രുദ്രവാസ
- ദ സിറ്റി ഓഫ്
ശിവ അഥവാ ശിവന്റെ
നഗരം! വാരാണസിക്ക് അനേകം
പേരുകളുണ്ട്. അതിലൊന്നാണ്
രുദ്രവാസ. രുദ്രൻ (ശിവൻ) വസിച്ചിരുന്ന
സ്ഥലം എന്നാണ് സങ്കല്പം. കാശി,
ബനാറസ് എന്നീ പേരുകളിലും നഗരം
അറിയപ്പെടുന്നു.
ഭാരതത്തിന്റെ
ആത്മീയ തലസ്ഥാനം...സംസ്ക്കാരിക തലസ്ഥാനം...ഉറങ്ങാത്ത നഗരി... 12 ജ്യോതിർലിംഗ
ദേശങ്ങളിലൊന്ന്...ശക്തിപീഠം. ബനാറസ്-വിശേഷണങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത പുണ്യഭൂമി.
ഇപ്പോഴത്തെ ഔദ്യോഗിക നാമം വാരാണസി.
എയർപോർട്ടും റെയിൽവേ സ്റ്റേഷനും ഇതേ
പേരിലാണ്.
ഗംഗ അനുസ്യൂതം ഒഴുകുന്ന വാരാണസിയിലേക്ക്
അക്ഷരാർത്ഥത്തിൽ ഇന്ത്യ ഒഴുകുകയാണ്. തീർത്ഥാടക
പ്രവാഹം! ഗംഗ കേവലം
ഒരു നദി മാത്രമല്ല.
അതൊരു വികാരമാണ്; സംസ്ക്കാരവും. വിശ്വാസികൾക്ക്
ഗംഗ ദേവത കൂടിയാണ്.
ഭക്തരുടെ കണക്കെടുത്താൽ തമിഴരാണ് മുന്നിൽ. തൊട്ടുപിറകെ
തെലുങ്കരും. വാരണാസിയിൽ നിന്നും ചെന്നൈയിലേക്ക്
ഞാൻ യാത്ര തിരിച്ച
ഫ്ലൈറ്റിൽ 90% വും അണ്ണന്മാർ
തന്നെയായിരുന്നു. രാമേശ്വരം-കാശി ആത്മീയബന്ധം
ഉറപ്പിക്കുന്ന കാഴ്ച!
കാലങ്ങളായി
മനസ്സിൽ കൊണ്ടുനടന്നിരുന്ന സ്വപ്നമായിരുന്നു കാശി യാത്ര.
ഗംഗയും
ഗലികളും ഘാട്ടുകളും കൂടികലർന്ന സുന്ദരദൃശ്യമാണ്
കാശി.
മൺചിരാതുകളും ആത്മാവിനെ സ്പർശിക്കുന്ന ആരതിയും
പുഷ്പ്പാലങ്കൃതമായ ബോട്ടുകളുമെല്ലാം എന്നോ മനസ്സിൽ പതിഞ്ഞുപോയതാണ്.
ദൂരദർശനും
ഡിസ്ക്കവറി ചാനലുമൊക്കെ ഹൃദയത്തിൽ വരച്ചിട്ട ഇൻക്രെഡിബിൾ
ഇമേജുകൾ....വെറുതെയല്ല വിശ്വസഞ്ചാരി
സന്തോഷ് ജോർജ് കുളങ്ങര ഇന്ത്യയിലേറ്റവും
ഇഷ്ട്ടപെട്ട സ്ഥലമേതെന്ന ചോദ്യത്തിന് 'വാരാണസി'
എന്ന് ഉത്തരം പറഞ്ഞത്. വാരാണസി
എന്ന ഇമേജ് ഓരോ
ഭാരതീയന്റെയും ഹൃദയത്തിനുള്ളിൽ പ്രതിഷ്ഠിക്കപ്പെട്ട ഒരു ക്ലാസ്സിക്
പെയിന്റിംഗാണ്. മതമോ ജാതിയോ ഒന്നും
അതിനു വിഘാതമല്ല.
മതസാഹോദര്യത്തിന്റെ
മനോഹര കാഴ്ചകൾ കൂടി, ബനാറസിലെ
തെരുവുകളിൽ അലയുമ്പോൾ നിങ്ങൾക്ക് കാണാം.
ഷഹനായി സംഗീതം പൊഴിയുന്ന തെരുവുകൾ
...ബിസ്മില്ല റഹ്മാന്റെ കച്ചേരി സ്മരണകൾ...ബനാറസ് പട്ട് സാരികൾ
വിൽക്കുന്ന ഇസ്ലാം മത വിശ്വാസികൾ...പർദ്ദ ധരിച്ചുനടക്കുന്ന സ്ത്രീകൾ...പള്ളികൾ...ചർച്ചുകൾ... ബുദ്ധവിഹാരങ്ങൾ...ഇതെല്ലാം അറിയാനും അനുഭവിക്കാനും
ഈ തെരുവുകളിലൂടെ വെറുതെ
നടന്നാൽ മതി.
യാതൊരു ലക്ഷ്യവുമില്ലാതെ ഗലികളിലൂടെയും ഘാട്ടുകളിലൂടെയും
അലഞ്ഞുനടക്കുക.
ഘാട്ടുകളിൽ പോയിരുന്നു സമയം ചെലവഴിക്കുക.
സൂര്യോദയം കാണുക.
ഒഴുകിനീങ്ങുന്ന ബോട്ടുകളെ
നോക്കിയിരിക്കുക...
അതിൽ കയറി വെറുതെ
സഞ്ചരിക്കുക...
യാത്രയ്ക്കിടയിൽ ഘാട്ടുകളുടെ (
പടവുകൾ)
പേര് എഴുതിയെടുക്കുക...
മണികർണ ...
അസ്സി...
ഹരിചന്ദ്ര...
തുളസി...
രാമചന്ദ്ര ഘട്ട്...
ആ ലിസ്റ്റ്
അങ്ങനെ നീളും.
ഘാട്ടുകളിൽ
എരിയുന്ന ചിതകൾ കണ്ടേക്കാം. ഇവിടെ
ദഹിപ്പിച്ചാൽ നേരെ സ്വർഗത്തിലേക്കാണ് പ്രവേശനം...വിശ്വാസം! ...അതും ആളുകളെ ഇവിടെ
എത്തിക്കുന്നു. ആസന്നമായ മരണവും പ്രതീക്ഷിച്ചു
ഇവിടെ അഭയം തേടുന്നവരും അനവധി.
ഗംഗയിൽ ഒരു മുങ്ങികുളിയും
നടത്താം. പാപമോക്ഷം പ്രതീക്ഷിച്ചുകൊണ്ടു ഭക്തർ
നടത്തുന്ന മറ്റൊരു പ്രക്രിയ. പിണ്ടകർമ്മവും ഇവിടത്തെ
പടവുകളിലിരുന്നു നമുക്ക് നടത്താം.
പുരോഹിതർ പടവുകളിൽ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.
മടങ്ങിപോവുമ്പോൾ പാത്രത്തിൽ അല്പം ഗംഗാ
ജലം ശേഖരിക്കുക. ഇത്
വീട്ടിലെ പൂജാമുറിയിൽ സൂക്ഷിച്ചുവെക്കാം. കാശി വിശ്വനാഥ ക്ഷേത്രം
സുന്ദരമായ ഒരു കാഴ്ചയാണ്.
എല്ലാം പുതുക്കി പണിഞ്ഞിരിക്കുന്നു. ഗംഗയിൽനിന്നും
നേരിട്ട് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാവുന്ന കോറിഡോർ നിർമ്മാണം അതിവേഗം
പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലം
എന്ന വസ്തുതയും പെരുമയും
കാശിയുടെ വികസനനേട്ടങ്ങളിൽ സ്പഷ്ടമാണ്.
എങ്ങനെ എത്തിച്ചേരാം?
സമയം പ്രശ്നമാണെങ്കിൽ, പണം വിഷയമല്ലെങ്കിൽ,
ഫ്ലൈറ്റിൽ വരുക. കൊച്ചിയിൽനിന്നും ദിവസവും
സർവീ്സുണ്ട്. 5 മുതൽ
9 മണിക്കൂർ വരെ സമയംകൊണ്ട്
വാരനാസിയിലിറങ്ങാം. ഡയറക്റ്റ് ഫ്ലൈറ്റ്സ് കുറവായതുകൊണ്ടാണ്
ഇത്ര സമയം എടുക്കുന്നത്.
ബാംഗ്ലൂരിൽനിന്നാണ് കൂടുതൽ സർവീസുകൾ. രണ്ട്
മണിക്കൂർ മതി. വാരണാസിയിൽനിന്നും 5-മണിക്കൂർകൊണ്ടു
ചെന്നൈ വഴിയാണ് ഞാൻ കൊച്ചിയിൽ
വിമാനം ഇറങ്ങിയത്. ചാർജ് Rs.5,300/-. നേരത്തെ
ബുക്ക് ചെയ്താൽ ഈ റേറ്റിൽ
കിട്ടും. ഇല്ലെങ്കിൽ 12K വരെയാകാം.
ട്രെയിൻ യാത്ര....
തൃശ്ശൂരിൽനിന്നും
വാരണാസിയിലേക്ക് 48 മണിക്കൂർ യാത്രയുണ്ട്. വീക്കിലി
ട്രെയിനായ (ഞായർ) ERS PNBE Exp (22669) ബെസ്റ്റ് ഓപ്ഷൻ. എറണാകുളം
Jn-ൽ നിന്നും രാത്രി
11.55 (23.55)-നു പുറപ്പെടുന്ന വണ്ടി രാത്രി 1.47-നു
തൃശ്ശൂർ; പുലർച്ച 3.07-നു പാലക്കാടും
എത്തുന്നു. മലബാർ ഭാഗത്തുനിന്നു വരുന്നവർ
പാലക്കാട്നിന്നും വണ്ടി പിടിക്കുക.
TN, AP, Maharashtra, MP പിന്നിട്ട്
രാത്രി 1.45-നു ട്രെയിൻ
വാരനാസി ജംഗ്ഷൻ എത്തുന്നു. കഴിയുന്നതും
AC ടിക്കറ്റ് എടുക്കുക. സ്ലീപ്പർ ക്ലാസ്സിൽ
ആളുകൾ ഇടിച്ചുകയറുന്നതു കൊണ്ടാണ് ഇങ്ങനെ പറയുന്നത്.
ടിക്കറ്റ്
ചാർജ് (Thrissur-Varanasi)
Sleeper
- Rs.
920/- 3rd AC - Rs.
2,380/- 2nd AC - Rs. 3,465/-
മൈസൂരിൽനിന്നും
ആഴ്ചയിൽ രണ്ട് വണ്ടികളുണ്ട്. Mys-BSP Exp (16229). ട്രിപ്പ് ടൈം 49
hrs.
വിൻറർ
സീസണായ നവംബർ മുതൽ
ഫെബ്രുവരി വരെയുള്ള സമയമാണ് ബെസ്റ്റ്
സീസൺ.
നല്ല തണുപ്പ് അനുഭവപ്പെടുന്ന
സമയമായതിനാൽ ഒട്ടും ക്ഷീണം തോന്നില്ല.
തൊപ്പി,
ജാക്കറ്റ്,
സ്വെറ്റർ നിർബന്ധമായും
കരുതുക.
ഘാട്ടുകളും
(പടവുകൾ) ഗലികളുമാണ് (ഇടുങ്ങിയ വഴികൾ) ബനാറസിന്റെ
ആത്മാവും ആകർഷണവും. വൈകിട്ടും രാവിലെയുമുള്ള
ഗംഗാ ആരതി...ഗംഗാ
സ്നാനം...വിശ്വനാഥ ക്ഷേത്ര ദർശനം...ഗലികളിലൂടെയുള്ള അലസഗമനം...ഘാട്ടുകളിലെ വിശ്രമനേരങ്ങൾ...ഇതൊക്കെയാണ് കാശി
സമ്മാനിക്കുന്ന അനുഭൂതികൾ. ഗംഗാ നദിയിലൂടെ
ഒരു ബോട്ട് സഞ്ചാരം...സ്ട്രീറ്റ് ഫുഡ് പരീക്ഷണം...പാൻ മസാല
പരീക്ഷണം...
പഠിക്കാനും
പരീക്ഷിക്കാനും അറിയാനും അനുഭവിക്കാനും ഏറെയുണ്ട്
വാരാണസിയിൽ.
രണ്ടോ മൂന്നോ രാത്രിയെങ്കിലും
ഇവിടെ ചെലവഴിച്ചാൽ ആ ആത്മീയ
നിർവൃതി (spiritual vibe)
നിങ്ങളിൽ നിറയും.
കാശി
വിശ്വനാഥന്റെ മണ്ണിൽ എല്ലാം മറന്നിരിക്കാൻ
സന്നദ്ധമായ് യാത്ര പുറപ്പെടുക.
ആത്മീയാനുഭൂതിയുടെ
നിറവിൽ ഓരോ സഞ്ചാരിയും
കാശിയോട് വിട പറയും.
ആത്മീയപൊരുളിന്റെ ആകർഷക വലയം തേടി
വീണ്ടും വീണ്ടും ഇങ്ങോട്ട് വണ്ടി
കയറും.
കാശിയുടെ വശ്യത അതാണ്;
മാന്ത്രികതയും.
സുനിൽ കുന്നോത്ത്
Comments
Post a Comment