വിജന പ്രദേശമാണ്. ഇരുവശവും വളർന്നുനിൽക്കുന്ന ഇലപൊഴിഞ്ഞ
മരങ്ങളുടെ ശിഖരങ്ങൾക്കിടയിലൂടെ പശ്ചാത്തലത്തിലെ ആകാശ വെളിച്ചം. ഏതോ ചിത്രകാരൻ വരച്ചുവെച്ച
മനോഹരമായ പ്രകൃതി ദൃശ്യം പോലെ ഒരു രസികൻ കാഴ്ച. റോഡിന് ഓരം ചേർന്ന് വളർന്നുനിൽക്കുന്ന
വേലിച്ചെടികളിലേക്ക് പ്രകാശം പതിക്കത്തക്കവിധം ഒരുക്കിയ ദീപവിതാനം പാതയോരങ്ങൾക്ക് പോലും
കാല്പനികമായ ഒരു മനോഹാരിത പകർന്നു നൽകുന്നുണ്ട്.
വിജന പ്രദേശങ്ങളും ചെറു പട്ടണങ്ങളും ജനവാസ മേഖലകളും ഒക്കെ ഇടകലർന്ന വഴിയോരങ്ങളിലൂടെ യാത്ര തുടർന്നു. ആകാശത്തോളം ഉയർന്നു നിൽക്കുന്ന ഒരു വലിയ പ്രകാശഗോപുരവും അതിനടുത്തായി വൈദ്യുത ദീപാലങ്കാരം കൊണ്ട് മനോഹരമാക്കിയ വൃത്താകാര രൂപത്തിലുള്ള വലിയൊരു നിർമ്മിതിയും കണ്ടപ്പോൾ, ഇൻറർനെറ്റിൽ പരതി കണ്ടുവെച്ച ലിസ്ബെർഗ്ഗ് അമ്യൂസ്മെൻറ് പാർക്കാണ് അത് എന്ന് തിരിച്ചറിഞ്ഞു. പ്രൗഢഗംഭീരമായ പൗരാണിക മന്ദിരങ്ങൾക്കിടയിലൂടെ, കൊട്ടാരസദൃശ്യമായ മന്ദിരങ്ങളും വലിയ സ്റ്റേഡിയങ്ങളും പിന്നിട്ട് , അംബരചുംബികളായ മൂന്ന് ഗോപുരങ്ങൾ ആകാശത്തിലേക്ക് തലയുയർത്തി നിൽക്കുന്ന ഗോത്തിയ ടവേഴ്സിൻറെ മുന്നിലായി ബസ്സ് നിന്നു. ബസ്സിൻറെ മോണിറ്ററിൽ നാലാമത്തെ സ്റ്റോപ്പിൽ എത്തിയിരിക്കുന്നു എന്ന സിഗ്നൽ മിന്നിത്തെളിയുന്നു. ബാഗുകളും എടുത്ത് സാരഥിക്ക് നന്ദിയും പറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി.
ഫ്രാൻസിസ് ദേവസ്യ
തുടരും



Comments
Post a Comment