ബേലം ഗുഹകൾ


 

ബാംഗ്ലൂരിൽ നിന്ന് ഒരു വാരാന്ത്യ യാത്ര ആഗ്രഹിക്കുന്നവർക്ക് തികച്ചും അനുയോജ്യമായ ഒരു ഇടമാണ് ബേലം ഗുഹകൾ. ബാംഗ്ലൂർ നിന്ന് ഇവിടെവരെ എത്തിച്ചേരാൻ ഏകദേശം മുന്നൂറ് കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്.

രാവിലെ പത്തുമണി മുതലാണ് ബേലം കേവ്സിലേക്കുള്ള പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇവിടെ ടിക്കറ്റ് എടുത്ത് വേണം അകത്തേക്ക് പ്രവേശിക്കാൻ. മുതിർന്നവർക്ക് 65 രൂപയും, കുട്ടികൾക്ക് 45 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലെ (മുമ്പ് കുർണൂൽ ജില്ലയിൽ) ബേലം വില്ലേജിന് സമീപമാണ് ബേലം ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് നദികളുടെ ഒഴുക്കാൻ രൂപപ്പെട്ട പ്രകൃതിയുടെ ഒരു പ്രതിഭാസമാണ് ഗുഹ.

 വിനോദസഞ്ചാരികൾക്കായി തുറന്ന് കൊടുത്തിട്ടുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ  ഗുഹയാണ്  ബേലം കേവ്സ്. ഒന്നാമത്തേതും ദൈർഘ്യമേറിയതുമായ ഗുഹ സ്ഥിതിചെയ്യുന്നത് മേഘാലയയിലാണ്.

'ക്രെം ലിയാറ്റ് പ്രാഹ്' എന്ന ഗുഹയുടെ ദൈർഖ്യം 22 കിലോമീറ്ററാണ്.

സമതലമായി കിടക്കുന്ന പ്രദേശം കാണുമ്പോൾ ഭൂമിക്കടിയിൽ 150 അടി താഴ്ച്ചയിൽ ആരെയും അതിശയിപ്പിക്കുന്ന കാഴ്ച്ചകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് വിശ്വസിക്കാൻ കഴിയില്ല. ഇവിടെ കുട്ടികൾക്ക് കളിക്കാനായി ഒരു പാർക്കും ഒരുക്കിയിട്ടുണ്ട്.

വർഷങ്ങളോളം ഇവിടുത്തെ ജനങ്ങൾ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന ഒരു ചവറ്റുകുട്ടയായിരുന്നു ഗുഹ. പിന്നീട് ആന്ധ്രപ്രദേശ് സർക്കാർ മുൻകയ്യെടുത്ത് ഗുഹ വൃത്തിയാക്കുകയും ഇപ്പോൾ സംരക്ഷിച്ച് പോരുകയും ചെയ്യുന്നു


ഗുഹയുടെ ചരിത്ര പ്രാധാന്യം മനസ്സിലാക്കി ബേലം കേവിനെ ഇന്ന് കാണുന്ന രീതിയിൽ വിനോദ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നതിന് പിന്നിൽ  പ്രവർത്തിച്ച പ്രധാന വ്യക്തികളുടെ പേരുകൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.  2002 ലാണ് ആന്ധ്രാ ഗവണ്മെന്റ് സഞ്ചാരികൾക്കായി ഗുഹകൾ തുറന്ന് കൊടുക്കുന്നത്. നിരവധി ടൂറിസ്റ്റുകൾ ഇവിടേയ്ക്ക് എത്തുന്നുണ്ട്. എല്ലാവരും തന്നെ സ്വദേശികളാണ്.

പ്രകൃതിദത്തമായി രൂപപ്പെട്ട ഗുഹകൾക്ക് ദക്ഷലക്ഷക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ടാകും. ഗുഹയിൽ നിന്നും കണ്ടെടുത്ത കളിമൺ പാത്രങ്ങൾക്ക് ബി.സി 4500 വർഷം വരെ പഴക്കം നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. ജൈന-ബുദ്ധ സന്യാസിമാർ ഗുഹകൾ ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഗുഹകളിൽ നിന്നും കണ്ടെടുത്ത മൺപാത്രങ്ങളും മറ്റും ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ ബേലം ഗുഹകൾക്കുള്ള പ്രാധാന്യം തെളിയിക്കുന്നവയാണ്. ഗുഹയിൽ നിന്നും കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങൾ അനന്തപ്പൂരിലെ മ്യൂസിയത്തിൽ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.

ഗുഹയ്ക്ക് 3.5 കിലോമീറ്റർ ദൂരമുണ്ട്. ഗുഹയ്ക്കുള്ളിൽ ഓക്സിജൻ ലഭ്യത കുറവായതുകൊണ്ട് 1.5 കിലോമീറ്റർ വരെ മാത്രമേ സന്ദർശകർക്ക് സഞ്ചരിക്കാൻ അനുവാദമുള്ളൂ. ഗുഹയുടെ ഏകദേശം 2 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഭൂനിരപ്പിൽ നിന്നും 150 അടി താഴ്ചയിലേക്ക് നമുക്ക് എത്താൻ സാധിക്കും.

ആരെയും അതിശയിപ്പിക്കുന്ന കാഴ്ച്ചകളാണ് ഗുഹയ്ക്കുള്ളിൽ. ഫോട്ടോഗ്രാഫേഴ്സിനെ സംബന്ധിച്ച് ഇതൊരു പാരഡൈസ് തന്നെയാണ്. ഗുഹകളുടെ ചിത്രങ്ങൾ ഇതിന് മുൻപ് കണ്ടിട്ടുണ്ട് എന്നുള്ളതല്ലാതെ  പുറമേ നിന്നോ അകമേ നിന്നോ ഇതുവരെ ഒരു ഗുഹയും ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ മുന്നിൽ തെളിയുന്ന ഓരോ കാഴ്ച്ചകളും എന്നെ അതിശയിപ്പിക്കുന്നത് ആയിരുന്നു.

അതിവിശാലമായ ഗുഹാകവാടത്തിൽ നിന്നും മുന്നോട്ട് നടന്ന് തുടങ്ങുമ്പോൾ പതിയെ ഇരുട്ട് വീണ് തുടങ്ങും, എന്നിരുന്നാലും ആവശ്യത്തിനുള്ള പ്രകാശം ഗുഹയ്ക്കുള്ളിൽ ലഭ്യമാണ്. പലയിടത്തും ലൈറ്റുകൾ ഘടിപ്പിച്ചിട്ടുള്ളതായി കാണാം. ഓരോ വശങ്ങളിലേക്കും പോകുവാൻ പണിതിരിക്കുന്ന മനുഷ്യനിർമ്മിതമായ പടികളും കൈവരിവകളും നമുക്ക് കാണാം.

നദി ഒഴുകി ഇതുപോലെ ഒരു ഗുഹ ഉണ്ടായി എന്ന് കേൾക്കുമ്പോൾ ഒരുപക്ഷേ നമുക്ക് വിശ്വസിക്കാൻ കഴിയില്ല. എന്നാൽ ഇവിടുത്തെ കാഴ്ച്ചകൾ അതിനുള്ള തെളിവുകളാണ്. ഗുഹകളുടെ ഭിത്തികളിൽ നദിയുടെ ഒഴുക്ക് മൂലമുണ്ടായ മണ്ണൊലിപ്പിന്റെ ആഴത്തിലുള്ള അടയാളങ്ങൾ കാണാൻ സാധിക്കും.

ഗുഹയ്ക്കുള്ളിലൂടെ കൂടുതൽ ദൂരം ഉള്ളിലേക്ക് സഞ്ചരിക്കുമ്പോൾ ഇരുട്ടിന്റെ തീവ്രത കൂടി കൂടി വരുന്നതായി അറിയാൻ കഴിയും. ഇരുട്ട് സമ്മാനിക്കുന്ന നിശബ്ദത, അത് ഭയാനകം തന്നെ. ആരെയും പേടിപ്പെടുത്തുന്ന നിശബ്ദത. ചുറ്റും കുറ്റാകൂരിരുട്ട്.

ഇരുട്ടിലൂടെ നടക്കുമ്പോൾ നമുക്ക് തോന്നാം ഇവിടെ ഇഴജന്തുക്കൾ എന്തെങ്കിലും ഉണ്ടാകുമോയെന്ന്. വിനോദ സഞ്ചരികൾക്കായി തുറന്ന് കൊടുത്തിരിക്കുന്നത് കൊണ്ട് ഇവിടം നന്നായി വൃത്തിയായി സൂക്ഷിക്കുന്നു എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.

1884 ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനും ജിയോളജിസ്റ്റുമായ റോബർട്ട് ബ്രൂസ് ഫൂട്ട് ആണ് ഗുഹകളുടെ ചരിത്രപ്രാധാന്യം ആദ്യമായി മനസിലാക്കുന്നത്. അതിന് ശേഷം ബിസി 4500 കാലഘട്ടത്തിലെ ധാരാളം മൺപാത്രങ്ങൾ, ജൈന-ബുദ്ധ സന്യാസിമാർ ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തുകയുണ്ടായി.

ഏകദേശം ഒരു നൂറ്റാണ്ടോളം ഗുഹയെ ആരും തിരിഞ്ഞു നോക്കിയില്ല. പിന്നീട് 1982-1983 കാലഘട്ടത്തിൽ ജർമ്മൻ ഗവേഷകനായ ഹെർബെർട്ട് ഡാനിയൽ ജിബൗറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ പരിശോധന നടത്തുകയുണ്ടായി. അതിന് ശേഷം പ്രദേശവാസികളായ ചിലരുടെ ഇടപെടലുകൾ മൂലം 2002 ലാണ് ഇത് സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നത്

ഗുഹയിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുമ്പോൾ ഓക്സിജന്റെ അളവ് കുറയുന്നത് മൂലം ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം. അതിനാൽ തന്നെ സാഹസികതയെ ഇഷ്ടപ്പെടുന്നവരാണ് കൂടുതലായും ഇവിടേക്ക് എത്തുന്നത്.

എന്നിരുന്നാലും ഫാമിലിയായും കുട്ടികളുമായി വരുന്നവർക്കും ഗുഹയുടെ കുറച്ച് ഭാഗങ്ങൾ എങ്കിലും ആസ്വദിക്കാൻ കഴിയുന്നതാണ്.

ഗുഹയ്ക്കുള്ളിൽ ചൂടിനെ ശമിപ്പിക്കാൻ പല സ്ഥലങ്ങളിലും വലിയ ടേബിൾ ഫാനുകൾ വെച്ചിട്ടുണ്ട്. ഗുഹകളുടെ ആഴമേറിയ ഭാഗങ്ങളിൽ ഓക്സിജൻ വിതരണം ചെയ്യാനുള്ള ബ്ലോവറുകളും മറ്റ് ചിലയിടങ്ങളിൽ Exhaust fan        നുകളും നമുക്ക് കാണാം.

ഗുഹയ്ക്കുള്ളിൽ സന്ദർശിക്കാൻ നിരവധി സ്ഥലങ്ങളുണ്ട്. സിംഹത്തിന്റെ തലയോട് രൂപ സാദൃശ്യമുള്ള ഗുഹാകവാടം, ചുണ്ണാമ്പുകല്ലാൽ രൂപപ്പെട്ട ശിവലിംഗം, ബുദ്ധസന്യാസികൾ ധ്യാനത്തിൽ ഇരുന്ന സ്ഥലങ്ങൾ, പിന്നെ പേരിൽ തന്നെ ആകാംക്ഷ നൽകുന്ന 'പാതളഗംഗ'. ഗുഹയ്ക്ക് ഉള്ളിൽ കാണുന്ന ചെറിയ നീർച്ചാൽ ആണ് പാതാള ഗംഗ എന്ന് അറിയപ്പെടുന്നത്. ഗുഹയ്ക്കുള്ളിൽ അപ്രത്യക്ഷമാകുന്ന പാതാളഗംഗ ബേലം ഗ്രാമത്തിലെ കിണറിൽ ഒഴുകിയെത്തുന്നു എന്നാണ് പറയപ്പെടുന്നത്


ഞങ്ങൾ ഒരു ലക്ഷ്യബോധവും ഇല്ലാതെയാണ് ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിച്ചത്. അതുകൊണ്ട് തന്നെ അകത്തേക്ക് കയറിപ്പോൾ എങ്ങോട്ടേക്കാണ് പോകേണ്ടതെന്ന് ആകെ കൺഫ്യൂഷനായി. മുന്നോട്ട് കാണുന്ന വഴികളിലൂടെ സഞ്ചരിച്ചു. ഇരുട്ട് നന്നായി ആസ്വദിച്ചു. ഒരു ഗൈഡ് കൂടെ ഉണ്ടെങ്കിൽ കൃത്യമായി ഗുഹയ്ക്കുള്ളിലെ കാഴ്ച്ചകൾ കാണാൻ കൂടുതൽ സഹായകമാകും.

ആഗസ്റ്റ് മുതൽ നവംബർ വരെയാണ് ബേലം ഗുഹ സന്ദർശിക്കാൻ അനുയോജ്യമായ സമയം. ഗുഹകൾക്കുള്ളിൽ വളരെ ചൂടായിരിക്കുംഅതിനാൽ വേനൽക്കാലത്ത് ഇവിടേയ്ക്ക് പോകുന്നത് ഒഴിവാക്കുക.

യാത്ര തുടരുകയാണ്. ഇന്ത്യയിലെ തന്നെ മറ്റൊരു വിസ്മയമായ Grand canyon of India ആണ് അടുത്ത ഡെസ്റ്റിനേഷൻ.

 

കിഷോർ ലാൽ

Comments

Popular posts from this blog

ചിദംബര കാഴ്ച്ചകൾ

കെനിയ - ടാൻസാനിയ ഡയറി

ദി ഇൻഫേമസ് മലാന