ഗോകർണ : ബീച്ചുകളും ക്ഷേത്രങ്ങളും ഒരുക്കുന്ന വിസ്മയം


 

കാലം നിശ്ചലമായി നിലകൊള്ളുന്ന ചില ദേശങ്ങൾ സഞ്ചാര പാതയിൽ അപൂർവമായെങ്കിലും കടന്നുവരാറുണ്ട്. പഴമയും പൗരാണികതയുമൊക്കെ ഇന്നും നൂറ്റാണ്ടുകൾക്ക് മുമ്പെന്നപോലെ, യാതൊരു പോറലുമേൽപ്പിക്കാതെ കാത്തുസൂക്ഷിക്കുന്ന ഇടങ്ങൾ. തമിഴ്‌നാട്ടിലെ കുമ്പകോണമായിരുന്നു അത്തരം അതിശയ കാഴ്ചകൾ ആദ്യം സമ്മാനിച്ചത്. സമാനമായ ഒരനുഭവം പിന്നീട് നൽകിയത് ഗോകർണ്ണമായിരുന്നു.

ഗോകർണം: കർണ്ണാടകയിലെ പ്രശാന്തസുന്ദരമായ വിനോദസഞ്ചാര കേന്ദ്രം. മംഗലാപുരം-ഉഡുപ്പി-മൂകാംബിക (ബൈന്ദൂർ) -മുരുഡേശ്വർ വഴി സഞ്ചരിച്ചു ട്രെയിനിൽ ഇവിടെയെത്താം. മലയാളികളുടെ തീർത്ഥാടന പാതയിലേറെയും കടന്നുവരാറുള്ളത് പഴനിയും കൊല്ലൂർ മൂകാംബികയുമാണല്ലോ. പൂജാ അവധിക്കാലത്തെ ഒഴുക്ക് പക്ഷെ മൂകാംബികയിലേക്കാണ്. അവിടെ ദർശനം പൂർത്തിയാക്കിയ ശേഷം ചിലരെങ്കിലും കുടജാദ്രിക്കും മുരുഡേശ്വറിനും പുറപ്പെടുന്നു. മറ്റു ചിലർ ഉഡുപ്പിയ്ക്കും തിരിക്കും.

ഗോകർണ എന്തുകൊണ്ടോ പലപ്പോഴും തഴയപ്പെടുകയാണ് പതിവ്. ശരിയായ വിവരങ്ങൾ അറിയാത്തതുകൊണ്ടോ, ഇതൊരു ബീച്ച് ഡെസ്റ്റിനേഷൻ മാത്രമാണെന്ന തെറ്റിദ്ധാരണയോ ആയിരിക്കാം, ഈ അകൽച്ചയുടെയും അവഗണനയുടേയും കാരണം.

ക്ഷേത്രങ്ങളാലും കടലുകളാലും കടലോരങ്ങളാലും സമ്പന്നമായ ഗോകർണ ഒരിക്കൽ അനുഭവിച്ചാൽ സന്ദർശകർ പിന്നീട് അവിടെ പതിവുകരാവുന്നതാണ് കണ്ടുവരുന്ന രീതി.

നിശബ്ദതയും ഏകാന്തതയും ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങൾ, എങ്കിൽ ഇതുതന്നെ പറ്റിയ സ്ഥലം. പ്രകൃതിഭംഗിയിൽ അലിഞ്ഞിരിക്കാനാഗ്രഹിക്കുന്നവരെ കൊതിപ്പിക്കുന്ന ഭൂമിക. ഗ്രാമ്യഭംഗി തുടിക്കുന്ന പാതകളിലൂടെ കാഴ്ചകൾ കണ്ട് നടക്കാൻ കൊതിക്കുന്നവർക്ക്, കടലോര സൗന്ദര്യവും സാമിപ്യവും പ്രണയിക്കുന്നവർക്ക്, അമ്പലങ്ങളും അർച്ചനകളും ആസ്വദിക്കുന്നവർക്ക്, എല്ലാവർക്കും സസന്തോഷം തെരഞ്ഞെടുക്കാവുന്ന ഒരു യാത്രാ കേന്ദ്രമാണ് ഗോകർണ്ണം. പരശുരാമനുമായി ബന്ധപ്പെട്ട ഗോകർണ ചരിതം നാം കുട്ടിക്കാലത്ത് തന്നെ കേട്ടു ശീലിച്ചതാണ്. കാശിയും രമേശ്വരവും പോലെ ഗോകർണവും ഹിന്ദുക്കളുടെ ഒരു പുണ്യദേശമാവുന്നതിന് ഇങ്ങനെ പല കാരണങ്ങളുമുണ്ട്.

മനോഹരമായ നാട്ടുപാതകൾ, ചരൽകുന്നുകൾ, പാറക്കെട്ടുകൾ, ഒന്നിനൊന്ന് വ്യത്യസ്തമായ അഞ്ചോളം ബീച്ചുകൾ. ഗോകർണയുടെ ആകർഷകഘടകങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. ഇവയൊക്കെ ആസ്വദിക്കാനും അനുഭവിക്കാനും ഇങ്ങോട്ട് വരുക. ഇവിടുത്തെ പ്രഭാതങ്ങളും സായാഹ്നങ്ങളും ഒന്നനുഭവിച്ചു നോക്കുക. പ്രകൃതിയെ അതിന്റെ നിർമ്മലഭാവത്തിൽ ദർശിക്കാനാവുന്ന ഗോകർണ്ണം ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരും. ഇത് 'മിനി ഗോവ'യെന്ന് വെറുതെയല്ല അറിയപ്പെടുന്നത്!

ഊട്ടി-കൊടൈക്കനാൽ-പഴനി-മധുര-പറശ്ശിനിക്കടവ്-ഗുരുവായൂർ-ഉഡുപ്പി-മൂകാംബിക...ഒരു ശരാശരി മലയാളിയുടെ ട്രാവൽ റൂട്ട്പ്ലാൻ ഇതാണ്. വൈവിധ്യങ്ങളും പുതുമകളുമാണ് യാത്രകളെ ഹരം കൊള്ളിക്കുന്നത്. സാമ്പ്രദായികവും ആവർത്തനങ്ങളുമായ ഡെസ്റ്റിനേഷൻസ് ഒന്നു മാറ്റി നിർത്തുക. സഞ്ചാര പാതയിൽ എല്ലാം കടന്നുവരട്ടെ. കടലും കാനനവും കുന്നും മലകളും മഴയും മരുഭൂമിയും പുഴകളും പട്ടണങ്ങളുമൊക്കെ പരീക്ഷിച്ചുനോക്കുക. യാത്രകൾക്ക് പുതിയ മാനവും മനോഹാരിതയും നല്കാൻ ആ തീരുമാനം സഹായിക്കും. ഗോകർണ ഒരു തുടക്കമാവട്ടെ.

ഇവിടെയുള്ള ക്ഷേത്രങ്ങൾ

*മഹാബലേശ്വര സ്വാമി *മഹാഗണപതി

*മനേശ്വർ

*ഭദ്രകാളി

*മഹാലാസ

*ശ്രീ വെങ്കട്ടരമണ

*കോടിതീർത്ഥ

*ശ്രീ പട്ടെവിനായക

*ശ്രീ ഗോപാൽകൃഷ്ണ

*ശ്രീ കാലഭൈരവ

*ശ്രീ ശങ്കർനാരായണ

*ശ്രീ ഉമാ മഹേശ്വർ

ബീച്ചുകൾ

1. ഗോകർണ ബീച്ച്

2. കുഡ്ലെ ബീച്ച്

3. ഓം ബീച്ച്

4. ഹാഫ് മൂൺ ബീച്ച്

5. പാരഡൈസ് ബീച്ച്.

എങ്ങനെ എത്തിച്ചേരാം

ട്രെയിനാണ് മികച്ച ഓപ്ഷൻ. എത്ര കണ്ടാലും മതിവരാത്ത #കൊങ്കൺ കാഴ്ചകൾ ആസ്വദിച്ചു പകൽതന്നെ യാത്ര ചെയ്യുക. 'ഗോകർണ റോഡ്' എന്ന സ്റ്റേഷനിൽ ഇറങ്ങുക. മൂന്നോ നാലോ മിനിറ്റ് നടന്നാൽ ബസ് സ്റ്റോപ്പ്‌ കാണാം. ലോക്കൽ ബസ്സുകളിൽ കയറി ഗോകർണയ്ക്ക് ടിക്കറ്റ് എടുക്കുക. ദൂരം 7km മാത്രം. ചില ട്രെയിനുകൾക്ക് ഗോകർണയിൽ സ്റ്റോപ്പില്ല. എങ്കിൽ, കുംതയിൽ (Kumta) ഇറങ്ങുക. തുടർന്നു ബസ്സിൽ പോവുക. ഏതാണ്ട് 30 km അകലെയാണ് ഗോകർണ. 45 മിനിറ്റുമുതൽ ഒരു മണിക്കൂറിനകം എത്തിച്ചേരാം.  


സുനിൽ കുന്നോത്ത്

Comments

Popular posts from this blog

ചിദംബര കാഴ്ച്ചകൾ

കെനിയ - ടാൻസാനിയ ഡയറി

ദി ഇൻഫേമസ് മലാന