മമ്മിയും ഞാനും പടുകൂറ്റൻ പിരമിഡും
ഏതൊരു യാത്രാപ്രേമിയുടെയും ബക്കറ്റ് ലിസ്റ്റിൽ എന്തായാലും കാണുന്ന രാജ്യം ഈജിപ്ത്. ഒരുപാട് അത്ഭുതങ്ങളും, സവിശേഷമായ സംസ്കാര തനിമയും എല്ലാം അടങ്ങിയ ഒരു രാജ്യം. ചരിത്രം നമ്മുക്ക് മുന്നിൽ അടയാളങ്ങളായി, ചിത്രലിപിയാൽ രേഖപ്പെടുത്തി വച്ചു.
ഈജിപ്ത് എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസിലേക്കു കടന്നു വരുന്നത് പിരമിഡുകളും നൈൽ നദിയുമാണ്. എന്റെ യാത്രക്ക് വേണ്ടിയുള്ള ആദ്യ യാത്ര ഈ ഭൂമികയിലൂടെ ആയിരുന്നു. 2010ൽ, ഈജിപ്തിൽ അറബ് വിപ്ലവം ചെറിയ തോതിൽ മൊട്ടിട്ടു വരുന്ന സാഹചര്യത്തിലായിരുന്നു യാത്ര. ഈജിപ്തിലെ അന്നത്തെ സാഹചര്യം കാണിക്കിലെടുത്തു ഞങ്ങൾ നാലു സുഹൃത്തുക്കളും വിമാനമിറങ്ങിയത് ശർമ അൽ ഷെയ്ഖ് എന്ന റിസോർട്ട് നഗരത്തിൽ ആണ്. യൂറോപ്യൻസിന്റെ സ്വപ്ന നഗരം. അന്നത്തെ സാഹചര്യത്തിൽ ശർമ അൽ ഷെയ്ഖ്, കയ്‌റോയെ വച്ചു നൊക്കുമോൾ കുറേ കൂടി സുരക്ഷിതത്വം നിറഞ്ഞ നഗരം. ഞങ്ങളെ സംബന്ധിച്ചു പിരമിഡാണ് പ്രാഥമിക ലക്‌ഷ്യം. അത് ആണെകിൽ കയ്‌റോ എന്ന് പറയുന്ന തലസ്ഥാന നഗരത്തിലും. എന്തായാലും ശർമ അൽ ഷെയ്ഖിൽ വച്ചു ഒരു ടൂർ ഓപ്പറേറ്ററുമായി ഒരു കരാറിൽ എത്തി. കയ്‌റോ എന്ന് പറയുന്ന മഹാ നഗര കാഴ്ചകൾ അവർ കാണിച്ചു തരാമെന്നു ഏറ്റു.
അങ്ങനെ ഒരു ദിവസം പാതിരാത്രിയിൽ ശർമ അൽ ഷെയ്ഖിൽ നിന്നും ഒരു കുടുസ് വാനിൽ കയ്‌റോയിലേക്ക് യാത്ര തിരിച്ചു. 7 മണിക്കൂർ എടുത്തു കയ്‌റോയിൽ എത്തിപ്പെടാൻ. ചെറു ഗ്രാമങ്ങളും, പട്ടണങ്ങളും, സഹാറ മരുഭൂ പ്രദേശവും എല്ലാം കടന്നു കയ്‌റോ എന്ന് പറയുന്ന മഹാനഗരത്തിൽ അതി രാവിലെ എത്തി ചേർന്നു.
"ഹലോ ഞാൻ അഹമ്മദ്. ഞാൻ ആണ് ഇന്നത്തെ നിങ്ങളുടെ ഗൈഡ് " എന്ന് പറഞ്ഞു കൊണ്ട് ഒരു സുമുഖൻ സ്വയം പരിചയപ്പെടുത്തി. അന്നത്തെ വിപ്ലവത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ചില സുരക്ഷാനിർദേശങ്ങളും എല്ലാവർക്കുമായി നൽകി.
ഞാൻ വാനിന്റെ ചെറിയ ജനലിലൂടെ പുറത്തെ കാഴ്ചകളിലേക് കണ്ണോടിച്ചു, റോഡിൽ വാഹനങ്ങളുടെ നീണ്ട നിര. തിരക്കിട്ടു നടക്കുന്ന യുവതീ യുവാക്കൾ. വാഹനങ്ങൾക്ക് ഒന്നും ഒരു ചന്തവും ഇല്ല. എല്ലാം ചതഞ്ഞു പെയിന്റ് അടർന്നു വികൃതമായിരിക്കുന്നു. റോഡിലെ ട്രാഫിക് നിയമങ്ങൾ ഒരാളും പാലിക്കുന്നു പോലും ഇല്ല. റോഡിൽ പലയിടത്തും പട്ടാളം നിലയുറപ്പിച്ചിട്ടും ഉണ്ട്. പല വാഹനങ്ങളും തടഞ്ഞു ചെക്കിങ്ങുകൾ നടക്കുന്നു.
അങ്ങനെ ഇരിക്കുമ്പോൾ അതാ കാണുന്നു പിരമിഡ്.!! നഗരത്തിൽ നിന്നും മാറി ഒരു മരുഭൂ പ്രദേശത്തായിരിക്കും പിരമിഡ് എന്ന ധാരണയിൽ ആയിരുന്നു ഞങ്ങൾ എല്ലാവരും. എന്നാൽ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അതാ നഗരത്തിന്റെ ഒത്ത നടുവിൽ പിരമിഡിന്റെ ഒരു ദൂര കാഴ്ച. പിരമിഡ് സമുച്ചയത്തിന്റെ കവാടത്തിനു അരികിൽ വാഹനം നിർത്തി. അറുപത് ഈജിപ്ഷ്യൻ പൗണ്ട് (2010 ലെ നിരക്ക്) കൊടുത്ത് ടിക്കറ്റ് കരസ്ഥമാക്കി.
സുരക്ഷാ പരിശോധന കഴിഞ്ഞു അകത്തു കയറിയ ഞങ്ങളെ വരവേറ്റത് അതി മനോഹരവും, അതിശയകരവുമായ കാഴ്ച. !!! പിരമിഡിന്റെ പൂർണ രൂപം.!! കണ്ണും മനസും നിറഞ്ഞ നിമിഷം.! കണ്ണ് തുറന്നു സ്വപ്നം കണ്ട ആദ്യ മനുഷ്യർ ഒരു പക്ഷെ ഫറവോന്മാർ ആയിരിക്കും. അവരുടെ വിശ്വാസങ്ങളും, ആചാരങ്ങളും നിമിത്തം ആധുനികയുഗത്തിൽ ജീവിക്കുന്ന നമ്മളെ പോലുള്ളവർക്കു പോലും പിടിതരാതെയുള്ള സാങ്കേതിക വിദ്യയും, ശാസ്ത്രവും കൂട്ടിക്കലർത്തി നിർമ്മിച്ച മഹനിർമ്മിതി.
ഫറവോന്മാർ മരണത്തിനുമപ്പുറം ഭൂമിയിൽ പുനർജനിക്കാനായി തീർത്ത ഈ മഹാ സൗധങ്ങൾ കണ്ണ് നിറയെ ഞാൻ കണ്ടു. മനുഷ്യരുടെ കൈകൊണ്ടുണ്ടാക്കിയ ഏറ്റവും പുരാതനമായ ഒരു നിർമ്മിതിയാണ് പിരമിഡ്. അയ്യായിരം വർഷം പഴക്കം.!! ഇന്നും കണ്ടു പിടിക്കാൻ സാധിക്കാത്ത എഞ്ചിനീയറിംഗ് വിദ്യ.!! എരിവും പുളിയും കലർന്ന കഥകൾ ഇതിനു പിന്നിൽ ആളുകൾ പ്രചരിപ്പിക്കാറുണ്ട്. അന്യഗ്രഹത്തിൽ നിന്നും വന്ന ജീവികൾ അവരുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചത് എന്ന് തുടങ്ങി അനേകം കഥകൾ.!!
ഫറവോ കാലഘട്ടത്തിൽ അധികാരത്തിൽ ഉണ്ടായിരുന്ന കുഫു എന്ന് പറയുന്ന രാജാവിന്റെ പിരമിഡാണ് ഏറ്റവും വലിയ പിരമിഡ്. 2 .5 മില്യൺ ശിലകൾ ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചു എന്ന് ചരിത്രകാരന്മാർ പറയുന്നു. അതിലെ മിക്ക കല്ലുകൾക്കും രണ്ടര ടൺ ഭാരം വരും.!! പുറമെ വളരെ അടുത്ത് നിന്നും നോക്കുമ്പോൾ അനാകർഷകമായ ഒന്നായി പിരമിഡ് തോന്നാം.
എന്നാൽ കുറച്ചു അകലേയ്ക്ക് മാറി, അതിനെ വീക്ഷിച്ചാൽ അതിന്റെ ത്രികോണ രൂപവും നമ്മുക്ക് അറിയാവുന്ന ചരിത്രവും കലർന്നു നമ്മുടെ മസ്തിഷ്‌കം അതിനു പുതിയ മാനങ്ങൾ നൽകും. സൗന്ദര്യം അല്ല, കാലത്തെ അതിജീവിക്കാൻ വേണ്ടത് എന്ന് ഒരുപക്ഷേ ഫറവോന്മാർ മനസിലാക്കിയിരിക്കണം. പിരമിഡിന്റെ കല്ലുകളും, അതിന്റെ രൂപവും നൽകിയ അമ്പരപ്പ് കുറച്ചു നേരം ഞങ്ങളിൽ നിന്നും വിട്ടുപോയില്ല. ഒരാൾ വലുപ്പമുണ്ട് പല കല്ലുകൾക്കും, ഭാരമാണെങ്കിൽ ആയിരവും രണ്ടായിരവും കിലോഗ്രാമും. ചുരുക്കിപ്പ റഞ്ഞാൽ പിരമിഡ് നിർമ്മിച്ചത്, അതിന്റെ ഒരു കല്ലിന്റെ കൂടി വലുപ്പമില്ലാത്ത മനുഷ്യന് വേണ്ടിയാണ് എന്ന് സാരം .മനുഷ്യന്റെ ആഗ്രഹങ്ങൾക്കും മോഹങ്ങൾക്കും അയ്യായിരം വർഷങ്ങൾ പിന്നോട്ട് പോയാലും വല്യ വ്യത്യാസമില്ല .
പുറത്തെ കാഴ്ചകൾക്കു ശേഷം പിരമിഡിന് അകത്തേക്ക് കയറാൻ തീരുമാനിച്ചു. പിരമിഡിന്റെ പ്രധാന വാതിൽ അതിന്റെ നിർമാണത്തിന് ശേഷം തുറന്നിട്ടില്ല.!! വലിയ ശിലകൾ വച്ചു അത് അടച്ചിരിക്കുകയാണ്. പിരമിഡിന് അകത്തെ നിധി തേടി വന്ന അറബിക്കള്ളന്മാർ തുറന്ന ചെറു ദ്വാരങ്ങളിലൂടെയാണ് ഇന്ന് സഞ്ചാരികളും, മറ്റുള്ളവരും അകത്തേക്ക് പ്രവേശിക്കുന്നത്. കഠിനാധ്വാനികളായ ആ കള്ളന്മാർക്ക് നന്ദി അർപ്പിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കാൽ എടുത്തു വച്ചു. വളരെ ഇടുങ്ങിയ വഴിയിലൂടെ ശ്വാസം അടക്കിപ്പിടിച്ചു അകത്തോട്ടു നടന്നു കയറി . കൂടെയുള്ള സഞ്ചാരികളിൽ ചിലർ ഇതിനകത്ത് അസ്വസ്ഥതകൾ പ്രകടിപ്പിക്കുണ്ട്.
പോകുന്ന വഴിയിൽ സൂക്ഷിച്ചു നോക്കിയാൽ ഭിത്തിയിലെ മാഞ്ഞു പോയ റോക്ക് ആർട്ടുകൾ കാണാം. മനുഷ്യന്റെ ഏറ്റവും വല്യ കഴിവായി ഞാൻ കാണുന്നത് അറിവുകൾ അടുത്ത തലമുറയിലേക്കു എത്തിക്കുക എന്നതാണ്. തങ്ങളുടെ ജീവിത കാലഘട്ടത്തിൽ സ്വായത്തമാക്കിയിട്ടുള്ള അറിവുകൾ മറ്റൊരു തലമുറയിലേക്ക് എത്തിക്കുമ്പോൾ, ആ തലമുറയ്ക്ക് തങ്ങളുടെ പൂർവികർ നിർത്തിയിടത്തു നിന്നും തുടങ്ങിയാൽ മതി എന്ന ഒരു വലിയ ഗുണവുമുണ്ട്. ഇത്തരം റോക്ക് ആർട്ടുകൾ മൂലമാണ് ഈജിപ്തിലെ ഫറവോന്മാരുടെ ജീവിതം ഏറെക്കുറെ വിഷ്വലൈസ് ചെയ്യാൻ നമുക്ക് കഴിയുന്നത്.
വീണ്ടും മുന്നോട് പോയി മറ്റൊരു ദ്വാരത്തിലൂടെ അകത്തേക്ക് കയറിയപ്പോഴാണ്, കുഫുവിന്റെ ഭാര്യയുടെ ശവക്കല്ലറയ്ക്ക് അരികിൽ എത്തിയത്. പിന്നീട് വീണ്ടും അകത്തോട്ട് നടന്നു. ഏകദേശം പിരമിഡിന്റെ ഒത്ത നടുവിലായി ആണു സാക്ഷാൽ കുഫുവിന്റെ ശവപേടകം. കുഫുവിന്റെ ശരീരം കള്ളന്മാർ എടുത്തിരിക്കുന്നു.!! അനാഥമാക്കപ്പെട്ടിരിക്കുന്ന കുഫുവിന്റെ ശവപേടകം നോക്കി കുറച്ചു നേരം നിന്നു. ശവപേടകത്തിൽ അടങ്ങിയിരിക്കുന്ന നിധി തേടി പലപ്പോഴായി കള്ളന്മാർ പല പിരമിഡുകളും തുറന്നിരുന്നു.
അകത്തെ കാഴ്ചകൾക്ക് ശേഷം പുറത്തു ഇറങ്ങി. പുറത്തു സഞ്ചാരികളുടെ ബഹളം. തദ്ദേശീയരായ കുറച്ചാളുകൾ പല സാധനങ്ങൾ വിൽക്കാനായി ഓടി നടക്കുന്നു. ചെറിയ താൽപ്പര്യം നമ്മുടെ മുഖത്ത് വിരിഞ്ഞാൽ അവർ നമ്മളെ പിന്നെ വിടില്ല. മോശമല്ലാത്ത രീതിയിൽ അവർ സഞ്ചാരികളെ ശല്യം ചെയ്യുന്നുണ്ട്.
കുതിര പുറത്തും കഴുത പുറത്തും കയറി പിരമിഡ് വലയം വെക്കാം എന്നും പറഞ്ഞു യുവാക്കൾ നിരന്തരം ശല്യം ചെയ്യുന്നുമുണ്ട്. അവരുടെ കരാളങ്ങളിൽ നിന്നും ഒരു വിധം രക്ഷപെട്ടു ചെന്നെത്തിയത് കുഫു ഫറവോന്റെ ഭാര്യമാരുടെ പിരമിഡുകളുടെ അരികിലാണ്. അതിനടുത്തായി ഒരു വലിയ കുഴി. അപ്പോൾ എവിടെ നിന്നോ അഹമ്മദ് പ്രത്യക്ഷപെട്ടു. മരണ ശേഷം ദേവന്മാരുടെ ലോകത്തേക്കുള്ള യാത്ര ഉറപ്പു വരുത്തുന്നതിന് ഒരു വള്ളം കുഴിച്ചിട്ടത് കണ്ടെത്തിയതായിരുന്നു അത് എന്നാണ് കക്ഷി പറഞ്ഞത്. ഈ കണ്ടെടുത്ത വള്ളം പിരമിഡിന് അടുത്തായി പണിത ഒരു കെട്ടിടത്തിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്.ഫറവോന്മാർ ഇന്നത്തെ കാലത്തു ജീവിച്ചിരുനെകിൽ ഒരു പക്ഷെ ജെറ്റോ, റോക്കറ്റോ അവിടെ കുഴിച്ചിടുമായിരുന്നിരിക്കണം എന്ന് ഞാൻ ചിന്തിച്ചു.
ആ പിരമിഡുകളെല്ലാം സസൂക്ഷമം വീക്ഷിച്ചു, ഒരു ചെറിയ ചരിത്ര ഗവേഷകനാവാൻ സ്വയം ശ്രമിക്കുന്നതിടയിൽ ഒരു കൊച്ചു പയ്യൻ വന്നിട്ട് ഫോട്ടോ എടുത്തു തരട്ടെ എന്ന് ആംഗ്യചോദ്യം. "വേണ്ട മോനെ" എന്ന് തിരിച്ചും ആംഗ്യം കാണിച്ചു. പയ്യൻ വിടാൻ ഭാവമില്ല. "എന്ന എടുത്തേരെ" എന്നും പറഞ്ഞു കാമറ കൊടുത്തു അവൻ പറഞ്ഞ പോലെ പോസും ചെയ്തു. മോശം പറയരുതല്ലോ ഈ ദിവസം എടുത്ത മികച്ച ഫോട്ടോകളിൽ ഒന്ന് എന്ന് പറയാം. നന്ദി പറഞ്ഞു പോകാൻ ഒരുങ്ങുമ്പോഴാണ് അമളി മനസിലായത്. അവനു ടിപ്പ് വേണം. എന്തായാലും 5 പൗണ്ട് കൊടുത്തു. ഈജിപ്തിൽ ഉടനീളം തുടങ്ങാൻ ഇരിക്കുന്ന ടിപ്പ് പരിപാടിയുടെ തുടക്കമായിരുന്നു ഇത് എന്ന് പിന്നീട് മനസിലായി.
ഇനി മറ്റൊരു കാഴ്ചയിലേക്കാണ് നമ്മൾ പോകുന്നത് എന്ന് അഹമ്മദ് പറഞ്ഞു. സ്പിൻസ്, സിംഹത്തിന്റെ ഉടലും മനുഷ്യന്റെ ശിരസ്സുമുള്ള യമണ്ടൻ പ്രതിമ. എന്ന് ഉണ്ടാക്കി, എപ്പോ ഉണ്ടാക്കി എന്ന് ഇന്നും ചരിത്രകാരന്മാർക്ക് ഇടയിൽ തർക്കം നിലനിൽക്കുന്നു. സൂര്യനെ ആരാധിക്കുന്നതുമായി ബന്ധപെട്ടുണ്ടാക്കി എന്ന കഥകൾ നിലനിൽക്കുന്നു. സ്പിൻസിനു മുന്നിലൂടെ ഏകദേശം 5000 വർഷം മുൻപ് നൈൽ നദി ഒഴുകിയിരുന്നു എന്നും പറയപ്പെടുന്നു. അങ്ങനെ ആവാം പിരമിഡിന് വേണ്ട പാറകൾ ഇവിടെ എത്തിച്ചത്, എന്നും അനുമാനിക്കുന്നവർ ഉണ്ട്.
സ്പിൻസിനോട് മുഖത്തോട് മുഖം നോക്കി ഒരു ഫോട്ടോ എടുത്തു. ലോകത്തിലെ എത്രമാത്രം കാഴ്ചകൾ കണ്ട മുഖം. പിരമിഡുകൾ പണിത മനുഷ്യരുടെ ദൈവങ്ങൾ എല്ലാം ഇന്ന് കടലാസിലും, മ്യൂസിയത്തിലും ആവുന്നതും കണ്ട മുഖം. റോമൻ ദൈവങ്ങളും, ബൈബിൾ ദൈവങ്ങളും, അറേബ്യൻ ദൈവങ്ങളും എല്ലാം ഇതിനു മുന്നിലൂടെ പിച്ച വെച്ച് നടക്കുന്നതും കണ്ടു. ഇതെല്ലാം കണ്ടിട്ടും കൂസലില്ലാതെ ഒരു ചെറു ചിരി പോലും തൂകാതെ നിൽക്കുന്ന രൂപം. സ്പിൻസിന്റെ മൂക്കിലെ ഒരു ചെറു കഷണവും, ഒരു തോളിലെ ഒരു ചെറു കഷണവും അടർന്നു പോയിരിക്കുന്നു. നെപ്പോളിയൻ രാജാവിന്റെ ഭരണകാലത്തുണ്ടായതാണ് ഇത് എന്നാണ് പഠനങ്ങൾ പറയുന്നത്.
സ്പിൻസിന് അടുത്തായി ഒരു അബലം പൊളിഞ്ഞു കിടക്കുന്നു. അന്നത്തെ ആരാധന മൂർത്തികളുടെ ബാക്കിപത്രം അവിടെ കാണാം. അവിടെ വച്ചാണ് ഫറവോന്മാരുടെ മമ്മിഫിക്കേഷൻ പ്രക്രിയ നടന്നത് എന്നും അഹമ്മദ് പറയുകയുണ്ടായി. ശരീരത്തിൽ നിന്നും അവയവങ്ങൾ വേർപെടുത്തി, പലതരം ലേപനങ്ങൾ പുരട്ടി മമ്മിഫിക്കേഷൻ രൂപത്തിൽ ആക്കി, മന്ത്ര തന്ത്രങ്ങളോടെ അവർക്ക് ഇഷ്ടപെട്ട രത്‌നങ്ങളും, വൈരങ്ങളും എന്ന് വേണ്ട എല്ലാ വിധ അമൂല്യ സമ്പത്തുകളും സ്വർണ നിർമ്മിതമായ ശവപ്പെട്ടിയിൽ കയറ്റിരുന്നത് ഇവിടെ വച്ചാണ്. സ്വർണം കൊണ്ടും രത്‌നങ്ങൾ കൊണ്ടും നിർമ്മിച്ച മുഖംമൂടി അണിയിച്ചാണ് ശവപ്പെട്ടിയിൽ കയറ്റുന്നത്. പിന്നീട് ആ ശവപേടകം പിരമിഡിൽ അടക്കും. അവർ സ്വായത്തമാക്കിയിട്ടുള്ള മമ്മിഫിക്കേഷൻ പ്രക്രിയയും, കരകൗശല വിദ്യകളും അത്ഭുതകരമാണ്.
അവർ അന്ന് നിർമ്മിച്ച കപ്പലുകളുടെ ടെക്നോളജി, പിരമിഡിന്റെയും മറ്റു നിർമ്മാണങ്ങൾക്കായി ഉണ്ടാക്കിയിട്ടുള്ള റാമ്പ്, ലിവർ തുടങ്ങി നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന അനേകം വസ്തുക്കൾ, പാപ്പിറസിൽ നിന്നും ഉണ്ടാക്കിയ ഈജിപ്ഷ്യൻ കടലാസ്, ഇവയെല്ലാം കാണുമ്പോൾ നമ്മളൊന്നും അത്ര 'പുതിയത്' ആയിട്ടില്ല എന്ന ബോധ്യം വരുന്നു.
ഫറവോന്മാരെ സംബന്ധിച്ചു പിരമിഡുകൾ ശവക്കല്ലറകളാണ്. മരണത്തെ തരണം ചെയ്യാനായി സ്വയം ദൈവങ്ങൾ എന്ന് വിശ്വസിക്കപെട്ട ഫറവോന്മാരുടെ " താത്കാലിക " വിശ്രമ കേന്ദ്രം മാത്രമായിരിക്കണം അവർക്ക് പിരമിഡ്. കാഴ്ചക്കാരന് സൗന്ദര്യത്തിന്റെ പുതു മാനങ്ങൾ നൽകാനോ, തങ്ങളുടെ സകല കഴിവുകളും പ്രദർശിപ്പിക്കാനുള്ള ഒരു നിർമ്മിതിയായോ അവർ ഇതിനെ കണ്ടിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. പിരമിഡിന്റെ സൗന്ദര്യം എന്നെ സംബന്ധിച്ച് അതിലെ ദുരൂഹതതന്നെയാണ്.
ജോൺ കീറ്റ്സ് എന്ന ഇംഗ്ലീഷ് കവി ഒരിക്കൽ ന്യൂട്ടനോട് പറഞ്ഞിരുന്നു "അല്ലയോ ന്യൂട്ടാ ...നിങ്ങൾ മഴവില്ലിന്റെ ദുരൂഹത കണ്ടെത്തുക വഴി ഇല്ലാതാക്കിയത് അതിന്റെ യഥാർത്ഥ സൗന്ദര്യമാണ്." അതെ !! പിരമിഡിന്റെ കഥകളും ദുരൂഹതകളും നിലനിൽക്കട്ടെ. അതാണ് അതിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നത്.
സ്പിൻസിന്റെ കാഴ്ചകൾക്ക് ശേഷം ഞാൻ വീണ്ടും കുടുസ് വാനിലെ സൈഡ് സീറ്റിൽ ഇരിപ്പുറപ്പിച്ചു. ആ ചെറു ജനലിലൂടെ പിരമിഡിന്റെ കാഴ്ച വീണ്ടും കണ്ടു. ഇനിയൊരിക്കൽ വരാം എന്നും മനസ്സിൽ പറഞ്ഞു കൊണ്ട് ഈജിപ്ഷ്യൻ മ്യൂസിയത്തിന്റെ കാഴ്ചയിലേക്ക് യാത്രയായി.
സൈബകാഷ്



Comments
Post a Comment