ഒരു മൈസൂർ യാത്ര
മൈസൂരിലേക്കുള്ള ബസ് യാത്രയിലാണ് ഞാൻ. വളരെ പെട്ടെന്ന് എടുത്ത ഒരു തീരുമാനമായിരുന്നു മൈസൂർ യാത്ര. നാട്ടിലേക്കുള്ള തത്ക്കാൽ ടിക്കറ്റ് കിട്ടാതെ വന്നപ്പോൾ തോന്നിയ ആശയം. ഇതിന് മുൻപ് ഒരു ഓണം സീസണിൽ നാട്ടിലേക്ക് പോകാൻ പറ്റാതെ ബാംഗ്ലൂർ പെട്ട് പോയപ്പോൾ മൈസൂർ ചെന്നിട്ട് ബസിന് കോഴിക്കോട് വഴി സ്വന്തം നാടായ കൊല്ലത്തിന് പോയ ഓർമ്മയാണ് ഇപ്പോഴത്തെ മൈസൂർ യാത്രയ്ക്ക് പ്രേരണയായത്.
ഈ പ്രാവിശ്യം യാത്ര കുറച്ച് പ്ലാനിങ്ങോട് കൂടി ചെയ്യണമെന്ന് ആയിരുന്നു ആഗ്രഹം. ആന്ധ്രാപ്രദേശിലെ അനന്തപൂർ നിന്നാണ് നാട്ടിലേക്ക് പോകേണ്ടത്. പോകുന്ന വഴിക്ക് ലേപാക്ഷി ക്ഷേത്രം കൂടി സന്ദർശിച്ചു പോകാൻ തീരുമാനിച്ചു. ഹിന്ദുപൂർ എന്ന സ്ഥലത്തേക്കാണ് ആദ്യം പോകേണ്ടത്. അവിടെ നിന്നും പതിനഞ്ച് കിലോമീറ്റർ അകലെയാണ് ലേപാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ബസ് ഓരോ ഗ്രാമങ്ങൾ പിന്നിട്ട് മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്. 'പെനുകോണ്ട' വഴിയാണ് എനിക്ക് ഹിന്ദുപൂർ പോകേണ്ടത്. ബാംഗ്ലൂർ ഹൈദരാബാദ് ഹൈവേ വഴി പോയിട്ടുള്ളവർക്ക് ഈ സ്ഥലത്തെ കുറിച്ച് അറിയാതിരിക്കാൻ വഴിയില്ല. 530 ഏക്കറോളം പരന്നുകിടക്കുന്ന KIA MOTORS ന്റെ ഫാക്ടറി ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
പെനുകോണ്ട ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. ഹംപിയുടെ പതനത്തിനുശേഷം വിജയനഗര സാമ്രാജ്യത്തിന്റെ രണ്ടാം തലസ്ഥാനമായിരുന്നു പെനുകോണ്ട, വിജയനഗര സാമ്രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രതിരോധങ്ങളിലൊന്നായിരുന്നു പെനുകോണ്ടയിൽ നിർമ്മിക്കപ്പെട്ട കോട്ട. വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തോടെ ഗോൽക്കൊണ്ട സുൽത്താൻ ഈ കോട്ട പിടിച്ചെടുത്തു. പിന്നീട് ടിപ്പു സുൽത്താനും.
ടിപ്പു സുൽത്താന്റെ പതനത്തിനുശേഷം ബ്രിട്ടീഷുകാർക്കായിരുന്നു കോട്ടയുടെ അധികാരം. പെനുകോണ്ടയിലെ കാഴ്ച്ചകളും ചരിത്രവും കൂടുതൽ അടുത്തറിയാൻ ഇനി ഒരു ദിവസം ഇവിടേക്ക് വരാം.
ലേപാക്ഷിയിൽ ഒൻപത് മണി അയപ്പോൾ എത്തി. അവിടുത്തെ വിശേഷങ്ങൾ ഇതിന് മുൻപ് എഴുതിയിട്ടുണ്ട്. ഉച്ചയ്ക്ക് ഹിന്ദുപൂർ നിന്ന് ഫുഡ് കഴിച്ച് ബാംഗ്ലൂരിലേക്ക് യാത്ര തുടർന്നു. ഉച്ചക്ക് രണ്ട് പൊറോട്ടയും ചിക്കൻ മസാലയും അവിടെ നിന്നും കഴിച്ചു. ടേസ്റ്റ് അടിപൊളി.
വൈകിട്ട് അഞ്ചു മണിക്ക് ബാംഗ്ലൂർ നിന്നും മൈസൂർ പോകാനുള്ള ബസ് കിട്ടി. രാത്രി ഒൻപത് മണി ആയപ്പോൾ മൈസൂർ എത്തി. ഇതിന് മുൻപ് ഒരു പ്രാവിശ്യം മൈസൂർ വന്നിട്ടുണ്ടെങ്കിലും ബസ്റ്റാന്റിന് പുറത്തേക്ക് ഞാൻ പോയിട്ടുണ്ടായിരുന്നില്ല. റൂം അന്വേഷിച്ച് കൂടുതൽ ദൂരം പോകേണ്ടി വന്നില്ല. ബസ്റ്റാന്റിന് എതിർവശമായി തന്നെ ഒരു റൂം കിട്ടി. സിംഗിൾ റൂമിന് എഴുനൂറ് രൂപ.
നല്ല ഒരു ഉറക്കം കഴിഞ്ഞ് രാവിലെ ഫ്രഷ് ആയി മൈസൂർ പാലസ് കാണാൻ ഇറങ്ങി. മൈസൂർ പാലസും, സൂവിലും പോകാൻ മാത്രമേ എനിക്ക് പ്ലാൻ ഉണ്ടായിരുന്നുള്ളൂ. ഗൂഗിൾമാപ്പ് നോക്കിയപ്പോൾ പാലസിലേക്ക് നടന്ന് പോകാനുള്ള ദൂരമേ ഉള്ളൂ. ഗൂഗിൾമാപ്പ് നോക്കി കുറച്ച് നടന്നപ്പോൾ ആകെ കൺഫ്യൂഷൻ. പാലസിലേക്ക് നയിക്കുന്ന പല ഗേറ്റുകൾ ഉണ്ട്. ഞാൻ ആദ്യം പോയ രണ്ട് ഗേറ്റുകളിലും പ്രവേശനം ഉണ്ടായിരുന്നില്ല. മെയിൽ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്, വിശേഷ ദിവസങ്ങളിൽ മാത്രമേ അത് തുറക്കാറുള്ളൂ. പൊതുജനങ്ങൾക്കായുള്ള പ്രവേശന കവാടം സൗത്ത് ഭാഗത്താണ്. അവിടെ നിന്നും എൻട്രി ടിക്കറ്റ് എടുത്തു.
മുതിർന്നവർക്ക് നൂറ് രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ പത്തു മണി മുതൽ വൈകിട്ട് അഞ്ചുമണി വരെയാണ് പ്രവേശന സമയം. വൈകിട്ട് ഏഴുമണി മുതൽ ഒൻപത് മണി വരെ ലൈറ്റ് ആൻഡ് സൗണ്ട് അഥവാ ഇല്ലുമിനേഷൻ ഷോ ഉണ്ടാകാറുണ്ട്. വിശേഷ ദിവസങ്ങളിൽ മാത്രം അവതരിപ്പിക്കുന്ന ഇല്ലുമിനേഷൻ ഷോയ്ക്കായി 97,200 ബൾബുകളാണ് ഇവിടെ ഘടിപ്പിച്ചിരിക്കുന്നത്.
മൈസൂരു ഭരിച്ചിരുന്ന വാഡിയാർ രാജവംശത്തിന്റെ ഔദ്യോഗിക വസതി
യായിരുന്നു ഈ കൊട്ടാരം. വാഡിയാർ രാജാക്കന്മാർ പതിനാലാം നൂറ്റാണ്ടിലാണ് ആദ്യമായ് ഒരു കൊട്ടാരം നിർമ്മിക്കുന്നത്. എന്നാൽ ഇത് പിൽക്കാലത്ത് പലവട്ടം തകർക്കപ്പെടുകയും പുനഃനിർമ്മിക്കപ്പെടുകയുമുണ്ടായി. നാം ഇന്നു കാണുന്ന കൊട്ടാരത്തിന്റെ നിർമ്മാണം 1897ലാണ് ആരംഭിക്കുന്നത്. 1912ൽ ഇതിന്റെ പണി പൂർത്തിയായി. 1940 കളിൽ ഈ കൊട്ടാരം വീണ്ടും വിസ്തൃതമാക്കുകയുണ്ടായി.മഹാരാജ കൃഷ്ണരാജ വാഡിയാർ നാലാമനാണ് മൈസൂർ കൊട്ടാരത്തിന്റെ നിർമ്മാണം നടത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ മകനും മൈസൂരിലെ അവസാനത്തെ മഹാരാജാവുമായ മഹാരാജ ജയചാമരാജ വാദിയാർ
ഇത് കൂടുതൽ വിപുലീകരിച്ചു. കൊട്ടാരത്തിന്റെ മുൻഭാഗം ഹിന്ദു, മുസ്ലീം, രജപുത്ര, ഗോഥിക് ശൈലികളുടെ സമന്വയമാണ്. ജനാലകൾ നോക്കിയാൽ അറിയാം അവയെല്ലാം രാജസ്ഥാനി സ്റ്റൈലിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ആർച്ചുകൾ പണിതിരിക്കുന്നത് ഗോഥിക് സ്റ്റൈലിലും മുഗൾ സ്റ്റൈലിലും ആണ്. കൊട്ടാരത്തിന് ഏറ്റവും മുകളിലായി ഒരു കൊടി നമുക്ക് കാണാം. ആ കൊടി പണിതിട്ടുള്ളത് 2.7kg സ്വർണം കൊണ്ടാണ്.
കൊട്ടാരത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ ആദ്യമായി കാണുന്നത് ചെറിയൊരു മ്യൂസിയമാണ്. കൊട്ടാരത്തിന്റെ പഴയതും പുതിയതുമായ മോഡലുകൾ ഇവിടെ കാണാം. രാജാക്കന്മാർക്ക് ഗിഫ്റ്റ് ആയി കിട്ടിയിയ ശില്പങ്ങൾ ചില്ലുകൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. ഇറ്റാലിയൻ രാജസ്ഥാൻ മാർബിളുകൾ കൊണ്ടാണ് ഈ രൂപങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. അകത്തേക്ക് കയറുമ്പോൾ വശങ്ങളിലായി രണ്ട് ആനത്തലകൾ സ്റ്റഫ് ചെയ്തു ച്ചിട്ടുണ്ട്. ഇതിന്റെ സ്കിൻ യഥാർത്ഥ ആനയുടെ തൊലി കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇവിടെ കാണുന്നവയെല്ലാം. ചിത്രങ്ങളെല്ലാം 3D, 2D എഫക്റ്റോട് കൂടി വരച്ചിരിക്കുന്നു എന്നുള്ളതാണ് മറ്റൊരു സവിശേഷത. ചിത്രങ്ങളിലെ നിഴലുകളും, Portrait ഫോട്ടോകളിലെ വ്യക്തികളുടെ കണ്ണുകളും കാണുമ്പോൾ അത് കൂടുതൽ മനസ്സിലാകും.
രാജകുടുംബാംഗങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ മുറിയിലേക്കാണ് നമ്മൾ അടുത്തതായി പോകുന്നത്. കൊട്ടാരത്തിൽ രാജാ രവിവർമ്മ വരച്ച രണ്ട് ഒർജിനൽ പെയിന്റിങ്ങുകൾ സൂക്ഷിച്ചിട്ടുണ്ട്. അതിൽ സീതാസ്വയം എന്ന പെയിന്റിങ്ങ് അദ്ദേഹം അവസാനം വരച്ച ചിത്രമാണ്.
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഫ്ലോർ ടൈൽസ് ഒക്കെയും ബ്രിട്ടനിൽ നിന്നും വാൾ ടൈൽസ് ഇറ്റലിയിൽ നിന്നും കൊണ്ട് വന്നവയാണ്. ചെരുപ്പുകൾ കൊട്ടാരത്തിനുള്ളിൽ അനുവദനീയമല്ല. ചെരുപ്പുകൾ സൂക്ഷിക്കാൻ പുറത്ത് തന്നെ കൗണ്ടറുകൾ ഉണ്ട്. കല്യാണ മണ്ഡപത്തിൽ കാണുന്ന സ്വർണ്ണനിറം പൂശിയിരിക്കുന്ന വലിയ തൂണുകൾ സ്കോട്ലണ്ടിൽ നിന്നും അവയിൽ ഘടിപ്പിച്ചിരിക്കുന്ന വിളക്കുകൾ ചെക്ക് റിപ്പബ്ലിക്കിൽ നിന്നും കൊണ്ട് വന്നവയാണ്. വാതിലുകൾ പണിതിരിക്കുന്നത് ബർമ ടീക് വുഡ് കൊണ്ടാണ്.
പല വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട നിരവധി സാധനങ്ങൾ
കൊട്ടാരത്തിനുള്ളിൽ നമുക്ക് കാണാം. ഈ ഒരു വൈവിധ്യം തന്നെയാകാം കൊട്ടാരത്തെ കൂടുതൽ മനോഹരമാക്കുന്നത്. ഇതിന് പിന്നിലെ Engineering & Interior designs ഓരോ വ്യക്തിയേയും അതിശയിപ്പിക്കുന്ന കാഴ്ച്ചകൾ തന്നെയാണ്. ഹെൻറി ഇർവിൻ എന്ന ബ്രിട്ടീഷുകാരനാണ് കൊട്ടാരസമുച്ചയത്തിന്റെ വാസ്തുശില്പി.താജ്മഹലിന് ശേഷം തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന രണ്ടാമത്തെ ചരിത്രസ്മാരകമാണ് മൈസൂർ കൊട്ടാരം.
മൈസൂർ കൊട്ടാരത്തിന്റെ സവിശേഷതകളെ കുറിച്ച് ഇനിയും ഒരുപാട് പറയുവാനുണ്ട്. നേരിട്ട് കണ്ട് ആസ്വദിക്കുക എന്നുള്ളത് ആയിരിക്കും കൂടുതൽ ഉത്തമം. ലൈസൻസ് ഉള്ള നല്ലൊരു ഗൈഡിനെ കൂടെ കൂട്ടിയാൽ കാഴ്ച്ചകൾ നൽകുന്ന അതിശയത്തേക്കാൾ കൊട്ടാരത്തിനെ കുറിച്ചുള്ള വിവരങ്ങൾ കേട്ട് നമുക്ക് അത്ഭുതപ്പെടാം.
കിഷോർ ലാൽ






Comments
Post a Comment