ഗോതൻബോർഗ്ഗ് മധുരസ്മരണകൾ
ഭാഗം 4
വടക്കൻ അത്ലാൻറിക് തീരദേശത്തിൻറെ സവിശേഷമായ ഭൂമിശാസ്ത്രവും സാംസ്കാരിക പൈതൃകവും കൈമുതലായ ഏതാനും സ്വതന്ത്ര പരമാധികാര രാജ്യങ്ങളുണ്ട്. നോർഡിക് രാജ്യങ്ങളെന്നും സ്കാന്ഡിനേവിയൻ രാജ്യങ്ങളെന്നും അറിയപ്പെടുന്ന ആ വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ. അതിലൊന്നാണ് സ്വീഡൻ.
നോബൽ സമ്മാനങ്ങളുടെ നാടായ സ്വീഡനിൽ രാജ്യതലസ്ഥാനമെന്ന പട്ടമില്ലാതെ തന്നെ ലോക പ്രസിദ്ധമായ ഒരു പ്രൗഢ ഗംഭീര നഗരമുണ്ട്. കപ്പൽ നിർമ്മാണത്തിനും അനുബന്ധവ്യവസായങ്ങൾക്കും പ്രസിദ്ധമായിരുന്ന ഒരു തീരദേശ പൗരാണിക നഗരം. ക്ഷയോൻമുഖമായ ആ പുരാതന വ്യവസായങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ വോൾവോ അടക്കമുള്ള ലോകോത്തര വാഹനങ്ങളുടെ നിർമ്മിതിയിലൂടെ പുത്തൻ സാധ്യതകൾ കണ്ടെത്തിയ വ്യവസായിക നഗരം. അറിവിൻറെ ഉറവിടമായ കലാശാലകളേയും ഗവേഷണ കേന്ദ്രങ്ങളേയും ലോകനിലവാരത്തിൽ എത്തിച്ചു കൊണ്ട് അക്ഷരനഗരമെന്ന ആഢ്യത്വം നിലനിർത്തി പോരുന്ന ഒരു പൗരാണികനഗരം.
മൂന്ന് സ്കാന്ഡിനേവിയൻ രാജ്യങ്ങളുടെ തലസ്ഥാന നഗരികളിൽ നിന്നും (കോപ്പൻഹേഗൻ-ഡെന്മാർക്ക്, ഓസ്ലോ-നോർവെ, സ്റ്റോക്ക്ഹോം-സ്വീഡൻ ) തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ എത്രയോ അന്താരാഷ്ട്ര സമ്മേളനങ്ങൾക്ക് വേദിയാകുന്ന നഗരം. ചരിത്രമുറങ്ങുന്ന ആ മഹാ നഗരത്തിൻറെ മണ്ണിലാണ് കാലുറപ്പിച്ചിരിക്കുന്നത്.
ഇനിയുള്ള മൂന്ന് ദിവസങ്ങളിൽ ഇവിടെയാണ് എൻറെ ജീവിതം. ഹരിത ചട്ടവട്ടങ്ങൾക്കും (Green protocol), സുസ്ഥിര വികസനത്തിനും (sustainable development) പേരുകേട്ട ഗ്രീൻ സിറ്റി എന്നറിയപ്പെടുന്ന പട്ടണത്തിൽ ജീവിക്കുക എന്ന അസുലഭമായ ഒരു സൗഭാഗ്യത്തിൻറെ ഉടമയായിട്ടാണ് ഞാൻ ഇവിടെ വന്നിറങ്ങിയിരിക്കുന്നത്.
അടുത്ത ദിവസം രാവിലെ 9 മണിക്ക് ആരംഭിക്കുന്ന 'നൊബേൽ വീക്ക് ഡയലോഗ്' എന്ന ലോകപ്രസിദ്ധമായ ശാസ്ത്ര സംവാദ പരിപാടിയിൽ (ശ്രോതാവായിട്ടാണെങ്കിൽ പോലും) പങ്കെടുക്കൽ ക്ഷണം കിട്ടിയ ഏക മലയാളി.
കണ്ണിലുടക്കിയ കാഴ്ചകളെ അത്ഭുതാവേശത്തോടെ നോക്കി നിന്നു പോയി. അത്ഭുത ലോകത്തെത്തിയ ആലീസിനെ പോലെ അല്പനേരം പകച്ചുനിന്നുപോയി എന്ന് പറയുന്നതാവും ശരി. തലങ്ങും വിലങ്ങും പായുന്ന ട്രാമുകൾ. അതേ വഴിയിലൂടെ തന്നെ കുതിച്ചുപായുന്ന ബസ്സുകളും മറ്റു വാഹനങ്ങളും. അതൊക്കെ എവിടെ നിന്ന് വരുന്നു എങ്ങോട്ട് പോകുന്നു എന്നൊന്നും തിരിയാത്ത വിധം പരസ്പരം ഇഴചേർന്ന് കിടക്കുന്ന അഞ്ചോ ആറോ റോഡുകളുടെ സംഗമസ്ഥാനത്ത്, നടുക്കടലിലെ വിജനമായ ഒരു തുരുത്തിൽ അകപ്പെട്ട പോലെ ഞങ്ങൾ നിന്നുപോയി.
അതിമനോഹരമായി ലൈറ്റ് അപ്പ് ചെയ്ത പ്രൗഢ മന്ദിരങ്ങളുടെ
ദൂരക്കാഴ്ചകൊണ്ട് തന്നെ ഏതോ മായാ ലോകത്ത് എത്തിപ്പെട്ട പ്രതീതിയാണ്. യൂറോപ്പിലെ ഏറ്റവും വലിയ അമ്യൂസ്മെൻറ് പാർക്ക് എന്ന് ഖ്യാതി നേടിയ ലിസ്ബെർഗ്ഗിൽ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ക്രിസ്മസ് ട്രീ എന്ന വെളിച്ച ഗോപുരം. അതിനടുത്തായി ബഹുവർണ്ണങ്ങളിൽ വെളിച്ചം പ്രസരിപ്പിക്കുന്ന ജയൻ്റ് വീലും. അഹമഹമിഹാദിയ എന്ന ഭാവത്തിൽ അവരിരുവരും മത്സരിക്കുകയാണെന്ന് തോന്നും.ലിസ്ബെർഗ്ഗിലെ ആ പ്രകാശഗോപുരങ്ങളോട് മത്സരിക്കാനെന്നവണ്ണം ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ചതുരാകൃതിയിലുള്ള മൂന്ന് ഗോപുരങ്ങൾ ചേർത്തടുക്കിയപോലെ പോലെ ഒരു ആധുനിക വാസ്തുനിർമ്മിതി. ആ ഗോപുരങ്ങളുടെയെല്ലാം മകുടത്തിൽ നാലുവശങ്ങളിലും 'ഗോത്തിയ ടവേഴ്സ്' എന്ന് വലിയ ഇംഗ്ലീഷ് അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതൊരു പഞ്ച നക്ഷത്ര ഹോട്ടലാണ്. അവിടെയാണ് ഞങ്ങൾക്കായി താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. അതിനോട് ചേർന്ന് തന്നെ നാളത്തെ സമ്മേളനം നടക്കുന്ന സ്വെൻസ്ക മോസ്സനും( Svenska Massan) ഗോതൻമ്പോർഗ്ഗ് വേൾഡ് ട്രേഡ് സെന്ററും ഒക്കെ കാണാം.
നടന്നു പോകാവുന്ന ദൂരമേയുള്ളൂ. പക്ഷെ ഏതു വഴിയെ നടക്കും എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുമ്പോൾ, ഞങ്ങൾ ബസ്സിറങ്ങിയ സ്റ്റോപ്പിൻറെ എതിർ വശത്തായി ഡി പ്ലാറ്റ്ഫോമിൽ ഒരു ട്രാം വന്നുനിന്നു. ഏതാനും യാത്രക്കാർ അതിൽ നിന്നും ചാടി ഇറങ്ങി. വളരെ തിരക്കിട്ട് ട്രാമിൻറെ പിന്നിലൂടെ അവർ ട്രാക്ക് മുറിച്ചുകടന്ന് ഞങ്ങൾ നിൽക്കുന്ന സി പ്ലാറ്റ്ഫോമിൽ എത്തി. അടുത്ത ട്രാക്കിന്റെ/റോഡിൻറെ പെഡസ്ട്രിയൻ ക്രോസിൽ സിഗ്നൽ തെളിഞ്ഞപ്പോൾ അതും മുറിച്ചു കടന്ന് നടപ്പാതയിൽ എത്തിച്ചേർന്നു. "ലെറ്റ് അസ് ഫോളോ ദം" പുറത്തേക്ക് നടക്കേണ്ട വഴി കണ്ടുപിടിച്ച സന്തോഷത്തിൽ കാരൻ ശൈവ നടപ്പിന് തുടക്കമിട്ടു. ചുറ്റിലുമുള്ള മനോഹര ദൃശ്യങ്ങളിൽ ഒരു വട്ടം പോലും നേരാം വണ്ണം കണ്ണോടിച്ചു തീർന്നില്ല. അതിനു മുമ്പായി ആ കാഴ്ചകളിൽ നിന്നും വിരമിക്കേണ്ടി വന്നതിൻറെ സങ്കടവും പേറി ഞാനും അവരോടൊപ്പം നടന്നു.
രണ്ടു ദിവസത്തേക്കുള്ള താമസസൗകര്യമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ഒരു പകൽ സമയം കൂടി ഗോത്തൻബോർഗ്ഗിൽ ചെലവഴിക്കണമെന്നും നഗരക്കാഴ്ചകളിലൂടെ ഒരു ഓട്ടപ്രദക്ഷിണമെങ്കിലും നടത്തണമെന്നുള്ള ആഗ്രഹത്തോടെ ഇതേ ഹോട്ടലിൽ തന്നെ ഒരു മുറി ഞാൻ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. പതിമൂന്നാം നിലയിലെ പതിനാലാം നമ്പർ മുറി (Room No 1314) അനുവദിച്ചു കിട്ടി. അതേ മുറിയിൽ തന്നെ ഒരു ദിവസം കൂടി തുടർന്ന് താമസിക്കുവാൻ എന്നെ അനുവദിക്കാമോ എന്ന് ബുക്കിംഗ് വിവരങ്ങൾ കാണിച്ച്കൊണ്ട് അന്വേഷിച്ചപ്പോൾ അതിനു സന്തോഷമേയുള്ളൂ എന്നും മൂന്നാം ദിവസം രാവിലെ ലോബിയിലെത്തി ഒന്നുകൂടി ഓർമിപ്പിച്ചാൽ മതിയെന്നും ആ കൗണ്ടറിൽ ഇരുന്ന മെലിഞ്ഞ സുന്ദരി ഉറപ്പു തന്നു.
ഏഴുമണിക്ക് ആദ്യത്തെ അനൗപചാരിക സമ്മേളനവും തുടർന്ന് അത്താഴവുമാണ് ആഗമന ദിവസത്ത പ്രോഗ്രമിലുള്ളത്. ആ സമ്മേളനം നടക്കുന്നതാവട്ടെ ഹോട്ടലിൻറെ ഇരുപത്തി മൂന്നാം നിലയിലെ ഹെവൻ 23 (Heaven 23 ) എന്ന റൂഫ് ടോപ് റസ്റ്റോറൻറിലാണ്. സസ്റ്റെയ്നബിൾ സിറ്റിയുടെ അന്തസ്സിനൊത്ത ഒരു വെജിറ്റേറിയൻ ഭക്ഷണമാണ് അത്താഴത്തിന് ലഭ്യമാകുക എന്ന് പ്രോഗ്രാം ചാർട്ടിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
ഏഴ് മണി ആയപ്പോൾ അവിടെ എത്തിച്ചേർന്നിട്ടുള്ളവരെയെല്ലാം കൂട്ടി നിക്ലാസ് മുന്നേ നടന്നു. പട്ടണക്കാഴ്ചകൾ കണ്ടുകൊണ്ട് ആകാശത്തേക്ക് ഉയർന്നു പൊങ്ങുന്ന ക്യാപ്സ്യൂൾ ലിഫ്റ്റിൽ നിമിഷങ്ങൾക്കകം ഇരുപത്തിമൂന്നാം നിലയിൽ എത്തിച്ചേർന്നു. അതിവിശാലമായ ഒരു റസ്റ്റോറൻറ്. ഗോതൻബോർഗ് നഗരത്തിൻറെ ആകാശകാഴ്ചകൾ സുവ്യക്തമായി കാണാവുന്ന വിധത്തിൽ ചില്ലു ജാലകങ്ങൾ കൊണ്ട് സുരക്ഷിതമാക്കിയ പുറം ഭിത്തിഒരുക്കിയ വൃത്താകാരത്തിലുള്ള നിർമ്മിതി. അതിനുള്ളിൽവലിയൊരു വൃക്ഷം പടർന്ന് പന്തലിച്ച് നിൽക്കുന്നുണ്ട്. നിറയെ പൂത്തുലഞ്ഞു കാണപ്പെടുന്നത് കൊണ്ട് മാത്രം അത് ഒർജിനൽ മരമല്ല എന്നുറപ്പായി. പുറത്തെ മായക്കാഴ്ചകളിൽ കണ്ണുടക്കിയവരാരും അത്താഴത്തിനായി തിരക്ക് കൂട്ടിയില്ല. ലൈറ്റ് അപ്പ് ചെയ്ത നഗരത്തിൻറെ രാത്രിക്കാഴ്ചകൾ അത്രയ്ക്ക് ഹൃദയാവർജ്ജകമായിരുന്നു. ചിത്രങ്ങൾ പകർത്തിയും സൗഹൃദം സ്ഥാപിച്ചും ആ അനർഘ നിമിഷങ്ങൾ സകലരും ആസ്വദിക്കുകയാണ്.
ഗോത്തിയ ടവേഴ്സ് എന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ലോകപ്രസിദ്ധമായ വെജിറ്റേറിയൻ അത്താഴമാണ് കഴിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിൻറെ നല്ല പാഠങ്ങൾ വിരചിച്ച്, സുസ്ഥിര നഗര വികസനത്തിൽ (sustainable city) ലോകശ്രദ്ധ നേടിയ ഗോതൻബോർഗ്ഗ് നഗരത്തിലെ പ്രകൃതി ഭക്ഷണം. പേരുകേട്ട ജൈവകൃഷിയിടങ്ങളിൽ നിന്നും വരുത്തി അതീവ ശ്രദ്ധയോടെ പാകം ചെയ്ത് വിളമ്പുന്ന വിലയേറിയ ജൈവ വിഭവം. വിശപ്പ് ഒരുവിധം കെട്ടടങ്ങി എന്ന് തോന്നിയപ്പോൾ മതിയാക്കി.
ഫ്രാൻസിസ് ദേവസ്യ



Comments
Post a Comment