ശിവന സമുദ്രം
ചാമരാജ നഗർ ജില്ലയുടെയും, മാണ്ട്യ ജില്ലയുടെയും അതിർത്തി പങ്കിടുന്ന ഒരു ചെറിയ ദ്വീപാണ് ശിവന സമുദ്ര. കർണ്ണാടകത്തിലെ കൊള്ളീഗലയിൽ നിന്നും ഇരുപതു കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്. കാവേരി നദിയുണ്ടാക്കിയ ദ്വീപുകളിൽ നാലാമനാണ് ഇത്. രണ്ടു വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. ബാരച്ചുക്കിയും ഗഗനച്ചുക്കിയും. രണ്ടും അടുത്തടുത്താണെങ്കിലും ബാരച്ചുക്കി ചാമരാജ നഗറിലും, ഗഗനചുക്കി മാണ്ട്യ ജില്ലയിലുമാണുള്ളത്.
അതിശക്തമായ നീർവീഴ്ച്ചയാണ് ഇവിടെയുള്ളത്. ജലപാതം അതിന്റെ ശക്തിയിൽ, നീരാവി പോലെ പൊങ്ങുന്ന ഒരു ദൃശ്യ ഭംഗി വിവരണാതീതം തന്നെയാണ്. യഥാർത്ഥത്തിൽ ശിവന സമുദ്രം ദ്വീപാണ്, ഈ വെള്ളച്ചാട്ടത്തെ പകുത്ത് രണ്ടു വെള്ളച്ചാട്ടങ്ങളാക്കി മാറ്റുന്നത്.
ഇത്തരം വെള്ളച്ചാട്ടങ്ങളെ സെഗ്മെന്റൽ വാട്ടർഫാൾസ് എന്നാണ് വിളിക്കുന്നത്. നേർവഴിയിൽ ഒഴുകുന്ന വെള്ളത്തിന് തടസ്സം നേരിടുകയും, അത് രണ്ടോ അതിലധികമോ കൈവഴികളിലൂടെ ഒരു ഗർത്തത്തിലേക്ക് പതിക്കുകയും ചെയ്യുന്നതിനെയാണ് നാം സെഗ്മെന്റൽ വാട്ടർഫാൾസ് എന്ന് പറയുന്നത്.
ആയിരം അടി വീതിയിൽ മുന്നൂറ്റിഇരുപത്തിരണ്ട് അടി താഴ്ച്ചയിലേക്കാണ് ഇവിടെ നീർവീഴ്ച്ചയുണ്ടാകുന്നത്. ആയിരം ക്യൂബിക് മീറ്ററോളം വെള്ളം ഒരു സെക്കന്റിൽ പതിക്കുന്നു എന്നാണ് കണക്ക്. ഈ ശക്തിയാകണം, ഈ ജലപാതങ്ങളെ ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിക്കായി തിരഞ്ഞെടുത്തതിന്റെ കാരണവും.
കോളാർ സ്വർണ്ണ ഖനിയിലേയ്ക്ക് വേണ്ട വൈദ്യുതി ഉൽപ്പാദനം ലക്ഷ്യമാക്കി മൈസൂർ ദിവാനായിരുന്ന ശ്രീ ശേഷാദ്രി അയ്യർ തുടങ്ങിവച്ചതാണ് ഈ ജലവൈദ്യുത പദ്ധതി.
മൺസൂൺ കാലത്താണ് ഇവിടം ഏറ്റവും ജലസമൃദ്ധമാകുന്നത്. അതി ഗംഭീരമായ ഈ ജലപാതങ്ങൾ കാണുവാൻ ആയിരക്കണക്കിന് ആളുകൾ ഇക്കാലത്ത് പ്രതിദിനം ഇവിടെ എത്തുന്നു. അതി ഗംഭീരമായ ഒരു ദൃശ്യ വിരുന്നാണ് പ്രകൃതി അവർക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു, ശിവന സമുദ്രം സന്ദർശിക്കണമെന്നത്. തീരുമാനമെടുത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽത്തന്നെ യാത്ര തിരിക്കുകയും ചെയ്തു. ഏകദേശം ഉച്ചയ്ക്ക് മൂന്നു മണിയോടെ കോയമ്പത്തൂരിൽ നിന്നും യാത്ര തിരിച്ച ഞങ്ങൾ രാത്രി എട്ടു മണിയോടെ കൊള്ളീഗലയിൽ എത്തിച്ചേർന്നു. സത്യമംഗലം, ബന്നാരി, ദിമ്പം വഴി കൊള്ളീഗലയിലേക്കു നേരിട്ട് പോകുന്ന നിബിഡ
വനത്തിലൂടെയുള്ള വഴിയായിരുന്നു തിരഞ്ഞെടുത്തത്. ദിമ്പം കഴിഞ്ഞു വലത്തോട്ടു തിരിഞ്ഞു പോകുന്ന ഒരു കുറുക്കുവഴിയാണിത്. വഴിയിൽ എട്ടോ പത്തോ വാഹനങ്ങൾ മാത്രമേ കണ്ടു മുട്ടിയുള്ളൂ. ഇടയിൽ അപൂർവമായി ചില ഗ്രാമങ്ങളും ഉണ്ടായിരുന്നു. രാത്രി ഏഴു മണി വരെ അത്യാവശ്യം പകൽ വെളിച്ചമുണ്ടായിരുന്നതു കൊണ്ട്, കാനന ഭംഗി നന്നായി ആസ്വദിക്കുവാനും സാധിച്ചു.
തിരിച്ചു വന്നത്, ചാമരാജ് നഗർ, ദിമ്പം വഴിയായിരുന്നു. ഇതാണ് ശരിയായ വഴിയും. ഈ റൂട്ടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലവും ദിമ്പം തന്നെ. സത്യമംഗലത്തു നിന്നും ദിമ്പം വരെ ഇരുപത്തിയേഴ് ഹെയർപിൻ വളവുകളാണുള്ളത്. യാത്രയിൽ ആന, മാൻ, കാട്ടുപന്നി, മയിൽ എന്നിവയെയൊക്കെ വഴിയിൽ കാണുവാനും സാധിച്ചു. ഒപ്പം കൊള്ളീഗലയിൽ നിന്നും പോകുവാൻ കഴിയുന്ന ബി.ആർ. മലകളും, കെ.ഗുഡി വനങ്ങളും തടാകവുമെല്ലാം സന്ദർശിച്ചായിരുന്നു മടക്കം.
ഡോ സുനീത് മാത്യു
Comments
Post a Comment