മാത്തേരാൻ ഡയറീസ്
വളരെ നാളായി ഉണ്ടായിരുന്ന ഒരു ആഗ്രഹമാണ് ഒറ്റയ്ക്ക് യാത്ര ചെയ്യണമെന്നത്. 2021 സെപ്റ്റംബറിൽ അങ്ങനെ ഒരു അവസരം വന്നപ്പോൾ അത് ഒരു ചെറിയ ഹിൽ സ്റ്റേഷനിലേക്ക് ആക്കണമെന്നത് കരുതിക്കൂട്ടിയതു തന്നെയാണ്. ഷിംല, നൈനിറ്റാൾ, ഋഷികേശ് തുടങ്ങിയ സ്ഥലങ്ങളിൽ പല പ്രാവശ്യം പോയത് കാരണം ഒരു പുതിയ ഡെസ്റ്റിനേഷൻ ആകട്ടെ എന്ന് വിചാരിച്ചു തിരയുമ്പോഴാണ് മതേരൻ എന്ന ഒരു സ്ഥലം കണ്ണിൽ പെട്ടത്.
എന്നാൽ അതായിക്കോട്ടെ ആദ്യ സോളോ ട്രാവൽ ഡെസ്റ്റിനേഷൻ എന്ന് ഞാൻ തീർച്ചപ്പെടുത്തി. മഹാരാഷ്ട്രയിലെ താരതമ്യേന ചെറുതും എന്നാല്‍ വളരെ പ്രശസ്തവുമായ ഒരു ഹില്‍ സ്റ്റേഷനാണ് മതേരാന്. പശ്ചിമഘട്ടനിരകളിലുള്ള ഈ വിനോദസഞ്ചാര കേന്ദ്രം സമുദ്രനിരപ്പില്‍ നിന്നും 2650 അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.
മുംബൈ എയർപോർട്ടിൽ നിന്നും ഏകദേശം നൂറു കിലോമീറ്റർ ദൂരത്താണ് മതേരൻ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഗൂഗിൾ സഹായത്തോടെ ഹോട്ടൽ ആദമോയിൽ രണ്ടു ദിവസത്തേക്ക് റൂം ബുക്ക് ചെയ്തു . സെപ്റ്റംബർ,24, 2021 രാവിലെ എന്റെ ആദ്യ സോളോ ട്രിപ്പ് ആരംഭിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ മുംബൈ എയർപോർട്ടിൽ ഇറങ്ങിയ ഞാൻ ഒരു ടാക്സി ഏർപ്പാട് ചെയ്തു യാത്ര തുടർന്നു.
മുംബൈ നഗരത്തിൽ നിന്നും പുറത്തേക്ക് കാർ പാഞ്ഞു പോകുന്നതിനോടൊപ്പം പുറത്തേക്ക് കണ്ണ് നട്ടു ഞാനും ഇരുന്നു. വിശേഷമായി പുറത്തെ കാഴ്ചകൾ ഒന്നും തോന്നാത്തത് കാരണം എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു പോയി. എപ്പോഴോ ഡ്രൈവർ കാറിന്റെ ഗ്ലാസ് താഴ്ത്തിയിട്ടാകണം തണുത്ത കാറ്റ് വന്നെന്നെ പുൽകി ഞാനുണർന്നത്.
കണ്ണു തുറന്നു നോക്കിയപ്പോൾ കണ്ടത് റോഡിന്റെ ഇരുവശത്തും തിങ്ങി നിൽക്കുന്ന മരങ്ങളുടെ പച്ചപ്പാണ്. ഹിൽ സ്റ്റേഷനു മാത്രം യൂണിക് ആയ ഒരു കാലാവസ്ഥ. അതോടു കൂടെ എന്റെ ക്ഷീണം ഒക്കെ പമ്പ കടന്നു. ഹോട്ടൽ എത്താൻ എത്ര സമയം എടുക്കുമെന്ന് ചോദിക്കാൻ തുടങ്ങുമ്പോളാണ് ഒരു പറ്റം ആൾക്കാർ കാറു തടഞ്ഞു നിർത്തിയത്. ഒന്നു ശങ്കിച്ചെങ്കിലും പുറത്തു കാട്ടാതെ ഞാൻ കാര്യം എന്താണെന്ന് അന്വേഷിച്ചു. പുറത്തുനിന്നുള്ള കാറുകൾ ആ ജംഗ്ഷൻ വരെ മാത്രമേ പോകുകയുള്ളുവത്രെ. അവിടം മുതൽ ലോക്കൽ ടാക്സി മാത്രം ആണു ശരണം. ഡ്രൈവറും മൗനം പാലിച്ചപ്പോൾ തർക്കിക്കാൻ ഞാനും നിന്നില്ല.
ഡ്രൈവർക്ക് പൈസ കൊടുത്തു ദൈവത്തെ മനസ്സിൽ വിചാരിച്ചു കൊണ്ടു ഞാൻ ലോക്കൽ ടാക്സിയിൽ കയറി . കഷ്ടിച്ചൊരു അര മണിക്കൂർ കഴിഞ്ഞു കാണണം പുതിയ ഡ്രൈവർ ഓരം ചേർത്ത് ടാക്സി നിർത്തിയത് കണ്ടു ഞാൻ ഒന്നമ്പരന്നു. ഒന്നും ചോദിക്കുന്നതിനു മുൻപ് തന്നെ അയാൾ പറഞ്ഞത് കേട്ട് തലയിൽ കൈ വെച്ച് ഞാൻ ഇരുന്നു പോയി. സോളോ ട്രിപ്പിന്റെ തുടക്കം ഇത്ര ദയനീയം ആയിപ്പോകുമെന്ന് ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. എന്റെ പരിഭ്രമം കണ്ട ഡ്രൈവർ തന്നെ എന്നെ കൂട്ടി ഒരു കൗണ്ടറിലേക്ക് നടന്നു . അവിടെ ടിക്കറ്റ് എടുക്കണം പോലും ഹോട്ടലിലേക്കുള്ള തുടർ യാത്ര കുതിരപ്പുറത്താണെന്ന് കേട്ട ഞാൻ നിലത്തു വീണില്ല എന്ന് മാത്രം.
മാത്തേരാൻ മാർക്കറ്റിനു സമീപത്തെ " ആദമോ ദി റിസോർട്" എന്ന ഹോട്ടലിൽ ആണ് എന്റെ ബുക്കിംഗ് ചെയ്തിരുന്നത്. കുതിരപ്പുറത്തുള്ള യാത്ര എന്നെ വല്ലാതെ വലച്ചു. പരിചയക്കുറവും ഇരുട്ടും ഇടുങ്ങിയ വഴികളും എന്നിൽ ഭീതിയുളവാക്കിയെന്നു തന്നെ പറയാം. എങ്ങനെയൊക്കെയോ മനസ്സിന്റെ ബലം കൊണ്ട് അവസാനം റിസോർട്ടിനു മുന്നിൽ എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്.
റിസോർട്ടിലെ റൂമിൽ കയറിയ ഉടനെ ഫ്രഷായി പുറത്തേക്കിറങ്ങി. രാത്രി ഭക്ഷണം റിസോർട്ടിൽ തയാറാക്കിയിരുന്നെങ്കിലും സ്ട്രീറ്റ് ഫുഡ് മതിയെന്ന് ഞാൻ തീരുമാനിച്ചു. കുതിരപ്പുറത്തെ യാത്രക്കിടയിലും ഒരു വളവിൽ കണ്ട മോമോസ് വില്പനക്കാരിയായിരുന്നു എന്റെ ലക്ഷ്യം.
ഏകദേശം ഇരുനൂറു മീറ്ററോളം നടന്നപ്പോഴാണ് അവിടെയെത്തിയത്. ആവി പറക്കുന്ന മോമോസും രണ്ടു തരത്തിലുള്ള ചട്ണിയും കഴിച്ചപ്പോൾ കുതിരപ്പുറത്തെ യാത്ര മോശമല്ലായിരുന്നുവെന്നു തോന്നിപ്പോയി. തിരിച്ചു റിസോർട്ടിലേക്കു നടക്കുമ്പോൾ നേരിയ തണുപ്പുണ്ടായിരുന്നു. റൂമിലെത്തി ബെഡിലേക്ക് മറിഞ്ഞത് മാത്രമേ ഓർമയുള്ളൂ.
കണ്ണു തുറന്നത് പുലർച്ചെ 5 മണിയുടെ പതിവ് അലാറം അടിച്ചപ്പോഴാണ്. എഴുന്നേറ്റു ഫ്രഷായി നടക്കാൻ ഇറങ്ങുമ്പോൾ തന്നെ സൈറ്റ് സീയിങ് മനസ്സിൽ ഉണ്ടായിരുന്നു. മറ്റുഹില്‍സ്റ്റേഷനുകളുടെ എന്നപോലെ തന്നെ, മനോഹരമായ നിരവധി വ്യൂ പോയന്റുകളാണ് മത്തേരാന്റെയും പ്രത്യേകത. ഔദ്യോഗികമായ 38 വ്യൂ പോയന്റുകളാണ് മത്തേരാനിലുള്ളത് എന്നാണ് കണക്ക്. പനോരമ പോയന്റാണ് ഇവയില്‍ ഏറ്റവും മനോഹരമായത്. മുംബൈ അടക്കമുള്ള ദൂരന്‍ നഗരങ്ങളുടെ രാത്രിക്കാഴ്ചകള്‍ സമ്മാനിക്കുന്ന ഹാര്‍ട്ട് പോയന്റാണ് മത്തേരാനിലെ മറ്റൊരു സുന്ദരമായ വ്യൂ പോയന്റ്.
ചരിത്രപരമായ സവിശേഷതകളുള്ള പ്രബല്‍ കോട്ടയടക്കമുള്ള കാഴ്ചകള്‍ സമ്മാനിക്കുന്ന ലൂയിസ പോയന്റാണ് മത്തേരാനിലെ പ്രശസ്തമായ മറ്റൊരു വ്യൂ പോയന്റ്. നിരവധി ചരിത്രകഥകള്‍ പറയാനുള്ള ഈ കോട്ട ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. ഇവിടത്തെ മറ്റ് പ്രശസ്തമായ വ്യൂപോയന്റുകളാണ് മങ്കി പോയന്റ്, പൊര്‍ക്യുപൈന്‍ പോയന്റ്, വണ്‍ ട്രീ ഹില്‍ പോയന്റ് എന്നിവ. മങ്കി പോയിന്റും, പനോരമ പോയിന്റും, ലൂയിസ പോയിന്റും കണ്ടു വഴിയോരത്തെ ചായ കടയിൽ കയറിയിരുന്നപ്പോൾ ഒരു കൂട്ടം നായ്ക്കൾ എന്റെ ഒപ്പം കൂടി.
അന്തിച്ചു നിന്ന എന്നെ കടയുടമസ്ഥൻ സമാധാനിപ്പിച്ചു. നായ്ക്കൾക്കു വിശന്നിട്ടാണെന്ന് അയാൾ പറഞ്ഞത് കേട്ടാണ് ഞാൻ ആ നായ്ക്കൂട്ടത്തെ ശ്രദ്ധിച്ചതും. എല്ലു വെളിയിൽ കാണാമെന്ന രീതിയിലാണ് മിക്ക നായ്ക്കളും. കോവിഡ് കാലത്തെ സന്ദർശകരുടെ അഭാവം ഏറ്റവും കൂടുതൽ അവിടുത്തെ നായ്ക്കളാണ് അനുഭവിച്ചിട്ടുള്ളതെന്ന് ആരും പറയാതെ എനിക്ക് വ്യക്തമായി. ചായക്കടയിൽ നിന്നും കുറെ ബിസ്ക്കറ്റ് പാക്കറ്റ് വാങ്ങി അവർക്കു നേരെ ഇട്ടുകൊടുത്തപ്പോൾ വാലാട്ടിക്കൊണ്ട് ഓടിവരുന്ന കാഴ്ച കണ്ടു, മനസ്സിലെവിടെയോ ഒരു നൊമ്പരം. ബാക്കി ചായ കുടിക്കാതെ ഞാൻ ഇറങ്ങി നടന്നു. റിസോർട്ടിൽ ചെന്ന് വിപുലമായി ഒരുക്കിയിരുന്ന ബ്രേക്ഫാസ്റ്റ് കഴിച്ചു വീണ്ടും ഞാൻ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു.
ഹ്യൂ പോളിന്റ്സ് മലേറ്റാണ് മത്തേരാന്‍ കണ്ടുപിടിച്ചതെന്നാണ് കരുതപ്പെടുന്നത്. 1850 ലാണ് ഇത്. ഉടന്‍തന്നെ പാഞ്ചഗണിയോടൊപ്പം മത്തേരാനും ബ്രിട്ടീഷുകാരുടെ പ്രിയപ്പട്ട വേനല്‍ക്കാല സുഖവാസകേന്ദ്രമായി മാറി.
കനത്ത കാടിനകക്കാഴ്ചകള്‍ക്ക് പ്രശസ്തമാണ് മത്തേരാന്‍. യാതൊരു നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്ന കുരങ്ങുകളാണ് മത്തേരാന്‍ കാഴ്ചയെ രസകരമാക്കുന്ന ഒന്ന്.
പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്കുന്ന മതേരാനില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. വാഹനങ്ങള്‍ കുറവായതു കൊണ്ടുതന്നെ ഇവിടെ മലിനീകരണവും ബഹളങ്ങളും വളരെ കുറവാണ്. വാഹനങ്ങളില്ലാത്ത മതേരാനിലെ പ്രധാനപ്പെട്ട വിനോദങ്ങളിലൊന്ന് കുതിരസവാരിയാണ്. ആംബുലന്‍സിന് മാത്രമാണ് ഇവിടെ പ്രവേശനമുള്ളത്.പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ കഴിവതും ഇവിടേക്ക് കൊണ്ടുവരാതെ സൂക്ഷിക്കുക. കുരങ്ങുകള്‍ അത് തട്ടിപ്പറിച്ച് പാഞ്ഞേക്കുമെന്നത് മാത്രമല്ല അത് പരിസ്ഥിതിക്ക് അത്ര സുഖരമല്ല എന്നതും സഞ്ചാരികള്‍ ഓര്‍ത്തിരിക്കേണ്ടതാണ്.
വെറുതെ നടക്കുമ്പോൾ, മാത്തേരാൻ ജംഗ്ഷൻ എന്ന ബോർഡ് വെച്ച ഒരു റെയിൽവേ സ്റ്റേഷൻ കണ്ടു. ടോയ് ട്രെയിൻ ഉണ്ടെന്നറിഞ്ഞപ്പോൾ അതൊന്നു കണ്ടിരിക്കാമെന്നു കരുതി ഒരു ടിക്കറ്റ് എടുത്തു ഞാനും കയറി. പ്രകൃതി രമണീയമായ ഇടുക്കു വഴികളൂടെ ട്രെയിൻ ഇഴഞ്ഞു നീങ്ങി. വഴിയിൽ പൊട്ടിമുളച്ചത് പോലെ വെള്ളച്ചാട്ടങ്ങൾ, പലതരം പക്ഷികൾ, കല്ലുചുമന്നു നടക്കുന്ന കഴുതകൾ ഇതെല്ലാം കണ്ടു അവസാന സ്റ്റേഷനിൽ ഞാനിറങ്ങി. മഴക്കാലത്ത് നിരവധി വെള്ളച്ചാട്ടങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഇവിടം ചുറ്റിനടന്നുകാണാനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.മതേരാനിലെ ഓര്‍മയ്ക്കായി നിരവധി സാധനങ്ങള്‍ ലഭിക്കുന്ന പാതയോര കച്ചവടക്കാരുണ്ട് ഇവിടെ. പ്രധാനമായും വിദേശികളെ ലക്ഷ്യം വച്ചിരിക്കുന്ന ഇത്തരം കടകള്‍ നിറഞ്ഞതാണ് മതേരാന് ബസാര്‍.
കനത്ത ഫോറസ്റ്റിനകത്ത് കത്തുന്ന സൂര്യന്റെ വെയിലെത്തിച്ചേരാനെളുപ്പമല്ല. അതുകൊണ്ടുതന്നെ വര്‍ഷം മഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് മത്തേരാനില് അനുഭവപ്പെടുക. തിരിച്ചു റിസോർട്ടിലെത്തി കുളിച്ചു ഫ്രഷ് ആയി പിന്നെയും വൈകിട്ട് ഞാൻ നടക്കാൻ തീരുമാനിച്ചു. കുതിരസവാരി ചെയ്തു സൺ സെറ്റ് പോയിന്റിൽ പോയി. ഇഞ്ചിയിട്ട ചായയും മാഗിയും കഴിച്ചു. പാറയുടെ മുകളിൽ വിശാലമായ ആകാശത്തേക്ക് നോക്കി കുറച്ചു നേരം കിടന്നു. ഇങ്ങനെ ഒരു അവസരം തന്നതിന് ദൈവത്തോട് മനസ്സിൽ നന്ദി പറഞ്ഞു ഒപ്പം എന്റെ ആഗ്രഹം നടത്തിത്തരാൻ കൂടെ നിന്ന എന്റെ കുടുംബത്തോടും. തിരികെ ഡൽഹിയിലേക്ക് മടങ്ങുമ്പോൾ എന്തൊക്കെയോ അംഗീകാരം കിട്ടിയ മനസ്ഥിതിയിൽ ആയിരുന്നു ഞാൻ. ആദ്യമായി സോളോ ട്രിപ്പ് നടത്തിയ നിർവൃതിയിൽ.
ഷീന പിള്ളൈ സിങ്ങ്




Comments
Post a Comment