ഗോതൻബോർഗിലെ മധുരസ്മരണകൾ


 

ഭാഗം 2

കോപ്പൻഹേഗനിൽ കാലുകുത്തുമ്പോൾ മറ്റൊരു ആശങ്ക കൂടി  വളരുന്നുണ്ടായിരുന്നു. ഷെഡ്യൂൾ പ്രകാരം 12.45 ന് എത്തിച്ചേരേണ്ട  വിമാനമാണ് മുക്കാൽ മണിക്കൂർ വൈകി13.30 ന് ലാൻഡ് ചെയ്തിരിക്കുന്നത്. ഇവിടെ നിന്നും സ്വീഡനിലെ ഗോതൻബോർഗിലേക്കുള്ള വിമാനം 14.05ന് മൂന്നാം ടെർമിനലിൽ നിന്നും പറന്നുയരും. ടിക്കറ്റിൽ കാണിച്ചിരിക്കുന്ന ചെക്കിൻ ടൈം തന്നെ കഴിഞ്ഞിരിക്കുന്നു. ഷെൻജൻ വിസയിൽ കാലുകുത്തിയ ആദ്യത്തെ യൂറോപ്യൻ രാജ്യം എന്ന നിലയിൽ ഇനി പാസ്പോർട്ട് കൺട്രോൾ നടപടികൾ പൂർത്തിയാക്കിയിട്ടു വേണം ടെർമിനൽ മൂന്നിലേക്ക് ഓടാൻ. മിക്കവാറും ആ വിമാനം നഷ്ടപ്പെടും എന്ന് തന്നെ ഞാനുറപ്പിച്ചു. അങ്ങനെ തീരെ ചെറുതല്ലാത്ത ആശങ്കയോടെയാണ് വിമാനത്താവളത്തിൽ ഡ്യുട്ടിയിലുണ്ടായിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ സമീപിച്ചത്. അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു. ആരെയോ ഫോണിൽ വിളിച്ച് സംസാരിച്ചശേഷം അദ്ദേഹം എൻറെ ടിക്കറ്റ് ചോദിച്ചുവാങ്ങി. അത് സസൂക്ഷ്മം നിരീക്ഷിച്ച ശേഷം ഒരു ചെറു ചിരിയോടെ സ്വീഡനിൽ വിന്റർ ടൈം ആയതിനാൽ 15.05 ന് മാത്രമേ, എൻറെ കണക്ഷൻ ഫ്ലൈറ്റ് പുറപ്പെടുകയുള്ളു എന്ന് ആശ്വസിപ്പിക്കുകയും ചെയ്തു. പാസ്പോർട്ട് കൺട്രോൾ നടപടികൾക്ക് കൂടെവന്ന് സഹായിക്കുകയും അധികം അകലെയല്ലാത്ത മൂന്നാം ടെർമിനലിലേക്കുള്ള വഴി വ്യക്തമായി പറഞ്ഞു തന്ന് ആശംസകൾ നേരുകയും ചെയ്തപ്പോൾ അദ്ദേഹത്തോടുള്ള ബഹുമാനം ഇരട്ടിച്ചു. 

മൂന്നാം ടെർമിനലിലെ A 8 ഗേറ്റിനു മുൻപിൽ ഓടിക്കിതച്ച് എത്തിയപ്പോൾ കണ്ടത് ഹൃദയം നടുങ്ങുന്ന കാഴ്ചയാണ്. ഗേറ്റ് അടഞ്ഞ് കിടക്കുന്നു. കൗണ്ടറിൽ ജീവനക്കാരെ ആരെയും കാണുന്നുമില്ല. യാത്രക്കാരുടെ തിരക്കും കാണാനില്ല.  ഞാൻ സഞ്ചരിക്കേണ്ട SAS SK 438 വിമാനത്തിൻറെ ബോർഡിങ് സമയം 14 .15 എന്ന് മോണിറ്ററിൽ കണ്ടപ്പോഴാണ് ആശ്വാസമായത്. ഓട്ടത്തിൻറെ ക്ഷീണം തീർക്കാൻ ഇനിയും 15 മിനിറ്റ് സമയം ബാക്കി. ഒഴിവുള്ള ഒരു സീറ്റിൽ സ്വസ്ഥമായി ഞാനിരുന്നു. ജിയോയുടെ ഇന്റർനാഷണൽ റോമിങ് ആക്ടിവേറ്റഡ് ആയതായി മെസ്സേജ് കണ്ടു. ഡാറ്റ ഓണാക്കി വീട്ടിലേക്ക് ഒരു മെസ്സേജ് അയച്ചു. വിന്റർ ടൈം ഇൻ സ്വീഡൻ എന്ന് സേർച് ചെയ്തുനോക്കി. Day light Saving Time ends in Oct 30 എന്ന് കണ്ടപ്പോഴാണ് എന്നെ സഹായിച്ച പോലീസുദ്യോഗസ്ഥൻറെ ചിരിയുടെ രഹസ്യം പിടികിട്ടിയത്. രണ്ടു മാസം മുൻപേ എടുത്ത ടിക്കറ്റായിരുന്നതിനാൽ അതിൽ  സമ്മർ ടൈം ആണ് കാണിച്ചരുന്നത്. (സമ്മർ ടൈമിനേക്കാൾ ഒരു മണിക്കൂർ പിന്നിലാണ് വിന്റർ ടൈം) സമയ മാറ്റം ശ്രദ്ധിക്കണമെന്ന നിർദ്ദേശം അവഗണിച്ചതാണ് എന്നെ ആശങ്കയിലാഴ്ത്തിയത്. മുംബൈയിൽ നിന്നുള്ള പ്രധിനിധി കാരൻ ശൈവ ഫ്രാൻസിലെ ഫ്രാങ്ക്ഫർട്ട് വഴി 


കോപ്പൻഹേഗനിലെത്തുമെന്നും  തുടർന്നുള്ള യാത്ര ഒരേ വിമാനത്തിലാണെന്നുമുള്ള വിവരം നേരത്തെ അറിയിച്ചിരുന്നതാണ്. ഡാറ്റ ഒണായപ്പോൾ തന്നെ അവർ കോപ്പൻഹേഗനിൽ ലാൻഡ് ചെയ്തിട്ടുണ്ടെന്ന മെസ്സേജ് കണ്ടിരുന്നു.  അൽപ്പ സമയത്തിനകം അവരും എത്തിയതോടെ തുടർന്നുള്ള യാത്രക്ക് ഒരു കൂട്ടായി. 

 ബോർഡിങ് ആരംഭിച്ചു. യാത്രക്കാരെയെല്ലാം ഒരു ബസ്സിൽ കയറ്റി കുറച്ചുദൂരെ മാറിക്കിടക്കുന്ന ഒരു വിമാനത്തിനടുത്ത് ഇറക്കി വിടുകയാണുണ്ടായത്. ആഭ്യന്തരയാത്രക്കാർക്ക് ലോകത്തെവിടെയായാലും ഇതൊക്കെ തന്നെ ഗതി എന്ന് മനസ്സ് മന്ത്രിച്ചു. എയ്റോ ബ്രിഡ്ജിൻറെ സൗകര്യവും സുരക്ഷിതത്വവും ഒന്നും അവർക്ക് വിധിച്ചിട്ടില്ല. വീശിയടിക്കുന്ന കാറ്റിൽ വിറച്ച്, ചാറ്റൽ മഴയും നനഞ്ഞ്, വിന്റർ യൂറോപ്പിന്റെ കഠിനമായ തണുപ്പറിഞ്ഞുകൊണ്ടാണ് അകത്തു കയറിപ്പറ്റിയത്. 15.05 നു തന്നെ സ്കാൻഡിനേവിയൻ എയർ ലൈൻസിൻറെ AEROSPATIALE/ALENIA ATR 72 വിമാനം കോപ്പൻഹേഗനിൽ നിന്നും ഗോതൻബോർഗ്ഗ് നഗരത്തിലെ ലാൻഡ്വെട്ടർ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയർന്നു.

 നല്ല മഴ പെയ്യുന്ന ഒരു തണുത്ത സായാഹ്നത്തിലാണ് കോപ്പൻഹേഗൻ എയർപോർട്ടിൽ നിന്നും എടിആർ 72 എന്ന ചെറു വിമാനം ആകാശത്തേക്ക് കുതിച്ചുയർന്നത്. സവിശേഷമായ രൂപഘടനയുള്ള ആ വിമാനത്തിൻറെ  ഏതാണ്ട് മുകൾ തട്ടിലായിട്ടാണ് ചിറകുകൾ ഉറപ്പിച്ചിരിക്കുന്നത്. വിരിച്ചു നിർത്തിയ ആ കൂറ്റൻ ചിറകിനടിയിലുള്ള turboprop യന്ത്രവും അതിൻറെ മുന്നിൽ കറങ്ങിക്കൊണ്ടിരിക്കുന്ന പ്രൊപ്പല്ലറും ഒക്കെ നന്നായി കാണാൻ കഴിയുന്ന ഒരു വിൻഡോ സീറ്റിലാണ് ഞാൻ ഇരിക്കുന്നത്. മനോഹരമായ സ്റ്റാൻഡിനേവിയൻ ഭൂപ്രകൃതിയുടെ ദൂരക്കാഴ്ചകൾ പൂർണമായും മറയ്ക്കുന്ന മേഘങ്ങളും മഴയും പിന്നിലാക്കി ആകാശവിതാനത്തിലേക്ക് വിമാനം കുതിച്ചുയർന്നു. മഴത്തുള്ളികളായി പരിണമിക്കുന്ന ആ കരിമേഘങ്ങളുടെ മുകളിലുള്ള മറ്റൊരു ലോകത്തേക്ക് നിമിഷങ്ങൾക്കകം എത്തിപ്പെട്ടു. അവിടെ പക്ഷേ മഴയില്ല. ഉമ്മവെച്ച് പിന്നോക്കം പാഞ്ഞു പോകുന്ന കരിമേഘങ്ങളില്ല. താഴെ പഞ്ഞിക്കെട്ടുകൾ നിരത്തിയപോലെ മേഘപാളി. അതിനു കരിനിറമല്ല. നല്ല തൂവെള്ള മേലങ്കിയണിഞ്ഞ സുന്ദരിയെപ്പോലെ പോലെ മനോഹരം. അങ്ങ് പടിഞ്ഞാറൻ ചക്രവാള സീമയിൽ സായാഹ്ന സൂര്യനെ കാണാം. സൂര്യദേവൻ പ്രസരിപ്പിക്കുന്ന പ്രകാശകിരണങ്ങൾ ചില്ലു ജാലകത്തിലൂടെ കടന്നു വരുന്നുണ്ട്. അതിൻ്റെ ചൂട് പോലും അനുഭവിക്കാൻ കഴിയുന്നുണ്ട്. അങ്ങ് താഴെ ഉത്തരാർദ്ധഗോളത്തിലെ മഞ്ഞുപെയ്യുന്ന കാലാവസ്ഥയുള്ള യൂറോപ്യൻ ഭൂമിയാണ്. അതിനെ ഒരു കട്ടിക്കമ്പളം കൊണ്ട് പൊതിഞ്ഞപോലൊരു മേലാപ്പ് ഉണ്ട് എന്ന് മനസ്സിലായി.  അതിനു മുകളിലാണ് ഞങ്ങൾ സഞ്ചരിക്കുന്ന ആകാശപാത. ആ സ്വച്ഛതയിയിലൂടെയാണ് ഗോതൻബോർഗ്ഗ് ലക്ഷ്യമാക്കി വിമാനം പറന്നുകൊണ്ടിരിക്കുന്നത്.

 ഏതാനും മിനിറ്റുകൾക്കുള്ളിൽ ലാൻഡ് വെട്ടർ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യും എന്നുള്ള അറിയിപ്പ് കിട്ടി. സീറ്റ് ബെൽറ്റ് മുറുക്കി  യാത്രികരെല്ലാം ഒരുങ്ങിക്കഴിഞ്ഞു. സമയം 15.20.  കോഴിക്കോട് നിന്നും പുലർച്ചെ 3.20 ന് യാത്ര ആരംഭിച്ചതാണ്. അത് വെച്ച് കണക്കുകൂട്ടിയാൽ വെറും 12 മണിക്കൂർ. പക്ഷേ 13 മണിക്കൂറോളം സമയം വിമാനത്തിൽ തന്നെ യാത്ര ചെയ്തു കഴിഞ്ഞിരിക്കുന്നു. അന്താരാഷ്ട്ര സമയ രേഖയോട് അടുക്കുന്നതിനാൽ ഇന്ത്യൻ സമയത്തിൽ നിന്നും നാലര മണിക്കൂർ പിറകിലാണ് സ്വീഡനിലെ പ്രാദേശിക സമയം. (സമ്മർ സീസണിൽ  മൂന്നര മണിക്കൂർ)

 മേഘവിതാനത്തിന് താഴേക്ക് പറന്നിറങ്ങുമ്പോൾ വീണ്ടും യൂറോപ്യൻ ശൈത്യകാല കാഴ്ചകൾ. കാർമേഘങ്ങളും മഴയും മഞ്ഞും ഒക്കെയുള്ളതിനാൽ  ദൂരക്കാഴ്ചകൾ അവ്യക്തമാണ്. ഈ കാലാവസ്ഥയിലും സമർഥമായി വിമാനത്തെ നിയന്ത്രിക്കുന്ന പൈലറ്റിനെ അഭിനന്ദിച്ചേ മതിയാവൂ. ഒരുപക്ഷേ ഓട്ടോ പൈലറ്റ് സഹായം കൊണ്ട് കൂടിയാവാം പ്രയാസ രഹിതമായി അദ്ദേഹം ആ ജോലി നിർവഹിക്കുന്നത്. 

സ്കാന്ഡിനേവിയൻ രാജ്യമായ സ്വീഡനിലെ ഗോതൻബോർഗ്ഗ് നഗരപ്രാന്തത്തിലെ ലാൻഡ്വെട്ടർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രാദേശിക സമയം 15.35 ന് ഞങ്ങൾ ലാൻഡ്ചെയ്തു. സ്വീഡൻറെ മണ്ണിലെ എൻ്റെ രണ്ടാമൂഴത്തിലെ കാഴ്ചയനുഭവങ്ങൾ ഇവിടെ തുടങ്ങുകയായി.

 

ഫ്രാൻസിസ് ദേവസ്യ

{തുടരും}

Comments

Popular posts from this blog

ചിദംബര കാഴ്ച്ചകൾ

കെനിയ - ടാൻസാനിയ ഡയറി

ദി ഇൻഫേമസ് മലാന