യൂറോപ്യൻ യാത്ര : അറിഞ്ഞിരിക്കേണ്ടത്

 



യൂറോപ്യൻ യാത്രക്ക് മാനസികമായി തയ്യാറാകേണ്ടത് വളരെ അത്യാവശ്യമാണ്. സാംസ്ക്കാരികമായും സാമൂഹ്യപരമായും വളരെയേറെ വ്യത്യസ്ഥമായ യൂറോപ്പ് ഇന്ത്യൻ സാമൂഹ്യ രീതികളുമായി താരതമ്യം ചെയ്യുവാൻ പ്രയാസമാണ്. യാത്രക്കു മുൻപായി സന്ദർശിക്കുവാൻ ആഗ്രഹിക്കുന്ന രാജ്യത്തിന്റെ ലഘു ചരിത്രത്തെക്കുറിച്ചും സാമൂഹിക ജീവിതത്തിലും പൊതു ഇടങ്ങളിലുമുള്ള പെരുമാറ്റ രീതികളെക്കുറിച്ചും ഒരു സാമാന്യ ധാരണ ഉണ്ടായിരിക്കുന്നത് യാത്രക്കിടയിടയിലെ അബദ്ധങ്ങൾ ഒഴിവാക്കുന്നതിന് സഹായകരമാണ്.

യാത്രക്ക് തയ്യാറാകുന്നവർ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുത ഭക്ഷണം, കാലാവസ്ഥ എന്നിവ നാട്ടിലേതിൽ നിന്ന് വളരെ വ്യത്യസ്ഥവും, പുറമെ സമയ ബന്ധിതമായ യാത്രയുമാണ്. നാട്ടിൽ ലഭിക്കുന്ന ഭക്ഷണം മാത്രം ആഗ്രഹിക്കുന്നവർക്കും സമയബന്ധിതമായി യാത്ര ചെയ്തു ശീലിക്കാത്തവർക്കും യൂറോപ്യൻ സന്ദർശനം ആസ്വദിക്കുവാൻ പ്രയാസമാണ്.

ഈർപ്പം കുറവുള്ള കാലാവസ്ഥ യൂറോപ്പിൻ്റെ സവിശേഷതയാണ്. യൂറോപ്പിലെ എല്ലാ വൻ നഗരങ്ങളിലും വിവിധ ഫോൺ കമ്പനികളുടെ സിം കാർഡുകൾ വാങ്ങുവാനുള്ള സൗകര്യമുണ്ട്. ഇന്ത്യൻ സിം കാർഡ് അന്താരാഷ്ട്ര സൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിലും അമിതമായ ചാർജ്ജ് ആണ് ഈടാക്കുന്നത്.

ഹോട്ടലുകളിലും ചില റെസ്റ്റൊറൻ്റുകളിലും വൈഫൈ സൗകര്യം സൗജന്യമാണ്.

ഓരോ ദിവസവും സന്ദർശിക്കുവാൻ ഉദ്ദേശിക്കുന്ന നഗരങ്ങളിലെ ആകർഷണ കേന്ദ്രങ്ങൾ മുൻകൂട്ടി തിരഞ്ഞെടുക്കുകയും അതിനനുസരിച്ച് യാത്ര ക്രമീകരിക്കുകയും വഴി അനാവശ്യ യാത്രയും പണചെലവും ഒഴിവാക്കാം. ഒരു കൊച്ചു ഡയറി കൈവശം കരുതുന്നത് പലപ്പോഴും യാത്രയെക്കുറിച്ചുള്ള ഓർമ്മകൾ നിലനിർത്തുന്നതിന് സഹായകരമാണ്.

മദ്ധ്യകാലഘട്ടത്തിൻ്റെ സവിശേഷമായ വാസ്തുവിദ്യയുടെ സാങ്കേതിക മികവ് പ്രകടമാക്കുന്ന കെട്ടിടങ്ങളും ഗുണമേന്മയോടു കൂടി നിർമ്മിച്ച ഗതാഗത സൗകര്യങ്ങളും, ആകർഷണീയമായ ഉദ്യാനങ്ങളും, കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന നഗരപരിപാലനവും, പൊതു ഇടങ്ങളിൽ വിശ്രമിക്കുവാനായി ഒരുക്കിയ ഇരിപ്പിടങ്ങളും യൂറോപ്യൻ സന്ദർശന വേളയിലെ പ്രധാന കാഴ്ചകളാണ്.

മാലിന്യ ശേഖരത്തിനായി നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും വിവിധ തരം മാലിന്യ സംഭരണികൾ സ്ഥാപിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നത് ശിക്ഷാർഹമാണ്.

സന്ദർശിക്കുവാൻ ഉദ്ദേശിക്കുന്ന നഗരങ്ങളിലെ രണ്ടോ മൂന്നോ ട്രാവൽ ഏജൻസികളിൽ നിന്നും പ്രാദേശിക

ടൂറിസത്തെക്കുറിച്ചുള്ള അറിവ് ശേഖരിച്ച് യാത്ര ക്രമീകരിക്കുന്നത് സഹായകരമാണ്. യൂറോപ്പിലെ മിക്കവാറും എല്ലാ എയർപോർട്ടുകളിലും നഗരത്തിനെക്കുറിച്ചുള്ള ലഘു വിവരണങ്ങൾ നൽകുന്ന പുസ്തകങ്ങളും, നഗര സന്ദർശന കേന്ദ്രങ്ങളുടെ മാപ്പുകളും സൗജന്യമായി ലഭ്യമാണ്. യാത്ര തിരിക്കുന്നതിന് മുൻപായി ഈയെല്ലാം ഗൂഗിൾ വഴി ഡൌൺലോഡ് ചെയ്യാവുന്നതുമാണ്.

മിക്ക എയർപോർട്ടുകളിൽ നിന്നും മെട്രൊ റെയിൽ സൗകര്യം ലഭ്യമാണ്. അതു കൊണ്ട് ഭാരിച്ച ടാക്സി ചാർജ്ജ് ഒഴിവാക്കാം. എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും സ്വകാര്യ ആഭ്യന്തര വിമാന കമ്പനികൾ രാജ്യത്തിനകത്തും അയൽ രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ സേവന നടത്തുന്നുണ്ട്. ഇതിൽ മുൻകൂട്ടി ടിക്കറ്റ് വാങ്ങിയാൽ കുറഞ്ഞ നിരക്കിൽ ലഭിക്കും.

ഷെങ്കൺ വിസ :

യൂറോപ്യൻ സന്ദർശന വിസ ലഭിക്കുവാൻ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ടു്. മുൻ കാലങ്ങളിൽ ട്രാവൽ ഏജൻസികൾ വഴിയായിരുന്നു യൂറോപ്യൻ സന്ദർശക വിസക്കായി അപേക്ഷിക്കേണ്ടിയിരുന്നത്. എന്നാൽ അടുത്ത കാലത്തായി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിസ ലഭിക്കുന്നതിനുള്ള അപേക്ഷകൾ നൽകേണ്ടത് www.vfsglobal.com എന്ന അന്താരാഷ്ട്ര സ്ഥാപനം വഴിയാണ്. കേരളത്തിലെ vfs global സ്ഥാപനം എറണാംകുളത്ത് രവിപുരം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. സന്ദർശക വിസക്കു വേണ്ടതായ ഡോക്യുമെൻ്റുകളെക്കുറിക്കുള്ള വിവരങ്ങൾ ഈ സ്ഥാപനത്തിൻ്റെ വെബ് സൈറ്റിൽ ലഭ്യമാണ്. ഈ സ്ഥാപനത്തിൻ്റെ വെബ്സൈറ്റ് വഴി സ്വന്തമായി അപ്പോയ്ൻ്റ്മെൻ്റ് ബുക്ക് ചെയ്യാം.

യൂറോപ്യൻ സന്ദർശക വിസക്ക് നൽകേണ്ട രേഖകളും മറ്റു വിവരണങ്ങളും കേരളത്തിലെ IATA യോഗ്യതയുള്ള ട്രാവൽ ഏജൻസികൾ വഴിയായും അറിയുവാൻ കഴിയും. vfs global സ്ഥാപനവുമായുള്ള അപ്പോയ്ൻമെൻറും ട്രാവൽ ഏജൻസികൾ  വഴി ലഭ്യമാണ്.

ഷെങ്കൺ വിസയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശക വിസയായി ലഭിക്കുന്നത്. ഷെങ്കൺ എന്ന പേരിൽ അറിയപ്പെടുന്നത് 26 യൂറോപ്യൻ രാജ്യങ്ങൾ ഒരുമിച്ചു ചേർന്നുള്ള ഒരു ഉടമ്പടിയാണ്. ഇതിൽ ഉൾപ്പെടുന്ന ഏതെങ്കിലും ഒരു രാജ്യത്തേക്കുള്ള സന്ദർശക വിസ ലഭിച്ചാൽ ഷെങ്കൺ ഉടമ്പടിയിൽ പങ്കുചേർന്ന മറ്റു 25 രാജ്യങ്ങളിലേക്കും വേറെ വിസ എടുക്കാതെ യാത്ര ചെയ്യാം. ഷെങ്കൺ വിസ ലഭിച്ചാൽ ഉടമ്പടിയിൽ പങ്കുചേർന്ന യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ആഭ്യന്തര യാത്രകളായി മാറും.

ആദ്യമായി വേണ്ടത് സന്ദർശിക്കുവാൻ തീരുമാനിക്കുന്ന രാജ്യത്തിൻ്റെ ഒഫീഷ്യൽ വെബ്സൈറ്റ് തിരഞ്ഞെടുത്ത് സന്ദർശക വിസക്കു വേണ്ടതായ ഡോക്യുമെൻ്റ്സ് തയ്യാറാക്കുകയാണ്. സന്ദർശിക്കുവാൻ തിരഞ്ഞെടുത്ത യൂറോപ്യൻ രാജ്യത്തിലെ നിവാസിയുടെ ഔദ്യോഗിക ക്ഷണക്കത്ത് മറ്റു ഡോക്യുമെൻ്റുകളോടൊപ്പം വിസയുടെ അപേക്ഷയിൽ ചേർത്താൽ വിസ ലഭിക്കുന്നതിന് കൂടുതൽ സാദ്ധ്യതയുണ്ട്. പൊതുവെ യൂറോപ്യൻ പൗരന്മാർ ക്ഷണക്കത്ത് നൽകുക നീണ്ട കാലം പരിചയമുള്ള അടുത്ത സുഹൃത്തുക്കൾക്ക്, മാത്രമാണ്. അതിന് കാരണം ക്ഷണ കത്തിൽ യൂറോപ്യൻ സന്ദർശനത്തിന് വരുന്നവരുടെ എല്ലാ ഉത്തരവാദിത്തവും അവർ വഹിക്കേണ്ട ചുമതലയുള്ളതുകൊണ്ടാണ്. ക്ഷണ കത്ത് ഇല്ല എങ്കിൽ താമസത്തിനായി തിരഞ്ഞെടുത്ത ഹോട്ടലിൽ മുറി ബുക്ക് ചെയ്തതിൻ്റെ രേഖ ആവശ്യമാണ്. ചില യൂറോപ്യൻ രാജ്യങ്ങളുടെ എംബസികൾ സന്ദർശക വിസക്കുള്ള അപേക്ഷകരെ ഇൻ്റർവ്യൂ ചെയ്യുക പതിവാണ്‌.

പൊതുവായ വിവരങ്ങൾ

യൂറോപ്പിലെ എല്ലാ വൻ നഗരങ്ങളിലുമുള്ള (ആതൻസ്, പാരിസ്, റോം, ബെർലിൻ, ലണ്ടൻ ) ട്രാവൽ ഏജൻസികൾ നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. സ്വന്തമായി യാത്ര നടത്തുവാൻ ഉദ്ദേശിക്കുന്നവർ അതാതു നഗരത്തിൻ്റെ മാപ്പും മെട്രോ, ബസ് സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഡൌൺലോഡ് ചെയ്ത് കൈവശം വെക്കേണ്ടതാണ്.

വ്യത്യസ്ഥ യൂറോപ്യൻ രാജ്യങ്ങളിൽ പ്രാദേശിക ഭാഷകകൾക്കാണ്

കൂടുതൽ പ്രചാരം. എങ്കിലും സന്ദർശകരുടെ ആകർഷണ കേന്ദ്രങ്ങളിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കപ്പെടുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അസാമാന്യമായ സംഭാഷണ കുശലതയുള്ള 'ഇര പിടിയന്മാർ' സന്ദർശകരെ കെണിയിലാക്കുവാൻ വിവിധ ഓഫറുകളുമായി അടുത്തുകൂടുന്നത് ശ്രദ്ധിക്കണം.

സന്ദർശന കാലം

യൂറോപ്യൻ സന്ദർശനത്തിന് അനുയോജ്യമായത് വേനൽക്കാലമാണ്. ജൂൺ പതിനഞ്ചു മുതൽ ജൂലൈ, ഓഗസ്റ്റ് എന്നീ മാസങ്ങളാണ് യൂറോപ്യൻ സന്ദർശന കാലം. എന്നാൽ ഈ കാലത്ത് താമസം, യാത്രാ ടിക്കറ്റ് തുടങ്ങിയവയുടെ നിരക്ക് കൂടുതലാണ്. ഓഗസ്റ്റ് മാസമാണ് സന്ദർശകരുടെ തിരക്ക് കൂടുതലായി അനുഭവപ്പെടുക. അതിൻ്റെ പ്രധാന കാരണം ആ കാലത്താണ് ഇവിടെയുള്ള സ്കൂൾ വേനലവധിക്കാലം. സെപ്റ്റംബർ മാസത്തിൽ നിരക്കുകളും തിരക്കും കുറയുന്നതിനാൽ യൂറോപ്പ് സന്ദർശനം ആ മാസത്തിൽ ക്രമീകരിക്കുന്നത് ഉചിതമാണ്.

വസ്ത്രം

വ്യത്യസ്ഥമായ അനവധി താത്വിക ആശയ പ്രകാശനങ്ങൾ വഴിയും സാംസ്ക്കാരിക നവോഥാനങ്ങളിലൂടെയും (സാഹിത്യം, ദൃശ്യകല, സംഗീതം, നാടകം, സിനിമ) വ്യക്തികളുടെ സ്വതന്ത്ര ആവിഷ്ക്കാരങ്ങളിലൂടേയും നേടിയെടുത്ത വ്യക്തി സ്വാതന്ത്ര്യത്തിൻ്റെ തുടിപ്പുകൾ യൂറോപ്പിലെ ജനതയുടെ വസ്ത്രധാരണത്തിൽ വളരെയേറെ പ്രകടമാണ്. അതു കൊണ്ട് തന്നെ ഒരാൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ അണിഞ്ഞൊരുങ്ങാം. വേനൽക്കാലത്ത് വെയിലിന് ചൂട് അനുഭവപ്പെടുമെങ്കിലും സൂര്യാസ്തമനത്തിനു ശേഷം കുളിർ കാറ്റ് വീശുന്നതിനാൽ കനം കുറഞ്ഞ ഒരു സ്വെറ്റർ/ ജാക്കറ്റ് /ഷാൾ എന്നിവയിലൊന്ന് കരുതുന്നത് പ്രായോഗികമാണ്.

സാരി, മുണ്ടു് എന്നിവ പലപ്പോഴും യൂറോപ്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല. എങ്കിലും ശരീര വടിവുള്ള ഇന്ത്യൻ സ്ത്രീകളുടെ സാരിയുടുപ്പിനെക്കുറിച്ച് യൂറോപ്യൻ സൗഹൃദങ്ങൾക്കിടയിൽ സന്തോഷകരമായി വിവരിക്കുന്നത് പലപ്പോഴായും കേൾക്കുവാൻ ഇടയായിട്ടുണ്ട്.

ഭക്ഷണം

വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വ്യത്യസ്ഥ രുചിഭേദങ്ങളിലുള്ള ഭക്ഷണ ശീലങ്ങളാണുള്ളത്. എരിവു് കുറഞ്ഞ ഭക്ഷണ വിഭവങ്ങളാണ് യൂറോപ്പിൽ പൊതുവായി ലഭിക്കുക. മാംസം, മൽസ്യം, സസ്യാഹാരം, ക്ഷീരോൽപന്നങ്ങൾ എന്നിവയാണ് യൂറോപ്പിലെ പൊതുവായ ഭക്ഷണങ്ങൾ. എന്നാൽ സസ്യാഹാരികൾക്ക് വേണ്ടത്ര ഭക്ഷണവിഭവങ്ങളും ഇവിടെ സുലഭമാണ്. ഷവർമ്മയോട് സമാനമായ രീതിയിലുള്ള ഫാസ്റ്റ് ഫുഡ് യൂറോപ്പിലെ വിവിധ നഗരങ്ങളിലും ലഭ്യമാണ്.

മക്ഡൊണാൾഡ്, കെ എഫ് സി, സ്റ്റാർ ബക്ക് തുടങ്ങിയ ഫാസ്റ്റ്ഫുഡ് ഭക്ഷണ ശാലകൾ വൻ നഗരങ്ങളിൽ ഉണ്ട്. പിസ്സ, വിവിധ തരം സാൻ്റ്വിച്ചുകൾ, മക്കറോണി (സ്പഗറ്റി), പാസ്ത, ഫ്ലഞ്ച് ഫ്രൈ എന്നിവയും വിവിധയിനം വസ്തുക്കൾ ചേർത്ത രുചികരമായ സാലഡുകളും യൂറോപ്പിൽ പൊതുവായി ലഭിക്കുന്ന ഭക്ഷണ വിഭവങ്ങളാണു്.

വേനൽക്കാലത്ത് റെസ്റ്റൊറൻ്റുകളുടെ പുറത്താണ് ഭക്ഷണത്തിനായി മേശ

ഒരുക്കുന്നത്. എല്ലാ റെസ്റ്റൊറൻ്റുകളിലും മെനു ലഭ്യമാണ്. പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും തയ്യാറാക്കിയ മെനുവിൽ ഭക്ഷണത്തിൻ്റെ വില വിവരങ്ങൾ ഉണ്ടായിരിക്കും. മെനു ശ്രദ്ധിച്ചതിനു ശേഷം മാത്രം ഭക്ഷണം കഴിക്കുവാൻ തീരുമാനിക്കുക. ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് വൈൻ ഓർഡർ ചെയ്യാം. എന്നാൽ ഒരു കുപ്പി വൈൻ ഓർഡർ ചെയ്യുമ്പോൾ അതിൻ്റെ വിലയും രുചിയും ശ്രദ്ധിക്കേണ്ടതാണ്.

യൂറോപ്പിൽ സാധാരണയായി നാലുതരത്തിലുള്ള വൈനുകളും വളരെയേറെ വ്യത്യസ്ഥ തരം ബീയർ ബ്രാൻ്റുകളും പ്രാദേശിക മദ്യവും മറ്റു വിവിധ മദ്യങ്ങളും ലദ്യമാണ്. വൈനുകൾ റെഡ്, റോസെ, വൈറ്റ്, സ്വീറ്റ് എന്നിവയാണ്.

റസ്റ്റൊറൻ്റുകളിൽ നിന്നും ഭക്ഷണം കഴിച്ചാൽ ടിപ്പ് നൽകുന്നത് യൂറോപ്പിലെ പതിവ് ശീലമാണ്. സാധാരണയായി ബിൽ തുകയുടെ 10% മാണ് നൽകുക എങ്കിലും അതിൽ കുറഞ്ഞതും ടിപ്പായി നൽകാറുണ്ട്.

യൂറോപ് സന്ദർശനത്തിനായി തിരഞ്ഞെടുക്കേണ്ട രാജ്യങ്ങൾ :

 

ഗ്രീസ്

യൂറോപ്യൻ നാഗരിക സംസക്കാരത്തിൻ്റെ ഉറവിടമെന്നു് കരുതുന്ന ഗ്രീസിൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ Acropolis, Theatre of Herodes Atticus, Ancient Cemetery of Kerameikos, Filopappos Hill (where Socrates was jailed), Ancient Agora (Plakka), Stoa of Attalos,Temple of Hephaestus,Temple of Olympian Zeus. National Archaeological museum.

പൗരാണിക കാലത്ത് ഗ്രീസിൽ ഉണ്ടായ അഗ്നിപർവത വിസ്പോടനം മൂലം തകർന്നു പോയ മിനോവൻ സംസക്കാരത്തിൻ്റെ ഉറവിടമായ സന്തോറിനി ദ്വീപിലേക്കുള്ള യാത്ര മനോഹരമായ അനുഭവമാണ്.

ആതൻസിലെ ട്രാവൽ ഏജൻസികൾ ദ്വീപുകളിലേക്കുള്ള യാത്രകൾ ഏർപ്പാടു ചെയ്യുന്നുണ്ട്. സ്വന്തമായി യാത്ര ചെയ്യുവാൻ ഉദ്ദേശിക്കുന്നവർ ദ്വീപുകളിലേക്കുള്ള കപ്പൽ യാത്രാ ടിക്കറ്റ് ട്രാവൽ ഏജൻസിയിൽ നിന്നു വാങ്ങി സന്ദർശിക്കുവാൻ ഉദ്ദേശിക്കുന്ന ദ്വീപിൽ ഓൺലൈനായി മുറി ബുക്ക് ചെയ്യാവുന്നതാണു്. സന്ദർശിക്കുന്ന സ്ഥലത്ത് താമസം മുൻകൂട്ടി ബുക്ക് ചെയ്യുന്നത് വഴി ഹോട്ടൽ അന്വേഷിച്ചു സമയം ചെലവാക്കുന്നത് ഒഴിവാക്കാം.

പാരീസ്

അതുപോലെ ഫ്രാൻസിൻ്റെ തലസ്ഥാനമായ പാരിസിൽ Eiffel Tower, Louvre Museum, Cathédrale Notre-Dame de Paris, The Centre Pompidou, Arc de Triomphe, Sacré-Cœur, Grand Palais എന്നീ സ്ഥലങ്ങൾ കാണേണ്ടതാണ്.

ഇറ്റലി

ഇറ്റലിയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ : Colosseum, Roman Forum, Leaning Tower of Pisa, Trevi Fountain, Cinque Terre, Pantheon, Cathedral of Santa Maria del Fiore. റോം, വെനീസ്, ഫ്ലോറൻസ് എന്നിവ ഇറ്റലിയിലെ ആകർഷണീയമായ നഗരങ്ങളാണ്.

ജർമ്മനി

നൂറ്റൻപതിലേറെ രുചി ഭേദങ്ങളോടുകൂടിയ ബിയർ ജർമ്മനിയിൽ ഉൽപാദിപ്പിക്കുന്നുണ്ട്. മ്യൂണിക് നഗരത്തിന് സമീപത്തുള്ള Theresienwiese ലാണ് ഒക്ടോബർ ഫെസ്റ്റ് എന്ന പേരിൽ പ്രസിദ്ധമായ ബിയർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ജർമ്മനിയിലെ പ്രധാന നഗരമായ ബെർലിലെ Brandenburg Gate, Reichstag Building, Berlin Cathedral, Pergamon museum, Museum Island, Berlin Cathedral, Memorial to the Murdered Jews എന്നീ സ്ഥലങ്ങൾ സന്ദർശകരുടെ പ്രധാനപ്പെട്ട ഇടങ്ങളാണ്. മ്യൂനിക്ക് നഗത്തിലെ പ്രധാന ആകർഷണങ്ങൾ - Marienplatz Sqare, Munich Residenz, Deutsches Museum, Victuals Market, Dachau concentration camp etc.

ഇംഗ്ലണ്ട്

ഇംഗ്ലണ്ട് സന്ദർശിക്കുവാൻ പ്രത്യേകം വിസ ഇന്ത്യയിൽ നിന്നും കരസ്ഥമാക്കണം. കൂടാതെ അപൂർവ്വമായാണ് ഇംഗ്ലണ്ടിൽ ഡോളർ വിനിമയത്തിനായി ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര സേവന സൗകര്യം നൽകുന്ന ഇന്ത്യൻ ബാങ്കുകളുടെ ATM കാർഡുകൾ ഉപയോഗിച്ച്‌ ATM മെഷീനുകളിൽ നിന്നും പൗണ്ട് പിൻവലിക്കാം. എന്നാൽ ഓരോ തവണയും പണം പിൻവലിക്കുമ്പോൾ വിനിമയ നിരക്കും കമ്മിഷനും ബാങ്കുകൾ ഈടാക്കും. യൂറോപ്പിലെ ചെലവ് കൂടിയ രാജ്യമാണ് ഇംഗ്ലണ്ട്. അതിനാൽ അവിടെ സന്ദർശിക്കുന്നതിന് മുൻപായി യാത്രാ പദ്ധതി ക്രമീകരിക്കുന്നത് വഴി പാഴ്ചെലവുകൾ കുറക്കാം.

Tower of London, The British Museum, Victoria and Albert Museum, The National Gallery, Stonehenge, Natural History Museum തുടങ്ങിയ ഇടങ്ങൾ കാണേണ്ടതാണ്. ചെലവു കുറഞ്ഞ മാർഗ്ഗം Megabus ഉപയോഗിച്ചു ഇംഗ്ലണ്ടിൽ യാത്ര ചെയ്യുന്നതാണ്.

നീണ്ട കാലം ട്രാവൽ ഏജൻസി സേവനം ചെയ്ത സുഹൃത്ത് വഴി ലഭിച്ച ലിങ്കുകൾ വഴി ഇംഗ്ലണ്ട് സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാണു്.

https://visitlondon.com/things-to-do/budget-london

https://www.wedreamoftravel.com/quotes-about-london

https://tfl.gov.uk/maps/track/tube

താമസം

യൂറോപ്യൻ യാത്രയിലെ ചെലവു കൂടിയ ഇനങ്ങൾ വിമാന ടിക്കറ്റും താമസവുമാണ്. നഗര കേന്ദ്രങ്ങളിലെ ഹോട്ടൽ വാടക നിരക്ക് പൊതുവെ കൂടുതലാണ് എങ്കിലും ചില വീഥികളിൽ കുറഞ്ഞ നരക്കിൽ മുറി ലഭിക്കുവാനും സാദ്ധ്യത ഉണ്ട്. വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ നഗരങ്ങളിൽ താരതമ്യേന കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഹോട്ടലുകൾ കൂടുതലും ബാക്പാക്കേഴ്സ് തിരഞ്ഞെടുക്കുന്ന ഇടങ്ങളാണ്. ചില ഹോട്ടലുകളിൽ പ്രഭാത ഭക്ഷണം മുറിയുടെ വാടകയോടൊപ്പം സൗജന്യമാണ്. ഹോട്ടൽ തിരഞ്ഞെടുക്കുമ്പോൾ അതിനരികിലായി മെട്രോ സ്റ്റേഷൻ ഉണ്ടെങ്കിൽ യാത്ര സുഗമമാക്കാം.

മിക്ക ഹോട്ടലുകളിലും കാൻസലേഷൻ ചാർജ്ജ് ഈടാക്കാതെ ഓൺലൈനായി മുറി ബുക്കു ചെയ്യുവാനുള്ള സൗകര്യമുണ്ട്. ഹോട്ടലുകളുടെ വെബ്സൈറ്റിൽ മുറിയുടെ വാടക നിരക്ക് കാണാം. രണ്ടു പേർക്കുള്ള മുറി വാടക ഇന്ത്യൻ രൂപയിൽ ഏകദേശം നാലായിരത്തിനും അയ്യായിരത്തിനും ഇടയിൽ വരും.

രണ്ടിൽ കൂടുതൽ പേർക്ക് കുറഞ്ഞ നിരക്കിൽ താമസം ലഭിക്കുവാനുള്ള മറ്റൊരു സാധ്യത ഓൺലൈനായി ഫ്ലാറ്റ് വാടകക്ക് എടുക്കുന്നതാണ്. arbnb.com, booking.com, hostelworld.com, agoda.com, kayak.com എന്നീ വെബ് സൈറ്റുകൾ വഴി മുറിയോ ഫ്ലാറ്റോ വാടകക്കെടുക്കാം.

സാധാരണക്കാരായ യൂറോപ്യൻ നിവാസികൾ മറ്റുള്ള യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന വേളയിൽ താമസത്തിനായി തിരഞ്ഞെടുക്കുന്ന ഇടം Pension House എന്ന പേരിലാണ് അറിയപ്പെടുന്നത്. ലളിതമായി സജ്ജീകരിച്ച മുറികളോടുകൂടിയതും സ്വകാര്യ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതുമായ അപൂർവ്വം ചില പെൻഷൻ ഹൗസുകളിൽ പ്രഭാത ഭക്ഷണം ലഭ്യമാണ്‌. ഇത്തരം ഇടങ്ങളിൽ ഹോട്ടലുകളിൽ ലഭിക്കുന്ന സുഖ സൗകര്യങ്ങൾ ലഭ്യമല്ലെങ്കിലും കുറഞ്ഞ നിരക്കിലുള്ള താമസം വഴി ചെലവ് ക്രമാതീതമായി കുറക്കുവാൻ കഴിയും.

യൂറോപ് സന്ദർശന വേളയിലെ അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിനുള്ള ചില മർഗ്ഗങ്ങൾ

താമസസ്ഥലത്തിന് സമീപത്തുള്ള സൂപ്പർമാർക്കറ്റും ബേക്കറിയും എവിടെയാണെന്നത് ഹോട്ടൽ മാനേജറിൽ നിന്നും അറിയുക. സൂപ്പർ മാർക്കറ്റിൽ നിന്നും പഴവർഗ്ഗങ്ങൾ, തൈര്, കോഴിമുട്ട, സാലഡ്, ചീസ്, റൊട്ടി, കാപ്പി പൊടി, പഞ്ചസാര, പച്ചക്കറികൾ തുടങ്ങി നിരവധി വസ്തുക്കൾ വാങ്ങാം. പതിനെട്ട് വയസിന് മുകളിലുള്ള ആർക്കും വിവിധ തരം മദ്യങ്ങൾ, വൈനുകൾ ബിയറുകൾ തുടങ്ങിയവ സൂപ്പർ മാർക്കറ്റിൽ നിന്നു വാങ്ങാം. ബേക്കറിയിൽ നിന്നും വിവിധ തരത്തിലുള്ള റൊട്ടികൾ, ബിസ്ക്കറ്റുകൾ മധുര പലഹാരങ്ങൾ എന്നിവയും വാങ്ങാം.

യാത്രക്കു് മുൻപായി സന്ദർശിക്കുവാൻ തീരുമാനിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ റൊട്ടി, ചീസ് എന്നിവയെക്കുറിച്ചൊരു ഓൺലൈൻ പരിശോധന സഹായകരമാണ്. നാട്ടിൽ ലഭിക്കുന്ന റൊട്ടികളിൽ നിന്നും ഏറെ വ്യത്യസ്ഥമായ റൊട്ടികളാണ് യൂറോപ്പിൽ ലഭിക്കുക. അതുപോലെ വിവിധ തരത്തിലുള്ള ചീസുകളും ഇന്ത്യക്കാരനെ ആശയക്കുഴപ്പത്തിലാക്കുവാൻ സാധ്യതയുണ്ടു്.

ഫ്ലാറ്റ് വാടകക്ക് എടുക്കുമ്പോൾ ഫ്രിഡ്ജും അടുക്കള സൗകര്യവും ലഭിക്കുന്നതിനാൽ റെസ്റ്റോറൻ്റിലെ ഭാരിച്ച ഭക്ഷണ ചെലവുകൾ വളരെയേറെ നിയന്ത്രിക്കുന്നതാണ്. അവശ്യ മരുന്നുകൾ കൈവശം കരുതുന്നത് നല്ലതാണ്.

എയർപോർട്ടിൽ നിന്നു നഗരങ്ങളിലേക്കുള്ള യാത്രക്ക് മെട്രൊ സേവനം വിനിയോഗിച്ചാൽ അമിതമായ ടാക്സി ചാർജ്ജ് ഒഴിവാക്കാം. യൂറോപ്പ് സന്ദർശിച്ച സുഹൃത്തുക്കളിൽ നിന്നും അവരുടെ അനുഭവങ്ങൾ ആരായുന്നത് കൂടുതൽ സഹായകരമാണു്.

 

ജോൺസ് മാത്യു


Comments

Popular posts from this blog

ചിദംബര കാഴ്ച്ചകൾ

കെനിയ - ടാൻസാനിയ ഡയറി

ദി ഇൻഫേമസ് മലാന