യാത്രാമുഖം
പലർക്കും യാത്രകൾ വെറും തമാശ മാത്രമാണ്. എന്തിനാണ് യാത്രകൾ ചെയ്യുന്നത്? യൂട്യൂബിൽ കണ്ടാൽ പോരെ, പണം മുടക്കില്ല, കഷ്ടപ്പാടില്ല. ഇത്തരത്തിൽ ചിന്തിക്കുന്നവർ ധാരാളമുണ്ട്. പണച്ചെലവുള്ള വിനോദോപാധികൾ ആർഭാടങ്ങൾ ആയി കാണുന്ന സമൂഹം ഇങ്ങനെയല്ലാതെ മറ്റെന്തു ചിന്തിക്കാൻ? തുടർച്ചയായ വീഡിയോകൾ കാണുന്നത് കണ്ണുകൾക്കും, ശരീരത്തിനും മനസ്സിനും ദോഷകരമാണ് എന്ന് നാം മറക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത്തരം ആസക്തികൾ നമ്മളെ കിടക്കകിഴങ്ങൻമാർ(Couch Potatoes) ആക്കി മാറ്റുകയും ചെയ്യും. അമിത വണ്ണത്തിനും, ഹൃദ്രോഗങ്ങൾക്കും, വിഷാദത്തിനും അടിമകളാക്കും.
യാത്രകൾക്കു നമ്മുടെ ആരോഗ്യത്തെ വലിയ തോതിൽ സ്വാധീനിക്കുവാൻ കഴിയും. ശാരീരിക ആരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും നൽകുവാൻ യാത്രകൾക്ക് കഴിയും എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. മാനസിക സമ്മർദം കുറക്കുക എന്നൊരു വലിയ സംഭാവന യാത്രകൾ നൽകുന്നുണ്ട്. ഇക്കാരണം കൊണ്ടുതന്നെ നമ്മെ രോഗികളാക്കുന്ന ധാരാളം കാര്യങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടുവാൻ കഴിയും. നല്ല യാത്രികർക്ക് വയസ്സുകാലത്ത് ചികിത്സാച്ചെലവ് വളരെ കുറവായിരിക്കും എന്നർത്ഥം.
ശരിയായ യാത്രകൾ ഹൃദ്രോഗങ്ങൾ കുറയ്ക്കും എന്നൊരു പഠനം കണ്ടെത്തിയിട്ടുണ്ട്. വിഷാദരോഗം യാത്രികരിൽ പൊതുവേ കുറവായിട്ടാണ് കണ്ടുവരുന്നത്. യാത്രകൾ ശാരീരിക അദ്ധ്വാനം ആവശ്യമുള്ളതായതു കൊണ്ടുതന്നെ വ്യായാമ കുറവുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് യാത്രകൾ ഒരു പരിധിവരെ പ്രയോജനകരവുമാണ്.
യാത്രകൾ നമ്മെ മനുഷ്യരാക്കി മാറ്റും. മനുഷ്യത്വം ഉള്ളവരാക്കി മാറ്റും. യാത്രികരിൽ സഹാനുഭൂതി കൂടുതലാണ് എന്നൊരു പഠനം നടന്നിട്ടുണ്ട്. മറ്റുള്ളവരുടെ വികാരങ്ങളെ മനസ്സിലാക്കുവാനും, അംഗീകരിക്കുവാനും കഴിയുന്നവൻ എന്ന അർത്ഥത്തിലാണ് മനുഷ്യരാക്കി മാറ്റും എന്ന് സൂചിപ്പിച്ചത്. വ്യത്യസ്ഥരായ മനുഷ്യരുമായി ഇടപഴകുവാനും അവരുടെ സംസ്കാരം ഉൾക്കൊള്ളുവാനും കഴിയുന്നവനാണ് യാത്രികൻ. അല്ലെങ്കിൽ അങ്ങനെയാകണം യാത്രികൻ.
പഞ്ചേന്ദ്രിയങ്ങൾക്കും അനുഭവമാകണം യാത്രകൾ. കാണുക, കേൾക്കുക, ഗന്ധം ആവാഹിക്കുക, രുചിയറിയുക, തൊട്ടറിയുക എന്നിങ്ങനെ പഞ്ചേന്ദ്രിയങ്ങളെ ഉണർത്തിയാകണം യാത്രകൾ. ചിലയിടങ്ങളിലെ കാറ്റിന്റെ തലോടൽ ഇന്നും മനസ്സിലുണ്ടെങ്കിൽ അത് ഇത്തരം ഉണർത്തലുകൾ എന്താണെന്ന് മനസ്സിലാക്കിത്തരും. പഞ്ചേന്ദ്രിയങ്ങൾ ഉണർന്നാൽ അത് സന്തോഷമെന്ന അവസ്ഥ നൽകും. അത് ധാരാളം നല്ല ഹോർമോണുകൾ നമ്മുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുകയും ചെയ്യും. ഈ ഹോർമോണുകൾ ശരീര മാനസിക ആരോഗ്യത്തിൽ വളരെയധികം സ്വാധീനം ചെലുത്തുകയും ചെയ്യും.
വെറുമൊരു വിനോദത്തിനപ്പുറം ആരോഗ്യകരവുമാണ് യാത്രകൾ എന്ന് ഓർമ്മിപ്പിച്ചു എന്ന് മാത്രം.
ഡോ. സുനീത് മാത്യു

Comments
Post a Comment