ഗോതൻബോർഗിലെ മധുരസ്മരണകൾ
ഭാഗം : 1
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ ഉത്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും സ്വീഡനിലെ ഗോതൻബോർഗിലേക്കുള്ള എൻറെ യാത്രക്ക് അനുയോജ്യമായ വിമാനങ്ങൾ ഒന്നും ലഭ്യമല്ലാത്തതിനാൽ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഖത്തർ എയർവേയ്സിലായിരുന്നു എൻറെ യാത്ര. 2019 ഡിസംബർ എട്ടാം തിയതി രാവിലെ 3 .20 നുള്ള QR537 എയർബസ്സിലാണ് യാത്ര ആരംഭിച്ചത്.
നേരത്തെ എയർപോർട്ടിൽ എത്തുന്ന ശീലം ഇത്തവണയും തെറ്റിച്ചില്ല. അൽപ്പനേരം കാത്തിരുന്ന ശേഷമാണ് ചെക്കിൻ കൗണ്ടർ പോലും തുറന്നത്. ക്യൂവിൽ മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചു. ചെക്കിൻ നടപടികൾക്കായി പാസ്പ്പോർട്ടും ടിക്കറ്റും ഒക്കെ കൗണ്ടറിലെ സുന്ദരിയെ ഏൽപ്പിച്ചു.
രണ്ടു മാസം മുൻപ് (2019 -ഒക്ടോബർ) സകുടുംബം യൂറോപ്പിലേക്ക് ഒരു ടൂർ നടത്തിയിരുന്നു. അന്ന് അതിന് വേണ്ടി ഫ്രഞ്ച് എംബസ്സിയിൽ നിന്നും അനുവദിച്ചു കിട്ടിയ ആറുമാസം കാലാവധിയുള്ള മൾട്ടി എൻട്രി ഷെൻജൻ വിസയാണ് എൻ്റെ പാസ്സ്പോർട്ടിലുള്ളത്.
പരസ്പരം ആശങ്കകൾ പങ്കിടാനും ഭവിഷ്യത്തുകൾ പ്രവചിക്കാനും ആരും കൂടെയില്ലാത്തതിനാലാവണം നല്ല ശുഭാപ്തി വിശ്വാസത്തിലായിരുന്നു ഞാൻ.
ഒടുവിൽ ഒരു ക്ഷമാപണത്തോടെ അവർ എൻറെ ബോർഡിങ് പാസുകൾ അടിച്ചു തന്നു. തുടർ നടപടികൾ എല്ലാം പൂർത്തിയാക്കി വിശ്രമ കേന്ദത്തിൽ കുറെ നേരം കാത്തിരുന്ന ശേഷമാണ് ബോർഡിങ് അറിയിപ്പ് കിട്ടിയത്. കൃത്യ സമയത്തു തന്നെ ഖത്തറിലെ ദോഹയിലേക്കുള്ള യന്ത്രപ്പക്ഷി ഞാനുൾപ്പെടെയുള്ള യാത്രികരുമായി പറന്നുയർന്നു.
എട്ടുമണിക്ക് ടെർമിനൽ രണ്ടിൽ നിന്നും ഡെന്മാർക്കിലെ കോപ്പൻഹേഗനിലേക്ക് പറന്നുയരുമെന്ന് കരുതിയിരുന്ന BOEING 777-300ER വൈഡ് ബോഡി വിമാനം ഒരു മണിക്കൂർ വൈകിയാണ് യാത്ര പുറപ്പെട്ടത്.അതിലാകട്ടെ വളരെ കുറച്ചുയാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു.
യൂറോപ്പിൽ വിൻറർ സീസൺ ആയതിനാൽ വിനോദ സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞതുകൊണ്ടാകാം യാത്രക്കാരുടെ എണ്ണത്തിൽ ഇത്ര കുറവുണ്ടായത് എന്ന് തോന്നുന്നു. ഞാനിരുന്ന സെക്ടർ രണ്ടിലെ പിൻനിരയിൽ ഏഴ് സീറ്റുകളിൽ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു ഗുണമുണ്ടായി. ഏഴ് മണിക്കൂറോളം നീണ്ട യാത്രാ വേളയിൽ സുഖമായി നീണ്ടു നിവർന്ന് കിടക്കാൻ പോലും സൗകര്യമുണ്ടായി. സുദീർഘമായ യാത്രയുടെ ക്ഷീണം കൊണ്ടാവണം നന്നായി ഉറങ്ങുകയും ചെയ്തു.
ഏതാനും മിനിറ്റുകൾക്കുള്ളിൽ കോപ്പൻഹേഗനിൽ ലാൻഡ് ചെയ്യുമെന്നുള്ള അറിയിപ്പ് കേട്ടുകൊണ്ടാണ് കണ്ണ് തുറന്നത്. വിമാനത്തിൻറെ ആകാശ മാർഗ്ഗമാണ് കണ്മുന്നിലുള്ള മോണിറ്ററിൽ തെളിയുന്നത്. അതിൽ വിമാനത്തിൻറെ അപ്പോഴത്തെ സ്ഥാനം കണ്ടപ്പോൾ ആവേശമായി. സ്വീഡൻറെ തെക്കൻ പ്രവിശ്യയായ സ്കാനിയ കൗണ്ടിയുടെ മുകളിലൂടെയാണ് വിമാനം പറക്കുന്നത്. അതായത് പത്തു വര്ഷങ്ങൾക്ക് മുൻപ് കുട്ടികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ സ്വീഡിഷ് ഇന്റർനാഷനൽ ഡെവലപ്മെൻറ് കോഓപറേഷൻ ഏജൻസി(SIDA) സംഘടിപ്പിച്ച അന്താരാഷ്ട്ര പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി ഒരു മാസക്കാലം ജീവിച്ച 'ലുണ്ട്' നഗരവും അതേ പേരിൽ അറിയപ്പെടുന്ന യൂണിവേഴ്സിറ്റിയും ഉൾപ്പെടുന്ന പ്രദേശമാണ് താഴെ. ആ ഭൂപ്രദേശങ്ങൾ ഒരിക്കൽ കൂടി കാണണമെന്ന ആഗ്രഹത്തോടെയാണ് വിൻഡോ സ്ക്രിനിൻറെ സുതാര്യത കൂട്ടിയത്. പക്ഷേ പുറത്തെ കാഴ്ചകളെ മുഴുവനായും മറച്ചുകൊണ്ട് നിരന്നു പരന്നു കിടക്കുന്ന മഴക്കാറ് കണ്ട് നിരാശനാകേണ്ടി വന്നു.
സ്വീഡനെയും ഡെന്മാർക്കിനെയും ബന്ധിപ്പിക്കുന്ന; ഒറെസുണ്ട്; എന്ന അതിശയപ്പാലത്തിൻറെ (ആകെ 16 കിലോമീറ്റർ നീളം. അതിൽ നാല് കിലോമീറ്റർ ദൂരം കടനിടിയിലൂടെയുള്ള തുരങ്കപാത) ആകാശക്കാഴ്ച
ക്യാമറയിലാക്കണം എന്നൊരു മോഹമുണ്ടായിരുന്നു. ആകാശമാർഗ്ഗത്തിൽ നിന്നും ഭൂവിതാനത്തിലേക്ക് താണിറങ്ങുമ്പോൾ ശക്തമായ മഴയുടെ അകമ്പടി കൂടിയുണ്ടായിരുന്നതിനാൽ ആ മോഹവും മരവിച്ചു. പുറത്തെ താപനില പോലെ തണുത്തുറഞ്ഞുപോയ മോഹങ്ങളേയും നെഞ്ചേറ്റിക്കൊണ്ടാണ് കോപ്പൻഹേഗനിലെ കസ്തുർപ് (KASTRUP) അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ വിമാനത്തിൽ നിന്നും ഇറങ്ങിയത്.
തുടരും
ഫ്രാൻസിസ് ദേവസ്യ



Comments
Post a Comment