പുഴയായ് കടലായ്, മഞ്ഞായ്, മഴയായ് ഒഴുകിയൊഴുകി ഒരു യാത്ര

 


യാത്ര എന്നും ഒരു സുഖമുള്ള അനുഭവമാണ്. അത്  വലുതോ ചെറുതോ ആയിക്കൊള്ളട്ടെ. ചലിച്ചു കൊണ്ടിരിക്കുമ്പോൾ തോന്നുന്ന ഒരു നിറവ്.

ഇത്തവണ ഒത്തുകിട്ടിയത് ഒരു ലക്ഷദ്വീപ് യാത്രയാണ്. പതിനെട്ട്, പത്തൊമ്പതു വയസ്സിൽ കൂടെ പഠിച്ചിരുന്ന ദ്വീപ് സ്വദേശികളുടെ വിവരണങ്ങളിൽ നിന്നും പൊട്ടി മുളച്ച മോഹം.

കുടുംബം, ജോലി തിരക്കുകൾക്കിടയിൽ ദശകങ്ങൾ ചാരം മൂടിക്കിടന്നിരുന്ന കനൽ. പിന്നീടറിഞ്ഞൂ, അവിടെ പോകണമെങ്കിൽ മുൻകൂട്ടി അനുവാദം വേണം, കപ്പൽ ടിക്കറ്റ് ബുക്ക് ചെയ്യണം തുടങ്ങിയ കടമ്പകൾ ഉണ്ട് എന്ന്. പാക്കേജ് എടുത്തു പോകാമെന്നൊക്കെ ആലോചിക്കുമ്പോഴേക്കും കൊറോണയുടെ വരവും.

പതുക്കെപ്പതുക്കെ ടൂറിസം ഉണർന്നു തുടങ്ങിയപ്പോൾ ഒരു  ഫേസ്ബുക്ക് ഗ്രൂപ്പിൽ പലപല യാത്രകളുടെ അറിയിപ്പുകൾ കണ്ടു. ലക്ഷദ്വീപ് യാത്ര കണ്ണിലുടക്കിയപ്പോൾ കൊറോണപ്പേടിയൊക്കെ എങ്ങോ പോയി.

ടാഗോറിൻ്റെ ഗീതാഞ്ജലി കവിതകളിലൂടെ ഉല്ലാസയാത്ര നടത്തുകയും അതെല്ലാം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു കൊണ്ടിരുന്ന ഭർത്താവ് യാത്രയ്ക്ക് എല്ലാവിധ പിന്തുണയും തന്നതോടെ  2021   നവംബർ 4മുതൽ 7 വരെയുള്ള ദ്വീപ് യാത്ര തെരഞ്ഞെടുത്തു.

ഒരുമിച്ചു മാത്രം എല്ലാ യാത്രകളും നടത്തിയുരുന്നതിൽ നിന്ന് വ്യത്യസ്തമായി ഞാൻ കാലുമാറിയപ്പോൾ മകന് ചെറിയ പരിഭവം. എങ്കിലും, വിമാന ടിക്കറ്റ് എടുത്തു തന്നതും രേഖകൾ സ്കാൻ ചെയ്ത് അയച്ചതും ഓൺലൈനിൽ പണമടച്ചതും വെബ് ചെക്ക് ഇൻ ചെയ്തതും എല്ലാം മകൻ തന്നെ. RTPCR നെഗറ്റീവ് ആയിക്കിട്ടണമെന്ന ആശങ്ക ഒഴികെ ബാക്കിയെല്ലാം സന്തോഷത്തിന്റെ ഉത്തുംഗശൃങ്കത്തിൽ തന്നെയായിരുന്നു.

നാലാം തീയതി രാവിലെ പത്തു മണിക്ക് തന്നെ കൊച്ചി എയർ പോർട്ടിൽ എത്തി. കൊറോണയ്ക്കു മുമ്പ് ഉണ്ടായിരുന്ന ബഹളം നിറഞ്ഞ എയർപോർട്ട് അല്ല. ആൾത്തിരക്ക് ഒന്നും ഇല്ലാത്ത ആഭ്യന്തര ടെർമിനൽ. ബാഗേജ് ചെക് ഇൻ ചെയ്യുന്നിടത്ത്  അല്പം ഒന്ന് സംശയിച്ചു നിന്നു. ഞങ്ങളുടെ ടീംമാനേജരായ നവ്യയെ ഫോൺ ചെയ്തു. ഓരോരുത്തരെയായി പ്രതീക്ഷിച്ചു കാത്തുനിന്നിരുന്ന നവ്യ ഓടിവന്നു. ഇതുവരെ തമ്മിൽ കാണാത്തതിനാൽ തൊട്ടു മുമ്പിൽ നിന്നിട്ടും തിരിച്ചറിഞ്ഞില്ല എന്നതാണ് വസ്തുത.

വളരെ സ്മൂത്ത് ആയി സെക്യൂരിറ്റി ചെക്കിംങും കഴിഞ്ഞ് ബോർഡിംഗിനായി ഗേറ്റിനടുത്തുള്ള വിശ്രമ സ്ഥലത്തെത്തി. എല്ലാവരേയും ആദ്യമായാണ് കാണുന്നത് എങ്കിലും  യാത്രാഭിനിവേശം  എല്ലാവരേയും ഒരേ ചരടിൽ കോർത്തിരുന്നു. ആഹ്ലാദം പങ്കുവെച്ച് എല്ലാവരും തമ്മിൽ തമ്മിൽ അഭിവാദ്യമർപ്പിച്ചു.

എയർ ഇന്ത്യയുടെ ഒരു ചെറിയ വിമാനം ഞങ്ങളേയും വഹിച്ച് ഉയർന്നു പൊങ്ങി. കുറച്ചു ദൂരം വടക്കു ദിശയിൽ സഞ്ചരിച്ചതിനു ശേഷം നേരെ പടിഞ്ഞാറുദിശയിൽ. ടൗണുകളും പച്ചപ്പും പിന്നിട്ട് കടലും കരയും തമ്മിൽ പുണരുന്നതും കണ്ട് നീലക്കടലിന്റെ അതിവിശാലതയ്ക്കു മുകളിലൂടെ ഒരു കുഞ്ഞു തുമ്പിയായി ഞങ്ങളുടെ കൊച്ചു വിമാനം.

താഴെ  വിശാലമായ കരിനീലയും, പഞ്ഞിക്കെട്ടുകൾ പോലെ വെള്ള മേഘക്കഷ്ണങ്ങളും. ഇടയ്ക്കിടയ്ക്കു കാർമേഘങ്ങൾക്കിടയിലൂടെ ഊളിയിട്ട് ഞങ്ങളുടെ യന്ത്രപ്പക്ഷി പറന്നുകൊണ്ടിരുന്നു. അപ്പോൾ പുറത്ത് കോട മാത്രം. ഒരു കൊച്ചു ദ്വീപ് സാഗര മധ്യത്തിൽ കണ്ടു. വീണ്ടും മുന്നോട്ട്. ഒരു മണിക്കു മുൻപു തന്നെ  അഗത്തിയിൽ എത്തുമെന്ന അറിയിപ്പ് വന്നു.

കരിനീലക്കടലിനു നടുവിൽ തുരിശുനീല നിറത്തിൽ അഗത്തി ദ്വീപിന്റെ മനോഹരമായ ലഗൂണും മഴത്തുള്ളിപോലെ ഒരറ്റം നേർത്ത അഗത്തിയും മനം മയക്കുന്ന കാഴ്ച്ച തന്നു. ചിരകാല സ്വപ്നം ആയ ലക്ഷദ്വീപിൽ കാലുകുത്തിയ സുന്ദര നിമിഷം.

വളരെ ചെറിയ എയർപോർട്ട് ആയിരുന്നു അഗത്തിയിലേത്. ഞങ്ങൾ പതിനഞ്ചു പേരുടേയും RTPCR ഉം ദ്വീപ് പെർമിറ്റും ആധാർ കാർഡും എല്ലാം ടീം മാനേജർ ശേഖരിച്ച്   വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി.

ചെറിയ ബിൽഡിംഗിനു പുറത്തെ കാറ്റാടി മരങ്ങളും  നീലക്കടലും ആസ്വദിച്ച് ഞങ്ങൾ ഇരുന്നു.. അഗത്തി ദ്വീപിൽ കൊടി വില്ലാസ് എന്ന റിസോർട്ട് നടത്തുന്ന അബിയും കൂട്ടുകാരും മൂന്ന് ഓമ്നി വാനുകളിൽ ഞങ്ങളെ  റിസോർട്ടിൽ എത്തിച്ചു.. ഓമ്നി വാനുകളും സൈക്കിളും ബൈക്കും  മാത്രമാണ് ദ്വീപിലെ വാഹനങ്ങൾ.

ഏകദേശം നൂറുമീറ്റർ മാത്രം വീതിയുള്ള ദ്വീപിന്റെ "വാൽഭാഗ"ത്താണ്  ഞങ്ങളുടെ റിസോർട്ട്. കടലിന് അഭിമുഖമായി ഏഴോ എട്ടോ ശീതീകരിച്ച മുറികൾ ഉള്ള വില്ല.

സമൃദ്ധമായ തെങ്ങിൻ തോപ്പിനിടയിലൂടെ ദ്വീപിന്റെ രണ്ടു ഭാഗത്തേയും കടൽ കാണാമെന്നതാണ് പ്രത്യേകത. ഒരുഭാഗം തുരിശുനീലക്കടൽ. മറുഭാഗം  കരിനീലനിറത്തിൽ ആഴക്കടൽ. കടൽനീല നിറങ്ങളിലെ വൈവിധ്യം കാണാൻ പോകുന്നതേയുള്ളു എന്ന് അപ്പോൾ ഞങ്ങൾ അറിഞ്ഞില്ല.

വെള്ള മണലിൽ നിരത്തി ഇട്ടിരുന്ന കസേരകളിലിരുന്ന് ഇളനീർ കുടിക്കുമ്പോഴും പവിഴപ്പുറ്റുകൾ വളരുന്ന മനോഹരമായ ലഗൂണിൽ നിന്നും കണ്ണെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ദൂരെ റീഫിന്റെ അതിരിനപ്പുറം ആഴക്കടലിന്റെ വെള്ളിത്തിരമാലകൾ ആവസാനിക്കുന്നത് കാണാമായിരുന്നു.

വിചാരിച്ചതിനു വിപരീതമായി, വളരെ രുചികരമായ വെജ് ഊണിനുശേഷം (മാംസാഹാരികൾക്കുള്ള ഊണും ഉണ്ടായിരുന്നു), പൊരിവെയിലത്ത് ഓളങ്ങൾ തീരം തലോടുന്ന വെള്ളത്തിൽ ഇറങ്ങി . വെള്ള മണൽത്തീരം ശ്രദ്ധിച്ചപ്പോഴാണ് കോറൽ പൊടിഞ്ഞുണ്ടായ കാൽസ്യം കാർബണേറ്റ് തരികൾ മാത്രമാണ് എന്നും മണലിന്റെ (സിലിക്ക) അംശം പോലും ഇല്ല എന്നും തിരിച്ചറിഞ്ഞത്.

വൈകുന്നേരം ദ്വീപിന്റെ വീതികൂടിയ വടക്കെ അറ്റത്തേക്കുള്ള യാത്ര. അഗത്തി ഏകദേശം ഏഴു കിലോമീറ്റർ മാത്രം നിളമുള്ള ദ്വീപ് ആണ്. ഏറ്റവും കൂടിയ വീതി മൂന്നു കിലോമീറ്റർ ആണ്. ആദ്യം ഞങ്ങൾ പോയത് NCF ന്റെ കീഴിൽ പുതിയതായി ആരംഭിച്ച മത്സ്യ,കടൽജീവി ഗവേഷണകേന്ദ്രത്തിലേക്കാണ്. വളരെ ശൈശവാവസ്ഥയിലുള്ള സ്ഥാപനത്തിൽ സീഅനിമൺ, ക്ലോൺ ഫിഷ് എന്നിവയുടെ പാരസ്പര്യജീവിതത്തെ ക്കുറിച്ച് പഠനം നടത്തുന്നു എന്ന് അറിയാൻ കഴിഞ്ഞു.

കടൽജലം ശുദ്ധിചെയ്ത് കുടിവെള്ളം എടുക്കുന്ന  desalination plant, ബോട്ട് ജട്ടി എന്നിവ സന്ദർശിച്ചതിനുശേഷം  വീതി കൂടിയ അറ്റത്തെ കടൽത്തീരത്ത് എത്ര കണ്ടാലും മതിവരാത്ത അസ്തമയ സൂര്യന്റെ വർണജാലം ആസ്വദിച്ചു. യാത്രയ്ക്ക് ഇടയിൽ ദ്വീപ് നിവാസികളുടെ വീടുകളും ഒരു ഹയർ സെക്കൻഡറി സ്കൂളും ഷിപ്പ് യാത്രയ്ക്ക് ടിക്കറ്റ് നൽകുന്ന ഓഫീസും എല്ലാം കാണാൻ കഴിഞ്ഞു.

മത്സ്യവും തേങ്ങയും ഒഴികെ മറ്റെല്ലാം മെയിൻ ലാന്റിൽ നിന്നു കൊണ്ടുവരണമെന്നത് ദ്വീപ് നിവാസികളുടെ വലിയ പരാധീനത തന്നെയാണ്. അപൂർവമായി രണ്ടു നിലവീടുകളും ഓടിട്ടവീടുകളും കണ്ടെങ്കിലും ഒറ്റ നില ടെറസ് വീടുകളാണ് ഭൂരിഭാഗവും. പച്ചക്കറികളൊന്നും വളരാത്ത മണ്ണിൽ തെങ്ങ് നന്നായി വളരുന്നു. ആട്,കോഴി എന്നിവയെയും കാണാൻ കഴിഞ്ഞു.

അടുത്ത ദിവസം ബംങ്കാരം ദ്വീപിൽ പോകാമെന്നായിരുന്നു പ്ലാൻ എങ്കിലും, മൂടിക്കെട്ടിയ അന്തരീക്ഷം തീരുമാനത്തെ മാറ്റി. അഗത്തി ദ്വീപിൽ തന്നെ വെള്ളത്തിലെ ആക്റ്റിവിറ്റീസിനായി (ആർമാദിക്കൽ ) ഞങ്ങൾ താമസിച്ചിരുന്നതിനു അല്പം കൂടി തെക്കെ തീരത്തെത്തി.

ആദ്യം കയാക്കിങ് ആണ് ചെയ്തത്. ലൈഫ് ജാക്കറ്റ്  ധരിച്ച് രണ്ടു പേർ വീതം ഒരോ ബോട്ടിലും കുറേ നേരം തുഴഞ്ഞു. ഒരു പാടു ദൂരം തുഴഞ്ഞു എന്നൊക്കെയാണ് കരുതിയത്.. പക്ഷേ ചെറിയ ദൂരത്തിൽ മാത്രം കടലിന്റെ ഓളത്തിൽ ചാഞ്ചാടി നിൽക്കുകയായിരുന്നു എന്ന് പിന്നീട് മനസ്സിലായി.  പക്ഷേ അമ്പത്തേഴാം വയസ്സിൽ ജീവിതത്തിൽ ഒരിക്കലും കിട്ടാൻ സാധ്യതയില്ലാത്ത ഒരു നേട്ടം തന്നെയായിരുന്നു അത്. ലൈഫ് ജാക്കറ്റ് ധരിച്ച് ഒരുപാട് സമയം ഞങ്ങൾ വെള്ളത്തിൽ തിമിർത്തു.. എല്ലാവരും എട്ടും പത്തും വയസ്സുള്ള കുട്ടികളായിമാറി.

തലേദിവസം രാത്രി നൽകിയ  സ്കൂബ ഡൈവിംങ് ക്ലാസ്സിന്റെ പ്രാക്ടിക്കൽ ആണ് അടുത്തത്. ആദ്യം അവസരം കിട്ടിയവരൊക്കെ തിരിച്ചെത്തി, തീർച്ചയായും ചെയ്യണമെന്ന് പ്രോത്സാഹിപ്പിച്ചു. ആഗ്രഹവും പേടിയും ഒരേ ലെവലിൽ നിന്നാൽ ഏത് വിജയിക്കും? അവസാനം ആഗ്രഹം തന്നെ വിജയിച്ചു പുറത്ത് ഓക്സിജൻ സിലിണ്ടറും മുഖത്ത് മാസ്കും വെച്ച് ട്രയിനറുടെ കൂടെ പതുക്കെ പതുക്കെ വെള്ളത്തിനടിയിലേക്ക്.

ആദ്യം കനത്ത ഭയം തോന്നി എങ്കിലും ട്രെയ്നറുടെ കട്ടസപ്പോർട്ടിൽ  ധൈര്യം സംഭരിച്ച്  കടലിനടിയിലെ മനോഹരമായ കാഴ്ചകളിലേക്ക് ഊളിയിട്ടു. പല വർണ്ണങ്ങളിലും വലിപ്പത്തിലുമുള്ള മത്സ്യങ്ങൾ, പവിഴപ്പുറ്റുകൾ,കടൽ വെള്ളരി, നക്ഷത്രമത്സ്യം, പിന്നെ  പേരറിയാത്ത പലതും. വെള്ള വിരിപ്പു പോലെ കടലിന്റെ അടിഭാഗം. വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത സുന്ദരാനുഭവം. എന്റെ സ്കൂബ ഡൈവിംങിന്റെ മുഴുവൻ ക്രെഡിറ്റും  അതു സാധ്യമാക്കിയ നല്ല ട്രയ്നർക്കു മാത്രം അവകാശപ്പെട്ടതാണ്.

വൈകുന്നേരം അഗത്തി ദ്വീപിനോട് ചേർന്നു കിടക്കുന്ന കൽപ്പിറ്റി  ദ്വീപിലേക്ക് യാത്രയായി..ബോട്ടിലാണ് യാത്ര..വേലിയിറക്കമായതിനാൽ പലഭാഗത്തും ആഴക്കുറവു മൂലം ബോട്ട് വഴി മാറ്റി സഞ്ചരിക്കേണ്ടി വന്നു. തെങ്ങുകളും കണ്ടൽച്ചെടികളും വെള്ള മണലും മനോഹരമാക്കുന്ന ദ്വീപും, ലഗൂണിൽ  ഓരോ കറുത്ത കൂട്ടമായി എണ്ണിയാൽ തീരാത്തത്ര ജീവനുള്ള പവിഴപ്പുറ്റുകളും, സ്ഫടികം പോലെ തെളിഞ്ഞ ജലത്തിലൂടെ പാഞ്ഞു പോകുന്ന ആമകളും മനസ് നിറയ്ക്കുന്ന കാഴ്ചയായി.

കഴിഞ്ഞ ദിവസം വന്നിറങ്ങിയ വിമാനത്താവളത്തിന്റെ റൺവേയ്ക്കും  കെട്ടിടഭാഗങ്ങൾക്കും സമാന്തരമായി ആഴം കുറഞ്ഞ കടലിലൂടെ കൽപ്പിറ്റി ദ്വീപിലെത്തി.  ബോട്ട് കരയോട് അടുപ്പിക്കാൻ കഴിയില്ല. മുട്ടിനു മുകളിൽ വെള്ളത്തിൽ ഇറങ്ങി കരയിലേക്ക് നടന്നതും ഹൃദ്യാനുഭവം.

ആൾതാമസമില്ലാത്ത കണ്ടൽക്കാടും പാറകളും മാത്രം ഉള്ള ദ്വീപ് ആണ് കൽപ്പിറ്റി. അഗത്തി ദ്വീപിന്റെ വാലറ്റത്തെ തുടർച്ച തന്നെയാണത്. വേലിയിറക്ക സമയമായതിനാൽ നീരാളി,നക്ഷത്രമത്സ്യം  തുടങ്ങിയവയൊക്കെ പാറയിടുക്കിലും ചെറു കുഴികളിലും കണ്ടു. തദ്ദേശ വാസികൾ വേലിയിറക്ക സമയത്ത് കടൽജീവികളെ ശേഖരിക്കുന്നത് പതിവു കാഴ്ചയാണ്.

സാന്ധ്യാകാശ ഭംഗിയും നക്ഷത്ര ശോഭയും ആസ്വദിച്ച് തിരിച്ചുള്ള ബോട്ട് യാത്ര. സ്വാദേറിയ രാത്രി ഭക്ഷണത്തിന് ശേഷം അൽപ്പസമയം കടലലകൾ കണ്ടുകൊണ്ട് തീരത്തിരുന്നു. അപ്പോഴാണ് അത് കണ്ടത് .തിരമാലകളിൽ കുഞ്ഞ് LED ബൾബുകൾ ഇട്ടതു പോലെ കാണുന്നു.  മിന്നാമിനുങ്ങ് പോലെ കടലിലെ ചെറുജീവികളുടെ തിളക്കം അപ്രതീക്ഷിതമായി കിട്ടിയ ഒരു കാഴ്ച. കുറേ നേരം ഭംഗി ആസ്വദിച്ചു.തുടർന്ന് മുറിയിൽ എല്ലാം മറന്ന് ഒരുറക്കം.

 

അടുത്ത ദിവസം അലയാഴിയിലൂടെ ഫിഷിംഗ് ബോട്ടിൽ അഗത്തിയുടെ ഏറ്റവും അടുത്തുള്ള മറ്റൊരു ദ്വീപ് ലക്ഷ്യമാക്കി ഞങ്ങൾ യാത്രയായി. മനോഹരമായ ലഗൂൺ കടന്ന് നീലക്കടലിലൂടെ ചാഞ്ചാടി ബോട്ട് മുന്നോട്ട്.. അല്പ ദൂരം പിന്നിട്ടപ്പോൾ തെളിഞ്ഞ നീലനിറം മാറി , ഇരുണ്ട നിറമായി. പ്രതീക്ഷയോടെ നോക്കി ഇരുന്നെങ്കിലും ഡോൾഫിനുകളെ കാണാൻ കഴിഞ്ഞില്ല. ഒന്നര മണിക്കൂർ തുള്ളിത്തെറിച്ചും ചാഞ്ചാടിയും ആഴക്കടലിലൂടെ യാത്ര.

ദൂരെ ബംങ്കാരം,തിണ്ണക്കര, പറളി 2 എന്നീ ദ്വീപുകൾ. മൂന്നിലും ആൾതാമസം ഇല്ല. വീണ്ടും മനോഹരമായ ലഗൂണിലൂടെ തിണ്ണക്കര ദ്വീപിലിറങ്ങി. നടന്നു നടന്ന് ദ്വീപിന്റെ മറുകരയിൽ എത്തി. നിറയെ തെങ്ങുകളും പേരറിയാത്ത കുറ്റിച്ചെടികളും നിറഞ്ഞ ദ്വീപിലെ ഭൂമി അഗത്തി നിവാസികളുടെത് ആണ്. അവർക്ക് അത് മറ്റാർക്കും കൈമാറാൻ അവകാശം ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. തേങ്ങ ഇടാനും മീൻ ഉണക്കാനും ഒക്കെയായി ഉടമസ്ഥർ ഇടയ്ക്ക് ദ്വിപിൽ വന്നു  താമസിക്കാറുണ്ട്. അതിനായി ചെറു വീടുകളും ഒരു പള്ളിയും തിണ്ണക്കരദ്വീപിൽ ഉണ്ട്.

അഗത്തിയേക്കാൾ വിശാലമായ വെളുവെളുത്ത കടൽത്തീരം ആണ്  തിണ്ണക്കര ദ്വീപിലേത്. ശാന്തസുന്ദരമായ ലഗൂൺ.  നോക്കിയാൽ കാണുന്നിടത്ത് ബംങ്കാരം ദ്വീപ്. തിണ്ണക്കരയിൽനിന്നും വീണ്ടും ബോട്ടിൽ കയറി ലഗൂണിൽ തന്നെ  സ്നോർക്കലിംങ് നടത്തി. ലൈഫ് ജാക്കറ്റും മാസ്കും ധരിച്ച് വെള്ളത്തിനു മുകളിൽ നീന്തിക്കൊണ്ട് അടിയിലെ കാഴ്ച കാണുന്നതാണ് സ്നോർക്കലിംങ്. നല്ല ഒഴുക്കുള്ള എന്നാൽ താരതമ്യേന ആഴം കുറഞ്ഞ ഭാഗത്താണ് സ്നോർക്കലിംങ് ചെയ്തത്. കപ്പൽഛേദത്തിന്റെ അവശിഷ്ടങ്ങളും  പല വർണ്ണ മത്സ്യങ്ങളും ജീവികളും വീണ്ടും വർണക്കാഴ്ചകളൊരുക്കി. ബോട്ടിൽ കെട്ടിയിട്ട കയറിൽ പിടിച്ചു ഫ്ലോട്ട് ചെയ്ത് ധാരാളം സമയം ചെലവഴിച്ചു.

തുടർന്ന് ബംങ്കാരം ദ്വീപിലെ ലക്ഷ്വറി റിസോർട്ടും കണ്ട്  ദ്വീപിലെ  പ്രശസ്തമായ  സാന്റ് ബാങ്കിലെത്തി. തീരത്തുനിന്ന് പത്തു മീറ്റർ വിട്ട് വിശാലമായ മണൽത്തിട്ട (മണൽ അല്ല,കോറൽ പൊടിഞ്ഞുണ്ടായ വെള്ളത്തരികൾ എന്ന് വീണ്ടും പറയട്ടെ) . അവിടെ നിന്നും  കാണുന്ന കടലിന്  തിളക്കമുള്ള മറ്റൊരു നീല.  ധാരാളം സമയം നീന്താനുള്ള അവസരം അവിടേയും ലഭിച്ചു..പലപല കടൽ നീലകൾ കടന്ന് തിരിച്ച് അഗത്തിയിലേക്ക്.

എല്ലായിടത്തും ഞങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തി എല്ലാ ക്രമീകരണങ്ങളും ചെയ്തുതന്ന അബി, ജംഷീർ, സെഹീർ എന്നിവരോട് എന്നും മനസു നിറയെ സ്നേഹം മാത്രം..

 ഞങ്ങളുടെ ആവശ്യപ്രകാരം അവർ ഏർപ്പാടാക്കിത്തന്ന ദ്വീപീലെ ഇളംതേങ്ങയും ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന പലഹാരവും വെർജിൻ വെളിച്ചെണ്ണയും മീൻ അച്ചാറും വാങ്ങി വീണ്ടും വരണമെന്ന് മനസ്സിൽ കുറിച്ച് ഉച്ചയോടെ അഗത്തി എയർപോർട്ടിലേക്കും തുടർന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്കും തിരിച്ചു.

കുറിപ്പ് : പാക്കേജ് Rs.18500, വിമാനടിക്കറ്റ് Rs.11600, സ്കൂബ Rs.3000 ഇത്രയും രൂപയാണ് യാത്രയ്ക്ക് ആകെ ചെലവ് വന്നത്.

 

നിർമ്മല.കെ


Comments

Popular posts from this blog

ചിദംബര കാഴ്ച്ചകൾ

കെനിയ - ടാൻസാനിയ ഡയറി

ദി ഇൻഫേമസ് മലാന