തമിഴ്നാട്ടിൽ കാണേണ്ട ഒട്ടുമിക്ക
ക്ഷേത്രങ്ങളും കണ്ടുകഴിഞ്ഞു. ഇനി കാര്യമായൊന്നുമില്ല....
അതു പോരെ മച്ചാനെ....
എന്നു ചോദിക്കുന്ന സുഹൃത്തുക്കളെ കണ്ടിട്ടുണ്ട്. ആ അഭിമാനത്തിനും
അഹങ്കാരത്തിനും ക്ഷതമേൽപ്പിക്കാൻ ഒറ്റ ചോദ്യം എറിഞ്ഞാൽ
മതി. ശ്രീരംഗത്തു
പോയിട്ടുണ്ടോ? അഭിമാനി ഫ്ലാറ്റ്! ഉത്തരം
സ്വാഹ!!
തമിഴ്നാട്ടിലെ
ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ട്രിച്ചിയിലാണ്
ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ട്രിച്ചി സിറ്റിയിൽനിന്നും 7 km അകലെ. ചത്രം ബസ്
സ്റ്റാൻഡിൽനിന്ന് 4 km മാത്രം ദൂരം. ട്രിച്ചി
അഥവാ തിരുച്ചിറപ്പള്ളിയെ കുറിച്ച്
ഒരുപാട് പറയാനുണ്ട്. അത് മറ്റൊരവസരത്തിൽ എഴുതാം.
തമിഴ്നാട്ടിലേക്കും
ഇവിടെയുള്ള ക്ഷേത്രങ്ങളിലേയ്ക്കും സഞ്ചാരികൾ ഒഴുകുന്നതിന്റെ കാരണം
ഭക്തി മാത്രമാണെന്ന് ചുരുക്കി കാണരുത്. ഭക്തിയും
വിശ്വാസവുമൊക്കെ എവിടെയോ ഉപേക്ഷിച്ചു ജീവിക്കുന്ന
വലിയൊരു ജനവിഭാഗവും, തങ്ങളുടെ ഇഷ്ട യാത്രാ
ഇടമായി മനസ്സിൽ കൊണ്ടുനടക്കുന്നത് തമിഴ്നാടിനെയാണ്.
ഹിന്ദു വിശ്വാസികളല്ലാത്ത യൂറോപ്പിയന്മാരൊക്കെ ഇങ്ങോട്ടൊഴുകുന്നതിന് കാരണമുണ്ട്. വെറുതെ അവർ വരില്ലല്ലോ!
വാസ്തുശിൽപ്പ
ചാരുതയിൽ മയങ്ങിപോവുന്ന അസംഖ്യം ക്ഷേത്രങ്ങൾ, വാക്കുകൾക്കും
വർണ്ണനകൾക്കും അപ്പുറമുള്ള അവയുടെ ഭംഗി, പാരമ്പര്യം,
പൈതൃകം, പവിത്രത, ചരിത്രം, ശാന്തി,
വിശുദ്ധി... എല്ലാത്തിലുമുപരി തമിഴ് ഗ്രാമീണ ഭൂമികയുടെ
സൗന്ദര്യം, തമിഴരുടെ എളിമ, സ്നേഹം,
ലാളിത്യം എന്നിങ്ങനെ ഒത്തിരി കാര്യങ്ങളും
കാരണങ്ങളുമുണ്ട് സഞ്ചാരികളുടെ ഈ പ്രണയത്തിന്.
ശ്രീരംഗനാഥ
സ്വാമി ക്ഷേത്രത്തിന്റെ സവിശേഷതകൾ കൃത്യമായി അറിയുമ്പോഴാണ്,
ഇത്രയേറെ സഞ്ചരിച്ചിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ... കണ്ടില്ലല്ലോ...
എന്ന തോന്നൽ സഞ്ചാരിയിൽ
ഉടലെടുക്കുക.
ഇന്ത്യയിലെ
ഏറ്റവും വലിയ ക്ഷേത്രസമുച്ചയമാണ് (temple complex) ശ്രീരംഗം. ലോകത്തിലെ ഏറ്റവും
വലിയ ഹിന്ദു ക്ഷേത്രം
ഇപ്പോൾ വിദേശത്താണ്. കംബോഡിയയിലെ ആങ്കർവാട്ട്. അതു കഴിഞ്ഞാൽ
പിന്നെയുള്ള ഏറ്റവും വലിയ ക്ഷേത്രമാണ്
ശ്രീരംഗം. ഭാരതത്തിലെ ഏറ്റവും വലിയ
ക്ഷേത്ര ഗോപുരവും ഇതുതന്നെ. 236 അടി
ഉയരത്തിലുള്ള ഗോപുരകാഴ്ചയുടെ പ്രൗഢിയും സൗന്ദര്യവും കിലോമീറ്ററുകൾക്കപ്പുറത്തുനിന്നുതന്നെ
ദർശിക്കാം.
വിഷ്ണു ഭഗവാന്റെ 108 ദിവ്യദേശങ്ങളിൽ ഏറ്റവും ആദ്യത്തേതും വലുതും
പ്രാമുഖ്യമേറെയുള്ളതുമായ ക്ഷേത്രമാണ് ശ്രീരംഗം. വൈകുണ്ട കവാടം
(The Gateway to Vaikundam) എന്നാണ്
വിശേഷണം. ചോള-ഹൊയ്സാല-നായക് കെട്ടിട നിർമ്മാണ
രീതികളുടെ ഗാംഭീര്യം തുളുമ്പിനിൽക്കുന്ന നിർമിതി.
13-ആം നൂറ്റാണ്ടിൽ പടുത്തുയർത്തിയ ക്ഷേത്രത്തിന് 21 ഗോപുരങ്ങളും 39 മണ്ഡപങ്ങളുമുണ്ട്. 21 അടി വലുപ്പമുള്ള
അനന്തശയന രൂപത്തിലുള്ള ഭീമാകാരമായ വിഷ്ണു പ്രതിമയാണ്
മുഖ്യ പ്രതിഷ്ഠ.
ക്ഷേത്രസമുച്ചയം
155 ഏക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്നു. ഓരോ ഗോപുരങ്ങൾക്കുമിടയിൽ
കിലോമീറ്ററുകളോളം
നീണ്ടു കിടക്കുന്ന ക്ഷേത്രസമുച്ചയം സഞ്ചാരികളെ
തീർത്തും അത്ഭുതപ്പെടുത്തും. ഇതിനിടയിൽ അനേകം ചെറു
ക്ഷേത്രങ്ങളും കാണാം. ക്ഷേത്രനഗരിയിലെ തെരുവോര
കാഴ്ചകളും സന്ദർശകരെ ആകർഷിക്കുന്നതാണ്.
അതെല്ലാം ആസ്വദിച്ചു മെല്ലെ നടക്കുക.
സാമ്പ്രാണിതൊട്ട്
സകല പൂജാദ്രവ്യങ്ങളും വിൽക്കുന്ന
കട കമ്പോളങ്ങൾ...പലചരക്ക്
കടകൾ... തലങ്ങും വിലങ്ങുമോടുന്ന ഇരുചക്ര
വാഹനങ്ങൾ... അതോടിക്കുന്നത് ഒരു പക്ഷെ
തല മുണ്ടനം ചെയ്ത
അയ്യർമാർ ആയിരിക്കാം... മോപ്പഡിൽ മന്ത്രങ്ങളുരുവിട്ട് കടന്നു
പോവുന്നത് അയ്യങ്കാർ പുരോഹിതന്മാരായിരിക്കാം... അവരുടെ നെറ്റിയിൽ
ചന്ദനവും സിന്ദൂരവും ചാലിച്ചു ചാർത്തിയ
യൂ- ആകൃതിയിലുള്ള (U-shape) വലിയ
പൊട്ടു കാണാം. അയ്യങ്കാർമാരുടെ അടയാളം!
ശങ്കുവിളികളും നാദസ്വര കച്ചേരികളും മണിയടികളും
സദാ കാതിൽ മുഴങ്ങാം.
ശബ്ദമുഖരിതമായ അന്തരീക്ഷം. ചന്ദനത്തിരികളും കളഭകൂട്ടും സുഗന്ധം പൊഴിക്കുന്ന
നടവഴികൾ...
സന്ദർശകരെ
വിസ്മയിപ്പിക്കുന്ന,
ഇവിടെ എത്രയോ വന്നു
പോയവർക്കു പോലുമറിയാത്ത,
ഒരു
കാഴ്ച കൂടിയുണ്ട്.
ആയിരം വർഷത്തോളം പഴക്കമുള്ള
മഹർഷി ശ്രീരാമാനുജന്റെ ഭൗതിക ശരീരം ഇപ്പോഴും
ഇവിടെ സൂക്ഷിച്ചുവെച്ചിരിക്കുന്നു.
ഈജിപ്തിലെ മമ്മികളിൽ കെമിക്കൽ
പ്രയോഗം നടത്തിയിട്ടുണ്ടെങ്കിൽ ഇവിടെ അതുപോലുമില്ല എന്നതാണ്
ആശ്ചര്യം. (
ഗൂഗിളിൽ വിവരം ലഭ്യമാണ്).
നൂറ്റാണ്ടുകൾക്ക്
മുമ്പ് ഡൽഹിയിൽ നിന്നുമുള്ള മതഭ്രാന്തന്മാരായ
സുൽത്താന്മാരുടെ അനേകം ആക്രമണങ്ങളിൽ നാശം
നേരിട്ട കറുത്ത ചരിത്രവും ശ്രീരംഗത്തിന്
പറയാനുണ്ട്. എല്ലാം അതിജീവിച്ചു ശ്രീ
രംഗനാഥ സ്വാമി ക്ഷേത്രം ഇന്നും
തലയെടുപ്പോടെ നിലകൊള്ളുന്നു; സന്ദർശകരെ വിസ്മയിപ്പിക്കുന്നു.
സുനിൽ കുന്നോത്ത്
Comments
Post a Comment